bncmalayalam.in

ബസ് ജീവനക്കാരുടെ തോന്ന്യാസത്തിന് ആർ.ടി.ഒയുടെ പൂട്ട്; കണ്ടക്ടർക്ക് ‘പാഠം’ പഠിപ്പിച്ച് യാത്രക്കാരൻ, ഒടുവിൽ ഉപജീവനമോർത്ത് കാട്ടിയത് വലിയ മനസ്സ്

ബസ് ജീവനക്കാരുടെ തോന്ന്യാസത്തിന് ആർ.ടി.ഒയുടെ പൂട്ട്; കണ്ടക്ടർക്ക് ‘പാഠം’ പഠിപ്പിച്ച് യാത്രക്കാരൻ, ഒടുവിൽ ഉപജീവനമോർത്ത് കാട്ടിയത് വലിയ മനസ്സ്

​കാസർകോട്: നഗരത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ വഴിമധ്യേ ഇറക്കിവിട്ട് മടങ്ങുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവണതയ്ക്ക് മൂക്കുകയറിട്ട് ഒരു യാത്രക്കാരന്റെ ഉറച്ച നിലപാട്. ബസ് സ്റ്റാൻഡിൽ കയറാതെ റോഡരികിൽ ആളുകളെ ഇറക്കിവിട്ട കണ്ടക്ടറെ ചോദ്യം ചെയ്ത് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയ നിസാർ പെർവാഡ് എന്ന യാത്രക്കാരനാണ് സ്വകാര്യ ബസ് ജീവനക്കാർക്ക് കൃത്യമായ മുന്നറിയിപ്പും പാഠവും നൽകിയത്. എന്നാൽ ആർ.ടി.ഒ ഓഫീസിൽ ഉദ്യോഗസ്ഥർ കണ്ടക്ടർക്കെതിരെ കടുത്ത നടപടിയിലേക്ക് കടന്നപ്പോൾ പരാതിക്കാരൻ കാണിച്ച അസാധാരണമായ മഹാമനസ്കതയും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

​കഴിഞ്ഞയാഴ്ച ചെർക്കളയിൽ നിന്നും കാസർകോട്ടേക്ക് KL 44 C 6330 നമ്പർ ബസിൽ യാത്ര ചെയ്തതായിരുന്നു നിസാർ പെർവാഡ്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലായിരുന്നു അദ്ദേഹത്തിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ബസ് സ്റ്റാൻഡിലേക്ക് കയറാതെ, സ്മാർട്ട് ബസാറിന് സമീപമുള്ള റോഡരികിൽ നിർത്തി

“ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്, എല്ലാവരും ഇവിടെ ഇറങ്ങണം” എന്ന് കണ്ടക്ടർ നിർദേശിക്കുകയായിരുന്നു. യൂണിഫോം പോലും ധരിക്കാതെ ജോലി ചെയ്തിരുന്ന കണ്ടക്ടറുടെ ഈ അന്ത്യശാസനം കേട്ട് മറ്റു യാത്രക്കാർ നിശ്ശബ്ദം ഇറങ്ങിപ്പോയെങ്കിലും നിസാർ അതിന് തയ്യാറായില്ല.
​തനിക്ക് ഇറങ്ങേണ്ടത് അംഗീകൃത ബസ് സ്റ്റാൻഡിലാണെന്നും അങ്ങോട്ട് വണ്ടി എടുത്തേ മതിയാകൂ എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതോടെ, “ഇനി കറന്തക്കാട് പാർക്ക് ചെയ്യാൻ കൊണ്ടുപോകുകയാണ്, പറയുന്നിടത്ത് ഇറങ്ങിക്കോണം” എന്ന് പറഞ്ഞ് കണ്ടക്ടർ തർക്കത്തിലേർപ്പെടുകയും നിസാറിനെ അധിക്ഷേപിക്കുകയും ചെയ്തു. പരാതി നൽകുമെന്ന് അറിയിച്ചിട്ടും കണ്ടക്ടർ വഴങ്ങാതിരുന്നതോടെ നിസാർ ബസിന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. സംഗതി വശക്കേടാണെന്ന് മനസ്സിലാക്കിയ ഡ്രൈവർ ഒടുവിൽ ഇടപെട്ട് യാത്രക്കാരനെ ബസ് സ്റ്റാൻഡിന്റെ മറുവശത്ത് എത്തിച്ച് ഇറക്കുകയായിരുന്നു. ഡ്രൈവർ മാന്യമായി പെരുമാറിയെങ്കിലും തെറ്റ് ചെയ്ത കണ്ടക്ടർ ഒരു ക്ഷമാപണം നടത്താൻ പോലും തയ്യാറായില്ല.

​തുടർന്ന് നിസാർ പെർവാഡ് ഒട്ടും മടിക്കാതെ സംഭവം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിന് ഓൺലൈനായി പരാതി സമർപ്പിച്ചു. പരാതിയെത്തുടർന്ന് കാസർകോട് RTO ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (AMVI) ശ്രീ. വിജയൻ നിസാറിനെ ഫോണിൽ ബന്ധപ്പെട്ടു. കുറ്റക്കാരനായ കണ്ടക്ടറെ ഉദ്യോഗസ്ഥർ നേരിട്ട് ആർടിഒ (RTO) ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. യൂണിഫോം ധരിക്കാതെ ജോലി ചെയ്തതിനും, യാത്രക്കാരോട് മോശമായി പെരുമാറിയതിനും, നിശ്ചിത സ്റ്റോപ്പിൽ ബസ് കയറ്റാതിരുന്നതിനും കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളിലേക്ക് കടക്കുകയാണെന്ന് ഉദ്യോഗസ്ഥൻ നിസാറിനെ അറിയിച്ചു.
​തന്നോട് മോശമായി പെരുമാറിയ വ്യക്തിയാണെങ്കിലും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം അടഞ്ഞുപോകരുതെന്ന വലിയ മനസ്സ് ആ നിമിഷം നിസാർ പെർവാഡ് കാണിച്ചു.

“അയാളെക്കൊണ്ട് ജീവിക്കുന്ന ഒരു കുടുംബമുണ്ടാകും, ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന കടുത്ത നടപടി ഒഴിവാക്കിക്കൂടെ?” എന്ന് നിസാർ ഉദ്യോഗസ്ഥനോട് അപേക്ഷിക്കുകയായിരുന്നു.

അപമാനിക്കപ്പെട്ട നിമിഷത്തിലും പ്രതികാരബുദ്ധിയോടെയല്ല, മറിച്ച് സഹാനുഭൂതിയോടെ പെരുമാറിയ നിസാറിന്റെ ഈ നിലപാട് ആർടിഒ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തി.

kasaragod-bus-conductor-passenger-complaint-rto-action-nisar-perwad
​തുടർന്ന് ജീവനോപാധി തടസ്സപ്പെടുത്താത്ത രീതിയിൽ, ഇത്തരം നിയമലംഘനങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന ശക്തമായ താക്കീതും ലഘുശിക്ഷയും പിഴയും നൽകി കേസ് അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

ഒരു വ്യക്തിയെ ശിക്ഷിക്കുക എന്നതിലുപരി, കാസർകോട് നഗരത്തിൽ പതിവാകുന്ന ബസുകാരുടെ ക്രമക്കേടുകൾ അവസാനിപ്പിക്കുക എന്ന സന്ദേശമാണ് നിസാർ നൽകിയത്. പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ തിരക്കേറിയ റോഡരികിൽ ഇറക്കിവിടുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കുക എന്നത് ദയയല്ല, മറിച്ച് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ ഒറ്റയാൾ പോരാട്ടം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *