bncmalayalam.in

കാസർഗോഡ് പോക്സോ കേസ്: പിതാവിനെ കുടുക്കിയത് സ്നേഹ മെർലിൻ; ഒടുവിൽ സത്യം വെളിപ്പെടുത്തി അതിജീവിത; മാതാവിന്റെ ലഹരിക്കേസിന് പിന്നിലും വൻ ചതി?

318: കാസർഗോഡ് പോക്സോ കേസ്: പിതാവിനെ കുടുക്കിയത് സ്നേഹ മെർലിൻ; ഒടുവിൽ സത്യം വെളിപ്പെടുത്തി അതിജീവിത; മാതാവിന്റെ ലഹരിക്കേസിന് പിന്നിലും വൻ ചതി?

കാസർഗോഡ് പോക്സോ കേസ്: പിതാവിനെ കുടുക്കിയത് സ്നേഹ മെർലിൻ; ഒടുവിൽ സത്യം വെളിപ്പെടുത്തി അതിജീവിത; മാതാവിന്റെ ലഹരിക്കേസിന് പിന്നിലും വൻ ചതി?

കാസർഗോഡ്: പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പിതാവ് പൂർണ്ണമായും നിരപരാധിയാണെന്ന് വെളിപ്പെടുത്തി അതിജീവിതയായ പതിനാറുകാരി. തങ്ങളുടെ കുടുംബത്തെ തകർക്കാൻ സ്നേഹ മെർലിൻ എന്ന യുവതി ആസൂത്രണം ചെയ്ത കള്ളക്കേസാണിതെന്നും, തന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് പറയിപ്പിച്ചതാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിയുടെ പുതിയ മൊഴി.

കേസിൽ തന്നെ പീഡിപ്പിച്ചത് പിതാവല്ല, സ്നേഹ മെർലിൻ ആണെന്ന നിർണായക വെളിപ്പെടുത്തലും പെൺകുട്ടി നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര മാസത്തെ കൗൺസിലിംഗിന് ശേഷം മാനസികമായി ഫ്രീയായപ്പോഴാണ് അതിജീവിത ചൈൽഡ് ലൈൻ അധികൃതർക്ക് മുന്നിൽ യഥാർത്ഥ വിവരങ്ങൾ തുറന്നുപറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്നേഹ മർലിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്

മാതാവിന്റെ ലഹരിക്കേസും സ്നേഹ മെർലിന്റെ കടന്നുകയറ്റവും

ലഹരിക്കേസിൽ അകപ്പെട്ട് കണ്ണൂർ ജയിലിൽ കഴിഞ്ഞിരുന്ന അതിജീവിതയുടെ അമ്മയുമായുള്ള പരിചയമാണ് സ്നേഹ മെർലിനെ ഈ കുടുംബത്തിലേക്ക് എത്തിക്കുന്നത്. മാതാവ് ലഹരി കേസിൽ അകപ്പെട്ടതിന് പിന്നിലും മറ്റൊരു ചതിയുടെ കഥയുണ്ട്. സഹോദരനോടൊപ്പം മൈസൂറിൽ വിനോദയാത്രയ്ക്ക് പോയി തിരിച്ചു വരുന്ന വഴിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടുന്നത്. പ്രസ്തുത സമയത്ത് സഹോദരന്റെ ഭാര്യയും, സഹോദരിയും (അതിജീവിതയുടെ മാതാവ്), ഒരു കുട്ടിയും, കൂടാതെ സഹോദരന്റെ സുഹൃത്തായ മറ്റൊരു വ്യക്തിയുമാണ് കാറിലുണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന സഹോദരന്റെ സുഹൃത്തിന്റെതായിരുന്നു മയക്കുമരുന്ന് , എന്നാൽ ഈ വിവരം സഹോദരന് കൃത്യമായി അറിയമായിരുന്നു , പക്ഷേ പിടിക്കപ്പെട്ടപ്പോൾ എല്ലാവരും പ്രതികളായി മാറി ,

കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയൊഴികെ കാറിലുണ്ടായിരുന്ന എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ അകപ്പെട്ട് അതിജീവിതയുടെ മാതാവ് കണ്ണൂർ ജയിലിൽ കഴിയുന്ന സമയത്താണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്നേഹ മെർലിൻ തന്ത്രപൂർവ്വം ജയിലിൽ വെച്ച് ഇവരെ പാട്ടിലാക്കുന്നത്. താനൊരു കള്ളക്കേസിൽ പെട്ട് അകത്ത് വന്നതാണെന്ന് വിശ്വസിപ്പിച്ച മെർലിൻ, മാതാവ് വഴി ഈ കുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്തു.

തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മെർലിൻ ഇവരോടൊപ്പം കൂടുകയായിരുന്നു. ജാമ്യവ്യവസ്ഥകളുടെ ഭാഗമായി ജില്ല വിട്ടു നിൽക്കണമെന്ന വ്യാജേന ഇവർ കാസർകോട്ടെ ഈ വീട്ടിൽ താമസം ഉറപ്പിച്ചു. അവിടെ താമസം ആരംഭിച്ചതിന് ശേഷമാണ്, കുട്ടികളിൽ നിന്ന് സവർഗ അനുരാഗം കണ്ടെത്തുന്നതിനായി മെർലിൻ പെൺകുട്ടികളെ സ്വാധീനിക്കാൻ തുടങ്ങിയത്. ഈ മയക്കുമരുന്ന് കേസ് സംഭവിക്കുമ്പോൾ പെൺകുട്ടിയുടെ പിതാവ് വിദേശത്തായിരുന്നു. വിവരമറിഞ്ഞാണ് ഇദ്ദേഹം നാട്ടിലെത്തുന്നത്.

ഫോൺ പിടിച്ചെടുത്തതിലുള്ള വൈരാഗ്യം; ഒടുവിൽ എലിവിഷം നൽകി ആത്മഹത്യാ നാടകം

വീട്ടിലെ മൂന്ന് പെൺകുട്ടികളിൽ മൂത്ത രണ്ടുപേർക്കും സ്നേഹ മെർലിൻ രഹസ്യമായി മൊബൈൽ ഫോണുകൾ വാങ്ങി നൽകിയിരുന്നു. കുട്ടികളെ പൂർണ്ണമായും തന്റെ നിയന്ത്രണത്തിലാക്കിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും സ്നേഹ മെർലിനെ വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തു.

ഇതിലുള്ള വൈരാഗ്യത്താൽ പിതാവിനെ ഭയപ്പെടുത്തി ഫോൺ തിരികെ വാങ്ങാനായി മൂത്ത കുട്ടിയെക്കൊണ്ട് എലിവിഷം കഴിപ്പിച്ച് ആത്മഹത്യാ നാടകം കളിപ്പിക്കാൻ സ്നേഹ മെർലിൻ പ്രേരിപ്പിച്ചു. ചട്ടഞ്ചാലിലെ ‘കേറി ഫ്രഷ്’ കടയിൽ നിന്നും വിഷം വാങ്ങി നൽകിയതും സ്നേഹയായിരുന്നു. തുടർന്ന് കുട്ടി രണ്ടുദിവസത്തോളം ഐ.സി.യു വിൽ കഴിയേണ്ടി വന്നെങ്കിലും, ഇതെല്ലാം സ്നേഹയുടെ തിരക്കഥയുടെ ഭാഗമാണെന്ന് പിതാവ് അറിഞ്ഞിരുന്നില്ല.

സ്കൂൾ കേന്ദ്രീകരിച്ച് തിരക്കഥ; നാടകീയ അറസ്റ്റ്

തുടർന്ന് രണ്ടാമത്തെ പെൺകുട്ടിയെ (അതിജീവിത) പൂർണ്ണമായും സ്വാധീനിച്ച യുവതി, കുട്ടിയെ സ്കൂളിൽ പോകുന്ന വഴിയിലും നേരിട്ടും കണ്ട്, തന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ട പിതാവിനെതിരെ കള്ളപ്പരാതി നൽകാൻ പദ്ധതി തയ്യാറാക്കി. സ്കൂളിലെ ഒരു അധ്യാപിക വഴി കുട്ടി പീഡിപ്പിക്കപ്പെടുന്നു എന്ന വിവരം കൈമാറിയാണ് മെർലിൻ തന്റെ പ്ലാൻ നടപ്പിലാക്കിയത്. സ്കൂളിൽ കൗൺസിലിംഗിന് വിധേയമാക്കിയ പെൺകുട്ടിയെക്കൊണ്ട് പിതാവിനെതിരെ വ്യാജ പരാതി ഉന്നയിപ്പിച്ചു.

സ്കൂൾ അടയ്ക്കുന്നതിന്റെ തലേദിവസം അരങ്ങേറിയ നാടകീയ നീക്കങ്ങൾക്കൊടുവിൽ, മാർച്ച് 30-നാണ് മേൽപ്പറമ്പ് പോലീസ് അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെ സ്കൂളിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മകളെ ആരോ സ്വാധീനിച്ച് പറയിപ്പിച്ചതാണെന്നും പിതാവ് തുടക്കം മുതൽ പോലീസിനോട് പറഞ്ഞിരുന്നെങ്കിലും അധികൃതർ അത് വിശ്വാസത്തിലെടുത്തില്ല. പരാതി നൽകുന്ന ദിവസവും, പിതാവിനെ അറസ്റ്റ് ചെയ്ത പോലീസ് സ്റ്റേഷൻ പരിസരത്തും സ്നേഹ മെർലിൻ ആർക്കും സംശയം തോന്നാത്ത രീതിയിൽ ചുറ്റിപ്പറ്റി നിന്നിരുന്നു. ഇതോടെയാണ് ഈ വ്യാജ പരാതിക്ക് പിന്നിൽ മെർലിൻ ആണെന്ന് കുടുംബത്തിന് സംശയം ഉടലെടുത്തത്.

പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

തന്റെ കുടുംബത്തെ സ്നേഹ മെർലിൻ ചൂഷണം ചെയ്യുന്നതായും കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി വഴിതെറ്റിക്കുന്നതായും കാണിച്ച് പോക്സോ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്യുന്നതിന് നാല് ദിവസം മുൻപ് (മാർച്ച് 26) പിതാവ് മേൽപ്പറമ്പ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. എന്നാൽ അവിടുത്തെ സബ് ഇൻസ്പെക്ടർ (SI) സ്നേഹ മെർലിനെ സംരക്ഷിക്കുന്ന രീതിയിലാണ് പെരുമാറിയതെന്നും, പരാതി വാങ്ങി വെച്ചെങ്കിലും റെസീപ്റ്റ് നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് എസ്.പി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയ ശേഷമാണ് മുൻപ് നൽകിയ പരാതിയുടെ റെസീപ്റ്റ് പോലും നൽകാൻ പോലീസ് തയ്യാറായതെന്നും, അതിൽ തീയതികളിൽ തിരിമറി നടത്തിയതായും ബന്ധുക്കൾ പറയുന്നു.

പിതാവിന്റെ അറസ്റ്റിനുശേഷം ഈ കേസിൽ മെർലിനെക്കൂടി അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കുടുംബം കൃത്യമായി പരാതി നൽകിയിരുന്നെങ്കിലും പോലീസ് അത് ഗൗരവത്തിൽ എടുത്തില്ല.

ശാസ്ത്രീയ തെളിവുകളും വെളിപ്പെടുത്തലുകളും

പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന സമയത്ത് സ്നേഹ മെർലിൻ നിരന്തരം കുട്ടിയെ സന്ദർശിക്കാൻ ശ്രമിക്കുകയും കുട്ടിയെ തന്നോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനും മുഖ്യമന്ത്രിക്കുമൊക്കെ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിൽ സംശയം തോന്നിയ അധികൃതർ കുട്ടിയെ വീണ്ടും വിശദമായ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സത്യം പുറത്തുവന്നത്.

കൂടാതെ, കേസിലെ മെഡിക്കൽ റിപ്പോർട്ടിലും ഒരു പുരുഷൻ പീഡിപ്പിച്ച രീതിയിലുള്ള പരിക്കുകളായിരുന്നില്ല രേഖപ്പെടുത്തിയിരുന്നത്. സമവർഗ ലൈംഗിക അതിക്രമങ്ങളിലൂടെ (സവർഗ അനുരാഗം) സംഭവിക്കാവുന്ന പരിക്കുകളാണ് കുട്ടിക്കുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സ്വന്തം പിതാവിന്റെ സഹോദരന്റെ മക്കളെ പീഡിപ്പിച്ച കേസിൽ നേരത്തെ കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിച്ച ആളാണ് സ്നേഹ മെർലിൻ. ഇവർ കടുത്ത സമവർഗ അനുരാഗിയാണെന്നും ഇരകളാക്കുന്ന കുട്ടികളെ വിട്ടുനൽകാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും വ്യക്തമായിട്ടുണ്ട്.

മാധ്യമങ്ങൾക്കും പറ്റിയ അമളി; ഇനി എന്ത്?

കാസർകോട് നഗരത്തിലെ ഒരു ഹോട്ടലിൽ 10 വർഷം തുടർച്ചയായും, തുടർന്ന് ദുബായിൽ 16 വർഷത്തിലേറെയായി സൂപ്പർമാർക്കറ്റിലും ജോലി ചെയ്തുവരുന്ന, പറയത്തക്ക സൗഹൃദബന്ധങ്ങളോ നിയമപരമായ പരിജ്ഞാനമോ ഇല്ലാത്ത ഒരു സാധാരണ പ്രവാസിയാണ് പെൺകുട്ടിയുടെ പിതാവ്. കുടുംബത്തെ അതീവ ഗൗരവത്തോടെ കണ്ടിരുന്ന ഈ പിതാവ് ഭാര്യ ലഹരിക്കേസിൽ പെട്ടതോടെയാണ് നാട്ടിലെത്തിയത്. അറിയാത്ത കുറ്റകൃത്യത്തിന്റെ ഭാഗമാകേണ്ടി വന്ന മാതാവും, ഒരു സവർഗ അനുരാഗിയുടെ ക്രൂരമായ തിരക്കഥയിൽ പിതാവും ഇവിടെ ഒരേപോലെ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.

മറ്റൊരു വസ്തുത, കുട്ടിയുടെ മാതാവ് അറിഞ്ഞുകൊണ്ടാണ് മെർലിൻ കുട്ടിയെ പീഡിപ്പിച്ചത് എന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മൊഴിയും പോലീസിന് ലഭിച്ചിട്ടില്ല. ഇതും ഒരു വലിയ തിരക്കഥയുടെ ഭാഗം മാത്രമാണ്. ആദ്യഘട്ടത്തിൽ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ഈ വ്യാജ തിരക്കഥ വിശ്വസിച്ചുപോയി എന്നതാണ് യാഥാർത്ഥ്യം.

പെൺകുട്ടിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയായ പിതാവിന് എത്രയും വേഗം ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. എന്നാൽ പോലീസിനുണ്ടായ ഈ വലിയ നാണക്കേടിൽ നിന്നും അധികൃതർ എങ്ങനെ കരകയറുമെന്നാണ് ഇനി കണ്ടറിയേണ്ട കാഴ്ച. വരുംദിവസങ്ങളിൽ ഈയൊരു സംഭവം കേരളം ചർച്ച ചെയ്യുകയാണെങ്കിൽ, ഒരു പിതാവിനും മാതാവിനും ഒരുപക്ഷേ അവരുടെ തകർന്ന ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചേക്കും. ഈ കുടുംബത്തിന് സംഭവിച്ച വിവരങ്ങൾ ഈ നാട് ചർച്ച ചെയ്യണമെങ്കിൽ നിങ്ങളുടെ പിന്തുണ ഉണ്ടായ മതിയാകു..

അന്വേഷണാത്മകമായ വാർത്ത തയ്യാറാക്കിയത് ബുർഹാൻ തളങ്കര

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *