സൂരജിന്റെ നില അതീവ ഗുരുതരം
കാസർകോട്: ചില വാർത്തകൾ എഴുതുമ്പോൾ വാക്കുകൾ പോലും വിങ്ങിപ്പോകും. ചില ദുരന്തങ്ങൾ വിവരിക്കുമ്പോൾ മനസ്സ് പോലും കൈവിടും. കാഞ്ഞങ്ങാട് ദേശീയപാത 66-ൽ അയ്‌ങ്ങോത്ത് വെച്ച് ഉണ്ടായ ആ ഭീകര അപകടം ഇന്ന് ഒരു നാടിന്റെ ഹൃദയത്തിലാണ് മുറിവായി കിടക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതമാണ് ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞത്.
ഹൈവേ പെട്രോളിലെ പോലീസുകാരായ സൂരജും അലോഷ്യസ് മാത്യുവും ഇപ്പോൾ ആശുപത്രി കിടക്കയിൽ ജീവിതത്തോട് പോരാടുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മംഗളൂരുവിലെ ഡോ. ശാന്തറാം ഷെട്ടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജീവൻ രക്ഷിക്കാനും കാലുകൾ നിലനിർത്താനും ഡോക്ടർമാർ അവസാന നിമിഷം വരെ പൊരുതിയെങ്കിലും, വിധി മറ്റൊന്നായിരുന്നു.

ഇന്നലെ ജൂൺ 19-ന് രാവിലെ 9 മണിക്ക് ആരംഭിച്ച അതിസങ്കീർണ ശസ്ത്രക്രിയ വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. എട്ട് വിദഗ്ധ ഡോക്ടർമാരുടെ സംഘം മണിക്കൂറുകളോളം നീണ്ട പോരാട്ടം നടത്തി. ഓരോ നാഡിയും ഓരോ അസ്ഥിയും രക്ഷിക്കാൻ അവർ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരു ഹൃദയഭേദക തീരുമാനം എടുക്കേണ്ടിവന്നു. ഇരുവരുടെയും പൂർണ സമ്മതത്തോടെയാണ് ജീവൻ നിലനിർത്തുന്നതിനായി കാലുകൾ മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർബന്ധിതരായത്.
ഒരു പോലീസുകാരന് സ്വന്തം കാലുകൾ നഷ്ടപ്പെടുക എന്നത് ഒരു അവയവം നഷ്ടപ്പെടുന്നത് മാത്രമല്ല; തന്റെ ജീവിതരീതിയും സ്വപ്നങ്ങളും ദൈനംദിന ലോകവും ഒരൊറ്റ നിമിഷം കൊണ്ട് മാറിപ്പോകുന്നതാണ്. ആ യാഥാർത്ഥ്യം അംഗീകരിക്കേണ്ടി വന്ന നിമിഷം അവർക്കും കുടുംബങ്ങൾക്കും എത്രത്തോളം വേദനാജനകമായിരുന്നുവെന്ന് ചിന്തിക്കാൻ പോലും കഴിയില്ല.
ഇതിൽ ഏറ്റവും ആശങ്കാജനകമായത് സൂരജിന്റെ ആരോഗ്യനില തന്നെയാണ്. അദ്ദേഹത്തിന്റെ അവസ്ഥ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഒരു കാലിന് പുറമെ രണ്ടാമത്തെ കാലും നഷ്ടമാകാനുള്ള സാഹചര്യമുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ അതീവ ജാഗ്രതാ നിരീക്ഷണത്തിലാണ്. ഓരോ മണിക്കൂറും നിർണായകമായ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്.
ആശുപത്രിയിലെ കാഴ്ചകൾ ആരുടെയും ഹൃദയം തകർക്കുന്നതാണ്. അലോഷ്യസ് മാത്യുവിന്റെ ഭാര്യയും മകളും ആശുപത്രിക്ക് സമീപമുള്ള ഒരു ബഞ്ചിൽ ഇരുന്ന് കണ്ണീർ തുടയ്ക്കുന്ന ദൃശ്യം കണ്ടുനിന്നവരുടെ മനസ്സുകളെ പോലും വിങ്ങിച്ചുകളഞ്ഞു. എന്ത് പറയണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രി വരാന്തകളിൽ നിശബ്ദമായി നിൽക്കുകയാണ്.
ഇരുവരുടെയും അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ പി പി പ്രദീപ് കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിൽ തന്നെയുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിലും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിലും അദ്ദേഹം മുൻനിരയിലുണ്ട്. കാസർകോട് ഇൻസ്പെക്ടർ നളിനാക്ഷനും നിരവധി പോലീസ് ഉദ്യോഗസ്ഥരും തങ്ങളുടെ സഹപ്രവർത്തകരുടെ അവസ്ഥ അറിഞ്ഞയുടൻ ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസ് സേനയും സുഹൃത്തുക്കളും ചേർന്നാണ് ഏകോപിപ്പിച്ചുവരുന്നത്.
ശസ്ത്രക്രിയ നടക്കുന്ന സമയത്ത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് ആശ്വാസം പകരാൻ ലേഖകനും ആശുപത്രിയിൽ എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച എല്ലാവരുടെയും കണ്ണുകളിൽ പ്രാർത്ഥനയും ഹൃദയത്തിൽ വേദനയും മാത്രമായിരുന്നു.
ഈ വാർത്ത ആദ്യം പുറത്തുവിടാതിരിക്കാൻ ആഗ്രഹിച്ചവരുണ്ടായിരുന്നു. കാരണം ഇത് വെറും അപകടവാർത്തയല്ല; രണ്ട് കുടുംബങ്ങളുടെ ജീവിതം മാറിമറിഞ്ഞ കഥയാണ്. എന്നാൽ പ്രമുഖ മാധ്യമം വാർത്ത റിപ്പോർട്ട് ചെയ്തതോടെയും അപകടത്തിന്റെ യഥാർത്ഥ ഗൗരവം ജനങ്ങളെ അറിയിക്കുക എന്ന് ഉദ്ദേശത്തോടെയാണ് പൂർണമായ വിവരങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് .
അണുബാധ ഒഴിവാക്കുന്നതിനും പൂർണ വിശ്രമം ഉറപ്പാക്കുന്നതിനുമായി അടുത്ത മൂന്ന് ദിവസത്തേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അയ്‌ങ്ങോത്ത് ദേശീയപാതയിൽ ഈ ദാരുണ സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട മാരുതി ബലേനോ കാർ ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഡ്രൈവർ പെട്ടെന്ന് വിഭ്രാന്തിയിലായതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് കാസർകോട് മുഴുവൻ ഒരേ പ്രാർത്ഥനയിലാണ്. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി സ്വന്തം ജീവിതം പോലും പണയം വെച്ച് ജോലി ചെയ്ത രണ്ട് പോലീസുകാർക്ക് വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ.
നാടിന് കാവലിരിക്കെ കാലുകൾ നഷ്ടമായ ആ രണ്ട് മനുഷ്യർക്കായി… ഇന്ന് ഒരു ജില്ല മുഴുവൻ കണ്ണീരോടെയാണ് പ്രാർത്ഥിക്കുന്നത്.



