bncmalayalam.in

വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം: തടയാനാകാതെ യു.ഡി.എഫ്; രാഷ്ട്രീയ കരുനീക്കങ്ങളുമായി മന്ത്രി റോജി എം. ജോൺ, മൗനം തുടർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്

320: വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം: തടയാനാകാതെ യു.ഡി.എഫ്; രാഷ്ട്രീയ കരുനീക്കങ്ങളുമായി മന്ത്രി റോജി എം. ജോൺ, മൗനം തുടർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ വിഴുങ്ങുന്ന രീതിയിൽ സംഘപരിവാർ വൽക്കരണം അതിവേഗം മുന്നേറുമ്പോൾ, അത് ഫലപ്രദമായി തടയാനാകാതെ യു.ഡി.എഫ് ഭരണകൂടം പതറുന്നു. സർവകലാശാലകളിൽ കാവി അജണ്ടകൾ ഒന്നിനുപിറകെ ഒന്നായി നടപ്പിലാക്കപ്പെടുമ്പോഴും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പുലർത്തുന്ന നിഗൂഢമായ മൗനം ഭരണമുന്നണിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പൊതുപരിപാടിയിൽ കേരളത്തിലെ പ്രമുഖ വൈസ് ചാൻസലർമാരായ മോഹനൻ കുന്നമ്മൽ, സി.ആർ. പ്രസാദ്, ഡി. മാവൂത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടും അടിയന്തരമായി പ്രതികരിക്കാൻ മന്ത്രി തയ്യാറായിട്ടില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശക്തമായ കാവിവൽക്കരണം നടക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷമായ സി.പി.എമ്മും ഇടതുപക്ഷവും സർക്കാരിനെതിരെ അതിശക്തമായ രാഷ്ട്രീയ ആക്രമണം അഴിച്ചുവിടുമ്പോഴാണ്, തൽക്കാലം പരസ്യ പ്രതികരണങ്ങൾക്കില്ലെന്ന നിലപാടിൽ മന്ത്രി ഉറച്ചുനിൽക്കുന്നത്. വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷമേ രാഷ്ട്രീയ നിലപാട് വ്യക്തമാക്കൂ എന്ന മന്തിയുടെ തീരുമാനം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിസ്സഹായാവസ്ഥയാണ് വെളിപ്പെടുത്തുന്നത്.


ഗവർണറുടെ ചാൻസലർ പദവിയിലുള്ള ഇടപെടലുകൾ, എം.ജി സർവകലാശാലയിലെ വി.സി നിയമനം, പുതിയ സെനറ്റ് നിയമനങ്ങൾ എന്നിവയ്ക്ക് പിന്നാലെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി ബി. അശോകിനെ നിയമിച്ചതും ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടയിൽ വൈസ് ചാൻസലർമാരെയും സർവകലാശാല രജിസ്ട്രാർമാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ബി. അശോക് ഒരു പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ മന്ത്രി നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. എങ്കിലും, ഉദ്യോഗസ്ഥ തലത്തിൽ പൂർത്തിയാകേണ്ട പുതിയ മാറ്റങ്ങളും പ്രധാനപ്പെട്ട ചില ആളുകളുടെ ഡെപ്യൂട്ടേഷൻ നിയമനങ്ങളും പൂർത്തിയാകുന്നത് വരെ മാധ്യമങ്ങൾക്ക് യാതൊരു മറുപടിയും നൽകേണ്ടതില്ലെന്നാണ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്ന കർശന നിർദ്ദേശം.

വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ വലിയ ചില അഴിച്ചുപണികൾ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും, കാവിവൽക്കരണത്തിനെതിരെയുള്ള പ്രതിരോധത്തിൽ യു.ഡി.എഫ് പാളയത്തിൽ കൃത്യമായ തന്ത്രങ്ങളോ ദിശാബോധമോ ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങൾക്ക് മുന്നിൽ പെട്ടെന്ന് വഴങ്ങിക്കൊടുക്കാതെ, നിയമ-വിദ്യാഭ്യാസ വിദഗ്ധരിൽ നിന്ന് വിശദമായ അഭിപ്രായങ്ങൾ തേടിയ ശേഷം മാത്രം രാഷ്ട്രീയ പ്രതികരണം നടത്തിയാൽ മതിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴത്തെ ധാരണ.

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ ശക്തികൾ പിടിമുറുക്കുമ്പോൾ, എടുത്തുചാടി പ്രതികരിക്കാതെ മൗനം പാലിച്ചു മുന്നോട്ടുപോകാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കം പ്രതിപക്ഷത്തിന് കൂടുതൽ ആയുധം നൽകുന്നതായി മാറിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *