ഇടുക്കിയിൽ 18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മരണമുറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചു; 19-കാരൻ പിടിയിൽ
ഇടുക്കി: കേട്ടുകേൾവിയില്ലാത്ത കൊടുംക്രൂരതയുടെയും ഭീതിയുടെയും നടുക്കത്തിലാണ് ഹൈറേഞ്ച്. പ്രണയം നിരസിച്ചതിന്റെ പേരിൽ 18 വയസ്സുകാരിയായ പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് ചാമ്പലാക്കിയ പൈശാചിക സംഭവം പുറത്തുവന്നു. തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്തിനെ (19) പൊലീസ് അതിവേഗം വലയിലാക്കി.

കഴിഞ്ഞ ദിവസമാണ് പാമ്പ്ല ചെക്ക്പോസ്റ്റിന് സമീപത്തെ വിജനമായ പ്രദേശത്ത് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അസ്ഥികൾ മാത്രം അവശേഷിച്ച ഭയാനകമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ദുരൂഹതയുടെ ചുരുളഴിക്കാൻ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് നാടിനെ ഒന്നാകെ വിറപ്പിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ക്രൂരതയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന കൊലപാതക വിവരങ്ങളാണ് പുറത്തുവരുന്നത്. പെൺകുട്ടിയും നിഷാന്തും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ അടുത്തകാലത്തായി പെൺകുട്ടി ഈ ബന്ധത്തിൽ നിന്നും വിവാഹത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടിയെ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെയും തീർന്നില്ല പ്രതിയുടെ കണ്ണിൽച്ചോരയില്ലാത്ത പക. ജീവൻ പോയോ എന്ന് ഉറപ്പുവരുത്താനായി പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചുതകർത്തു. തിരിച്ചറിയാതിരിക്കാനും തെളിവ് നശിപ്പിക്കാനുമായി നേരത്തെ കരുതിയിരുന്ന പെട്രോൾ മൃതദേഹത്തിന് മീതെ ഒഴിച്ച് ആളിക്കത്തിക്കുകയായിരുന്നു. ഒരു ചെറുത്തുനിൽപ്പിന് പോലും ഇടനൽകാതെയാണ് ആ പാവം പെൺകുട്ടിയെ ഇയാൾ ഇല്ലായ്മ ചെയ്തത്.
സംഭവത്തിൽ രാജാക്കാട് സ്വദേശി നിഷാന്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലൂടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.



