കുറ്റ്യാടിയിൽ പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ലഹരിസംഘത്തിന്റെ അതിസാഹസിക പാച്ചിൽ; യുവാവും യുവതിയും പിടിയിൽ
കുറ്റ്യാടി: രണ്ട് ദിവസം മുമ്പ് ഓട്ടോ ഇടിച്ച് ഒരാളെ പരിക്കേൽപ്പിച്ച വാഹനത്തെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണത്തിനിടെയാണ് കുറ്റ്യാടിയിൽ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന സംഘത്തിലെ യുവാവും യുവതിയും പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ പിടിയിലായി.
വാഹനം കണ്ടെത്താനായി പോലീസ് പിന്തുടരുന്നതിനിടെ കാർ കാക്കുമനി, ആയഞ്ചേരി മേഖലകളിലൂടെ അതിവേഗത്തിൽ പാഞ്ഞ് നിരവധി വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. തുടർന്ന് വടയം ഭാഗത്തെ ഒഴിഞ്ഞ ഗ്രൗണ്ടിൽ കാർ ഉപേക്ഷിച്ച സംഘം രക്ഷപ്പെടാൻ ശ്രമിച്ചു.

ഇതിനിടെ വാഹനത്തിൽ ഉണ്ടായിരുന്ന വളയം മാമുണ്ടേരി ചാമിലെ അജ്‌മലും ഒപ്പമുണ്ടായിരുന്ന യുവതിയും മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പോലീസും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആംബുലൻസിൽ ഉൾപ്പെടെ പിന്തുടർന്ന് നടത്തിയ സാഹസിക നീക്കത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.
പിടിയിലായവരിൽ നിന്ന് എംഡിഎംഎ (MDMA) തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ് ഉൾപ്പെടെയുള്ള സാമഗ്രികൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ലഹരി വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പിടികൂടിയ സംഘത്തിന് നാട്ടുകാർ നന്നായി സൽക്കരിച്ചാണ് പോലീസിനോടൊപ്പം വിട്ടത്. നാട്ടുകാർ നിയന്ത്രിക്കാൻ പോലീസുകാർ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
kuttyadi-drug-gang-chase-youth-and-woman-caught
ആഭ്യന്തര മന്ത്രിയുടെ കർശന നിർദേശപ്രകാരം സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ നടപടി ശക്തമായി തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ജനങ്ങളുടെ സഹകരണം ലഭിക്കുന്നതിനാൽ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ലഭിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/share/v/1PFiYCQpya/
പോലീസിനൊപ്പം നാട്ടുകാരും കൈകോർത്തതോടെയാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ കഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.



