bncmalayalam.in

6 വർഷമായി ഒളിവിൽ; ബാബറി മസ്ജിദ് കലാപകാല കൊലക്കേസിലെ ഒന്നാം പ്രതി ഗബ്ബർ അഷറഫ് പിടിയിൽ

771: 6 വർഷമായി ഒളിവിൽ; ബാബറി മസ്ജിദ് കലാപകാല കൊലക്കേസിലെ ഒന്നാം പ്രതി ഗബ്ബർ അഷറഫ് പിടിയിൽ

കാസർകോട്: ബാബറി മസ്ജിദ് തകർച്ചയെത്തുടർന്നുണ്ടായ വർഗീയ കലാപത്തിനിടെ കാസർകോട് തളങ്കര കടവത്ത് ഓട്ടോറിക്ഷാ ഡ്രൈവർ വിനോദ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ ഹൈദരാബാദിൽനിന്ന് പിടികൂടി കാസർകോട് പോലീസ്. തളങ്കര സെറാമിക്സ് റോഡിലെ ഗബ്ബർ അബ്ദുൾ ഖാദറിന്റെ മകൻ അഷ്റഫിനെയാണ് ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി. ഐ.പി.എസ്.യുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജപേരിൽ വർഷങ്ങളോളം താമസിച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച പ്രതിയെ മറ്റൊരു സംസ്ഥാനത്തുനിന്ന് കണ്ടെത്തി പിടികൂടിയത് കാസർകോട് പോലീസിന്റെ ദീർഘകാല അന്വേഷണത്തിലെ നിർണായക നേട്ടമായി.

babri-masjid-riot-murder-case-main-accused-arrested-hyderabad-kasaragod-police

വ്യാജപേരിൽ ഹൈദരാബാദിൽ താമസം

1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർച്ചയെത്തുടർന്നുണ്ടായ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിനോദ് കുമാർ കൊല്ലപ്പെട്ടത്. കാസർകോട് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 646/1992 ആയി രജിസ്റ്റർ ചെയ്ത കേസിൽ (എൽ.പി. കേസ് നമ്പർ 32/2003) ഐ.പി.സി 153(A), 302, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. കേസിൽ പ്രതിയായതിനെത്തുടർന്ന് നാടുവിട്ട അഷ്റഫ്, കഴിഞ്ഞ വർഷങ്ങളായി തെലങ്കാനയിലെ ഹൈദരാബാദിൽ വ്യാജപേരിൽ കഴിയുകയായിരുന്നു. ചന്ദ്രയാൻഗുട്ട കേശവഗിരി ഇന്ദിരാനഗറിലെ 192/A-2 എന്ന വിലാസത്തിൽ ‘അബ്ബാസ് മുഹമ്മദ് അലി’ എന്ന പേരിലാണ് താമസിച്ചിരുന്നത്. പിതാവിന്റെ പേരും മുഹമ്മദ് അലി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

കേസിലെ മറ്റ് പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെട്ടു

കേസിൽ ആകെ മൂന്ന് പ്രതികളാണുണ്ടായിരുന്നത്. വിനോദ് കുമാർ മരിക്കുന്നതിന് മുൻപ് ഡോക്ടർക്കും ബന്ധുക്കൾക്കും നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെ 2009 മാർച്ചിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഒന്നും രണ്ടും പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായവും സംരക്ഷണവും നൽകിയ മൂന്നാം പ്രതിയെ ഐ.പി.സി 212-ാം വകുപ്പ് പ്രകാരം നേരത്തെ ശിക്ഷിച്ചിരുന്നു.ഇതോടെ കേസിലെ ഒന്നാം പ്രതിയെ കൂടി പിടികൂടാനായത് വർഷങ്ങളായി തുടരുന്ന അന്വേഷണത്തിലെ പ്രധാന നേട്ടമായി.

ലോങ് പെൻഡിങ് കേസുകളിൽ പ്രത്യേക ശ്രദ്ധ

കാസർകോട് ജില്ലയിൽ വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്ന ലോങ് പെൻഡിങ് കേസുകളിലെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഈ മാസം തന്നെ തുടർച്ചയായി പഴയ കേസുകളിലെ പ്രതികൾ പിടിയിലാകുന്നത് അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുകയാണ്.

വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനായി വിവരശേഖരണം, നിരീക്ഷണം, സാങ്കേതിക അന്വേഷണ മാർഗങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് നടപടികൾ മുന്നോട്ടുപോകുന്നത്. വർഷങ്ങൾ പഴക്കമുള്ള കേസുകൾ പോലും ഉപേക്ഷിക്കാതെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അറസ്റ്റും.ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി. ഐ.പി.എസ്.യുടെ മേൽനോട്ടത്തിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിൽനിന്ന് പ്രതിയെ പിടികൂടിയത്. എസ്.ഐ. നാരായണൻ നായർ, അബൂബക്കർ കല്ലായി, എ.എസ്.ഐ. ഷാജു സി.വി., സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് എൻ. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *