‘ചാക്ക് തുന്നിക്കെട്ടും പോലെ മനുഷ്യശരീരം!’; ലേബർ റൂമിൽ പുരുഷന്മാർ, നിലവിളികളോട് കടുത്ത ക്രൂരത; കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗർഭിണികൾക്ക് നരകയാതന
കാസർഗോഡ്: ഒരു ജീവന് ജന്മം നൽകാൻ പ്രസവമുറിയിലേക്ക് കയറുന്ന ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് സുരക്ഷിതത്വവും അല്പം ആശ്വാസവുമാണ്. എന്നാൽ കാസർഗോഡ് ജനറൽ ആശുപത്രിയുടെ ലേബർ റൂമിലേക്ക് കാലെടുത്ത് വെക്കുന്ന പാവപ്പെട്ട ഗർഭിണികൾക്ക് നേരിടേണ്ടി വരുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ക്രൂരതയും കടുത്ത അവഗണനയുമെന്ന് ഗുരുതര വെളിപ്പെടുത്തൽ. സ്വന്തം വേദന പുറത്തുപറയാനാകാതെ കണ്ണീരൊഴുക്കുന്ന നൂറുകണക്കിന് സ്ത്രീകളുടെ ദയനീയാവസ്ഥ തുറന്നുകാട്ടി ഷുഹൈബ് എന്ന യുവാവാണ് രംഗത്തെത്തിയിരിക്കുന്നത്.

‘ചാക്ക് തുന്നുന്നത് പോലെയോ സ്ത്രീശരീരം?’
പ്രസവാനന്തര തുന്നിച്ചേർക്കലുകളിൽ ആശുപത്രിയിൽ നടക്കുന്നത് മനുഷ്യത്വരഹിതമായ ക്രൂരതയാണെന്ന് ഷുഹൈബ് ചൂണ്ടിക്കാട്ടുന്നു. പരിചയസമ്പന്നരായ വനിതാ ജീവനക്കാരെ ഒഴിവാക്കി, പുരുഷ ജീവനക്കാരെക്കൊണ്ടാണ് തുന്നിക്കെട്ടലുകൾ പലതും ചെയ്യിക്കുന്നത്. ഇവരുടെ പരീക്ഷണങ്ങളിൽ പിഴവ് സംഭവിക്കുകയും, പിന്നീട് റൗണ്ട്സിനെത്തുന്ന ഡോക്ടർമാർ ഇത് വെട്ടിമുറിച്ച് വീണ്ടും തുന്നിക്കെട്ടുകയും ചെയ്യുന്ന ഭീകരമായ അവസ്ഥയാണ് ഇവിടെയുള്ളത്. ഒരു ചാക്ക് തുന്നിക്കെട്ടുന്ന ലാഘവത്തോടെ, രോഗികളായ സ്ത്രീകളുടെ ശരീരം കീറിമുറിച്ച് വീണ്ടും തുന്നുന്ന കാഴ്ച ഏത് മനസ്സാക്ഷിയെയാണ് മരവിപ്പിക്കാത്തത്? ജീവന്റെ തുടിപ്പുമായി എത്തുന്ന ഒരു സ്ത്രീക്ക് ഇതിലും വലിയൊരു നരകയാതന അനുഭവിക്കാനുണ്ടോ?
മാനവും സ്വകാര്യതയും കാറ്റിൽപ്പറത്തി ലേബർ റൂമിൽ പുരുഷന്മാർ
ഒരു സ്ത്രീ ഏറ്റവും കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്ന ഇടമാണ് ലേബർ റൂം. വനിതാ നഴ്സുമാരും ഡോക്ടർമാരും സേവനമനുഷ്ഠിക്കേണ്ടിടത്ത് പുരുഷന്മാരെ സഹായികളായി നിർത്തി സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയാണ് ആശുപത്രി അധികൃതർ. അത്യന്തം വേദനാജനകമായ നിമിഷങ്ങളിൽ, ആത്മാഭിമാനം പോലും അടിയറവ് വെക്കേണ്ടി വരുന്ന സ്ത്രീകളുടെ നിസ്സഹായാവസ്ഥ ആരും ചോദിക്കാനില്ലാത്തതുകൊണ്ടാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
മണിക്കൂറുകളോളം ക്യൂ; കാത്തിരിപ്പ് ഒരൊറ്റ ഡോക്ടർക്കായി!
നൂറുകണക്കിന് ഗർഭിണികൾ എത്തുന്ന ആശുപത്രിയിൽ പരിശോധന നടത്താൻ ഒരൊറ്റ ഡോക്ടർ മാത്രമാണ് ഉള്ളത്. വലിയ വയറുമായി, ഒരടി നടക്കാൻ പോലും പ്രയാസപ്പെടുന്ന പാവപ്പെട്ട സ്ത്രീകൾ മണിക്കൂറുകളോളമാണ് ഒരു ടോക്കണിനായി വരിനിൽക്കുന്നത്. ഒടുവിൽ ടോക്കൺ കിട്ടാതെ ആഴ്ചകളോളം പരിശോധന മുടങ്ങി കണ്ണീരോടെ മടങ്ങേണ്ടി വരുന്ന അനുഭവങ്ങൾ നിരവധിയാണ്.
സ്വകാര്യ ആശുപത്രികളിലെ ലക്ഷങ്ങളുടെ ബിൽ പേടിച്ച്, ഗതികെട്ടാണ് സാധാരണക്കാരായ അമ്മമാർ സർക്കാർ ആശുപത്രിയിലേക്ക് ഓടിയെത്തുന്നത്. എന്നാൽ അവരെ കാത്തിരിക്കുന്നത് ഈ കടുത്ത അവഗണനയും വേദനയുമാണ്. പ്രതികരിച്ചാൽ ചികിത്സ നിഷേധിക്കപ്പെടുമോ എന്ന ഭയത്താൽ എല്ലാം ഉള്ളിലൊതുക്കി സഹിക്കുകയാണ് അവർ. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവനും മാനത്തിനും പുല്ലുവില കൽപ്പിക്കുന്ന കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഈ നരകയാതനയ്ക്ക് നേരെ ആരോഗ്യവകുപ്പും അധികാരികളും ഇനിയെങ്കിലും കണ്ണ് തുറക്കുമോ? അതോ നിസ്സഹായരായ സ്ത്രീകളുടെ ഈ നിലവിളികൾ അധികാരികളുടെ ചെവികളിൽ എത്താതിരിക്കുമോ? പ്രതിഷേധം ശക്തമാവുകയാണ്.



