15,000 കേന്ദ്രങ്ങളിൽ ത്രിവർണ പതാക; പൂർണ ‘വന്ദേമാതരം’
സ്വാതന്ത്ര്യദിനത്തിൽ കേരളമാകെ ബി.ജെ.പി.യുടെ ദേശീയതാ പ്രചാരണം; ബൂത്ത് മുതൽ ജില്ലാ തലം വരെ പ്രവർത്തകർ നേതൃത്വം നൽകും
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണമായി ആലപിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. അറിയിച്ചു. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതരം’ ജനകീയമായി ഉയർത്തിപ്പിടിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ദേശീയഗാനത്തെ അപമാനിക്കുന്നതും രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതുമായ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ഒരേസമയം ദേശീയപതാക ഉയരുകയും ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിക്കുകയും ചെയ്യുന്നതിലൂടെ ദേശീയ ഐക്യത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.
ത്രിവർണ പതാക ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ ബി.ജെ.പി. മുന്നിൽ തന്നെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് രാഷ്ട്രീയ പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് സി.പി.എമ്മിനെയും കോൺഗ്രസിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരം നിലപാടുകൾ കേരളത്തിലെ രാജ്യസ്നേഹികളായ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് ഇതിനിടയിലാണ് ബൂത്ത് തലത്തിൽ നിന്ന് ജില്ലാ തലത്തിലേക്ക് വ്യാപിക്കുന്ന പരിപാടിയിലൂടെ പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് സ്വാതന്ത്ര്യദിനാഘോഷത്തിന് വലിയ ജനകീയ രൂപം നൽകാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.



