കാസർകോട് കണ്ണംകുളത്ത് ‘സെക്യുലർ’ മൗലവിയുടെ ഓഫർ മഴ; ഒടുവിൽ മുട്ട പുഴുങ്ങി തിന്നലോടുകൂടി ബാധ ഒഴിയും.
കാസർഗോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കണ്ണംകുളം എന്ന കൊച്ചുപ്രദേശത്തെ പള്ളിവക ക്വാട്ടേഴ്സിലാണ് കഥാപാത്രം ഒരുങ്ങിയിരിക്കുന്നത്. നായകൻ വേറാരുമല്ല, സാക്ഷാൽ ഉസ്മാൻ ജി മൗലവി! പേരിൽ മാത്രമാണ് മൗലവിയുള്ളത്, ആളെ കണ്ടാലും മാന്ത്രിക കോട്ടേഴ്സ് കണ്ടാലും മതേതരത്വത്തിന്റെ ഒരു കുഞ്ഞു പതിപ്പാണ്. ഒരു വശത്ത് തൊപ്പി വെച്ച് ജി മൊയിലവി ഇരിക്കുമ്പോൾ, ഭിത്തി നിറയെ ഹൈന്ദവ ദേവന്മാരുടെ ചിത്രങ്ങളാണ് പ്രഭ ചൊരിഞ്ഞുനിൽക്കുന്നത്. ചുരുക്കത്തിൽ, മതേതര ഐക്യം എന്താണെന്ന് പഠിക്കാൻ ഇനി വേറെങ്ങും പോകണ്ട, നേരെ കണ്ണംകുളത്തെ ഈ ഡിജിറ്റൽ യുഗ മന്ത്രവാദിയുടെ അടുത്തേക്ക് വണ്ടികയറിയാൽ മതിയാകും.

ദൂരദേശങ്ങളിൽ നിന്ന് കേട്ടറിഞ്ഞ് എത്തുന്ന നിഷ്കളങ്കരായ വിശ്വാസികളാണ് ഈ വൻ തട്ടിപ്പിന് ഇരയാകുന്നത്. കൺസൾട്ടിംഗ് ഫീസ് വെറും 250 രൂപയാണെങ്കിലും, ആൾക്കാരെ വീഴ്ത്താൻ അമാവാസി രാവുകളിൽ മാത്രം ഉദിക്കുന്ന പ്രത്യേക മാന്ത്രിക സംഖ്യാ ഓഫറുകളാണ് പുള്ളിക്കാരൻ ഒരുക്കിവെച്ചിരിക്കുന്നത്. മറ്റുള്ളവരെ നശിപ്പിക്കാൻ ദുർമന്ത്രവാദം ചെയ്യാൻ വെറും 3333 രൂപ കൊടുത്താൽ മതി! എന്നാൽ സിഹ്ർ അല്ലെങ്കിൽ പ്രേതബാധ മാറ്റണമെങ്കിൽ കഥ മാറും. സിഹ്ർ( കൂടോത്രം) മാറ്റാൻ 4444 രൂപയും, പ്രേതബാധ ഒഴിപ്പിക്കാൻ 5555 രൂപയുമാണ് നിരക്ക്. (പ്രേതത്തിന്റെ ശക്തി അറിഞ്ഞ് മാന്ത്രിക സംഖ്യ മാറിമറിയും) ഇനി അതല്ല, കാമുകിയെയോ കാമുകനെയോ സ്വന്തമാക്കാൻ പ്രണയസാഫല്യം വേണമെങ്കിൽ 6666 രൂപയും, ആളുകളെ സ്വന്തം കയ്യിലാക്കാനുള്ള അൾട്ടിമേറ്റ് പാക്കേജായ വശീകരണത്തിന് 9999 രൂപയും എണ്ണിയെണ്ണികൊടുക്കണം. ഇതുകൂടാതെ ചില്ലറ ആവശ്യങ്ങൾക്ക് 333 രൂപ മുതലുള്ള മിനി പാക്കേജുകൾ വേറെയുമുണ്ട്.

ഈ ആത്മീയ ബിസിനസ്സിലെ ഏറ്റവും പ്രധാനപ്പെട്ട ‘ടെക്നോളജി’ കോഴിമുട്ടയാണ്. പ്രശ്നക്കാരായ ആളുകൾ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് മുട്ടയുമായി വേണം സന്നിധിയിൽ ഹാജരാകാൻ. ശരീരത്തിലെ ബാധയും കുഞ്ഞു പ്രേതങ്ങളെയുമെല്ലാം ഈ മുട്ടയിലേക്ക് മന്ത്രം ചൊല്ലി ആവാഹിക്കുമത്രേ! അതിനുശേഷം ഈ ശാപമുട്ടകൾ ആരും കാണാതെ നശിപ്പിച്ചു കളയുമെന്നാണ് ഇയാൾ വിശ്വാസികളെ ധരിപ്പിക്കുന്നത്. എന്നാൽ കഥയിലെ യഥാർത്ഥ ട്വിസ്റ്റ് കിടക്കുന്നത് ഇവിടെയാണ്; ആവാഹിച്ചു കഴിഞ്ഞാൽ ഈ മുട്ടകളെല്ലാം മൗലവിയുടെ അടുക്കളയിലേക്ക് പോകും. രാത്രിയാകുമ്പോൾ മന്ത്രവാദിയും കുടുംബവും ചേർന്ന് ബാധ കയറിയ മുട്ടകൾ പുഴുങ്ങി തിന്ന് പ്രോട്ടീൻ റിച്ച് ഡയറ്റ് അടിക്കുകയാണ് പതിവ്! മറ്റുള്ളവരുടെ ദുരിതം മാറ്റാൻ വന്നവർ കൊടുക്കുന്ന മുട്ട കൊണ്ട് മൗലവിയുടെ വീട്ടുകാർ ഉഷാറായി ജീവിക്കുന്നു എന്ന് ചുരുക്കം.

ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ബാധയിറക്കലിന്റെ പ്രധാന കലാപരിപാടികൾ. ചൊവ്വാഴ്ച പ്രേതങ്ങളെ ശരീരത്തിൽ നിന്ന് ആവാഹിച്ചിറക്കുമ്പോൾ, വ്യാഴാഴ്ച കൊടിമരവും തൊട്ടിലും പച്ച തോരണങ്ങളും നിറഞ്ഞ മുറിയിൽ ഇരുട്ടാക്കുന്നതോടുകൂടി അദൃശ്യ ശക്തിയെ തൻറെ ശരീരത്തിലേക്ക് ആവാഹിച്ച് മറ്റൊരു ശബ്ദത്തിൽ മൗലവി തന്നെ മറ്റൊരാളായി മാറി അഭിനയിച്ച് തകർക്കും.
ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് നിന്ന് പാതിരാത്രി മൂന്നു മണിക്ക് അദൃശ്യ ശക്തികളെ കാണാൻ എത്തിയ ഒരു കുടുംബത്തെ നാട്ടുകാർ തടഞ്ഞപ്പോൾ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കള്ളന്മാരാണെന്ന് കരുതി ചോദ്യം ചെയ്ത നാട്ടുകാരനായ ഒരു കക്ഷിയോട്, “ശരീരത്തിലെ ബാധ പോണമെങ്കിൽ അർദ്ധരാത്രി 3 മണിക്ക് തന്നെ മൗലവിയെ കാണണം” എന്ന് ഇവർ ഗൗരവത്തിൽ പറഞ്ഞതോടെ ചോദ്യം ചോദിച്ച ആൾക്ക് ചിരി അടക്കാനായില്ല. തട്ടിപ്പാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിട്ടും ബാധ മാറ്റിയേ അടങ്ങൂ എന്ന് പറഞ്ഞ് വന്നവർ ഒരേ പിടിവാശിയിലായിരുന്നു.
65 വയസ്സോളം പ്രായമുള്ള ഈ പൂജാരി-മൗലവിയെ മുൻപും പല സ്ഥലങ്ങളിൽ നിന്നും നാട്ടുകാർ തല്ലിയോടിച്ച ചരിത്രമുണ്ട്. മംഗലാപുരത്തുനിന്ന് കല്യാണം കഴിച്ച് കുട്ടികളും പേരക്കുട്ടികളുമായ ശേഷം അവരെ ഉപേക്ഷിച്ചാണ് കക്ഷി ഇവിടെ ക്യാമ്പ് അടിച്ചിരിക്കുന്നത്. നിലവിൽ പുതിയൊരു ഭാര്യയും നാലു മക്കളുമായി മാന്ത്രിക വിദ്യകളൊക്കെ പുറത്തെടുത്ത് വാഴുന്ന ഈ മതേതര വ്യാജ-മന്ത്രവാദിയുടെ ‘മുട്ട പ്രോട്ടീൻ’ തട്ടിപ്പ് എന്നാണോ ബേക്കൽ പോലീസ് പൂട്ടിക്കെട്ടുന്നത്, അന്ന് മാത്രമേ കണ്ണംകുളത്തുകാർക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയൂ.
ഇയാൾക്കെതിരെ ബേക്കൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് പോലീസ് എത്തി അന്വേഷിച്ചു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പരാതി നൽകിയ ആൾ മുട്ടയെ പോലെ ആകും എന്നാണ് ഇയാൾ ശാപവാക്ക് ചൊരിഞ്ഞിരിക്കുന്നത്.
എന്തായാലും നമ്മുടെ വാർത്തയോടു കൂടി ഭിത്തിയിലെ ദൈവങ്ങൾ കാണാതാകുമോ എന്ന് കണ്ടറിയണം. മുസ്ലിം മതവിശ്വാസികളെ ആത്മീയ ചികിത്സയുടെ പേരിൽ ഇത്തരം തട്ടിപ്പ് നടത്തുന്ന വ്യാജ ദുർമന്ത്രവാദികൾ നാട്ടിൽ പെറ്റു പെരുകുകയാണ്. ഉശിരുള്ള നാട്ടുകാർ ഇത്തരം തട്ടിപ്പുകൾക്ക് തടയിടാറുണ്ടെങ്കിലും ചിലയിടങ്ങൾ ഇവർക്ക് ചാകരയും ആകാറുണ്ട്.



