വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അനുശ്രീയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി
ഡിസംബർ 26ന് വിവാഹം നിശ്ചയിച്ചിരിക്കെയാണ് ദുരന്തം; അനുശ്രീയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരനായ അമലും ജീവനൊടുക്കി
പൂച്ചക്കാട്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പൂച്ചക്കാട് സ്വദേശിനിയും എസ്‌ബിഐ ജീവനക്കാരിയുമായ പി. അനുശ്രീ (25)യെ കർണാടകയിലെ ഉൻസൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. കണ്ണൂർ അമ്പലത്തട്ട് സ്വദേശിയായ അമലാണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്നു.
പൂച്ചക്കാട് കിഴക്കേക്കരയിലെ തയ്യിൽ വീട്ടിൽ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് അനുശ്രീ. കർണാടകയിലെ ഉൻസൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ജീവനക്കാരിയായിരുന്നു. അമലും ബാങ്ക് ജീവനക്കാരനാണെന്നും ഇരുവരും എസ്‌ബിഐയുടെ വിവിധ ശാഖകളിൽ ജോലി ചെയ്തുവരികയായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.
ഡിസംബർ 26നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അനുശ്രീയെ ഉൻസൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് അനുശ്രീ അമലുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിന് പിന്നാലെയാണ് അമലും ജീവനൊടുക്കിയത്.

അനുശ്രീയുടെ മരണവിവരം അറിഞ്ഞ് ബന്ധുക്കൾ ഉൻസൂരിലേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് അമലിന്റെ മരണവാർത്തയും കുടുംബത്തെ തേടിയെത്തിയത്. ഇരുവരുടെയും മരണത്തിൽ കുടുംബാംഗങ്ങളും ബന്ധുക്കളും കടുത്ത ദുഃഖത്തിലാണ്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന അനുശ്രീ മട്ടന്നൂർ പ്രഗതി പി.എസ്.സി കോച്ചിങ് സെന്ററിൽ പരിശീലനം നേടിയ ശേഷമാണ് ബാങ്ക് ജോലി നേടിയത്. കഠിനാധ്വാനത്തിലൂടെ എസ്‌ബിഐയിൽ ജോലി നേടിയ യുവതിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ നടുക്കി.
നീലേശ്വരം മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തിവരികയാണ് അനുശ്രീയുടെ പിതാവ് കെ. ചന്ദ്രൻ. ചന്ദ്രൻ-റീന ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. സഹോദരി പി. ശ്രീലക്ഷ്മി കേരള പൊലീസ് കോച്ചിങ്ങിന് പഠിച്ചുവരികയാണ്.
വിവാഹത്തിന്റെ സന്തോഷത്തിനായി ഒരുങ്ങിയിരുന്ന രണ്ട് കുടുംബങ്ങളെയും ഒരേസമയം ദുഃഖത്തിലാഴ്ത്തിയ സംഭവമായി അനുശ്രീയുടെയും അമലിന്റെയും മരണം മാറി. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
ആത്മഹത്യ ഒരു പരിഹാരമല്ല. കടുത്ത മാനസിക സമ്മർദമോ പ്രതിസന്ധിയോ നേരിടുന്നവർ ഒറ്റയ്ക്ക് തുടരാതെ വിശ്വസിക്കുന്ന വ്യക്തികളോടോ മാനസികാരോഗ്യ വിദഗ്ധരോടോ ഉടൻ സംസാരിക്കുക. അടിയന്തര അപകടസാധ്യതയുണ്ടെങ്കിൽ സമീപത്തെ ആശുപത്രിയിലോ അടിയന്തര സേവനങ്ങളിലോ സഹായം തേടുക.



