bncmalayalam.in

സ്വാതന്ത്ര്യദിനാഘോഷത്തിന് കാസർകോട് ഒരുങ്ങി; ജില്ലാതല പരേഡിൽ മന്ത്രി കെ.എം. ഷാജി പതാക ഉയർത്തും

503: സ്വാതന്ത്ര്യദിനാഘോഷത്തിന് കാസർകോട് ഒരുങ്ങി; ജില്ലാതല പരേഡിൽ മന്ത്രി കെ.എം. ഷാജി പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷത്തിന് കാസർകോട് ഒരുങ്ങി; ജില്ലാതല പരേഡിൽ മന്ത്രി കെ.എം. ഷാജി പതാക ഉയർത്തും

കാസർകോട്: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കാസർകോട് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആഗസ്റ്റ് 15ന് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ സായുധ സേനകൾ, പോലീസ്, എക്സൈസ്, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ.സി.സി., സ്കൂൾ ബാൻഡ് വിഭാഗങ്ങൾ ഉൾപ്പെടെ 15 പ്ലാറ്റൂണുകൾ അണിനിരക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും ഓർമ പുതുക്കുന്ന ചടങ്ങിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

ജില്ലാ ആംഡ് റിസർവ് പോലീസ്, ലോക്കൽ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്. എന്നിവയുടെ പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസ്., ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ, ഉദിനൂർ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരേഡിന്റെ ഭാഗമാകും.

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, ചെമ്മനാട് ജി.എച്ച്.എസ്.എസ്., കാറഡുക്ക ജി.വി.എച്ച്.എസ്.എസ്., പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള എൻ.സി.സി. കേഡറ്റുകളും അണിനിരക്കും. പെരിയ ജവഹർ നവോദയ വിദ്യാലയ, ഉളിയത്തടുക്ക ജയ് മാതാ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ബാൻഡ് സെറ്റുകളും പരേഡിന് അകമ്പടിയേകും.

കാസർകോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിക്കും. എം.പി., എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സേനാ വിഭാഗങ്ങളിലെ പ്രതിനിധികൾ എന്നിവരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കും.

സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്നതിനായി പൊതുജനങ്ങളും വിദ്യാർഥികളും സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലെത്തണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.

അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ

ജില്ലാതല സ്വാതന്ത്ര്യദിന പരേഡിനുള്ള അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയം സന്ദർശിച്ചു. പരേഡ് നടക്കുന്ന വേദിയിലെ സുരക്ഷാ ക്രമീകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് ഒരുക്കങ്ങൾ എന്നിവ അദ്ദേഹം നേരിട്ട് വിലയിരുത്തി.

ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ്, എ.ഡി.എം. പി. ഉദയകുമാർ, തഹസിൽദാർ ബി. ശ്രീകുമാർ, ഡി.വൈ.എസ്.പി. ഉത്തംദാസ് എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെ ഉദ്യോഗസ്ഥരും ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷം സുരക്ഷിതവും സുഗമവുമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികളെ അനുസ്മരിച്ചും ദേശീയ ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുമാകും ജില്ലയിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം നടക്കുക.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *