കാസർകോട്: ഉളിയത്തടുക്ക ടർഫ് കേന്ദ്രീകരിച്ച് സദാചാര ഗുണ്ടായിസവും അക്രമപ്രവർത്തനങ്ങളും തുടരുന്നതായി ആരോപണം. ടർഫിന് സമീപം വെച്ച് 19 വയസ്സുള്ള യുവാവിനെ നാലംഗ സംഘം ആക്രമിച്ചതായ പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അക്രമത്തിൽ പരിക്കേറ്റ യുവാവ് കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതായും സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും അറിയുന്നു. പരാതി നൽകിയതിനു പിന്നാലെ യുവാവിനെ വീണ്ടും ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്.

രാത്രി ഒൻപതിന് ആക്രമണം; തലക്കും മുഖത്തിനും പരിക്ക്
2026 നവംബർ 10-ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഉളിയത്തടുക്ക ടർഫിന് എതിർവശത്തുള്ള Trackon കൊറിയറിൽ ജോലി ചെയ്യുന്ന യുവാവ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഉളിയത്തടുക്ക സ്വദേശികളായ ഷംസീർ എന്ന പൂച്ചി, കലന്തർ, ചെപ്പു, റാഷിദ് എന്നിവരാണ് തന്നെ ആക്രമിച്ചതെന്നാണ് യുവാവിന്റെ ആരോപണം.
ആക്രമണത്തിൽ തലയുടെ പിൻഭാഗത്തും മുഖത്തും ചുണ്ടിലും പരിക്കേറ്റതായും ഉടൻതന്നെ കാസർകോട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയതായും പരാതിയിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ കാരണം ചോദിച്ചപ്പോൾ തന്റെ സംസാരം ശരിയല്ല എന്നാണ് ഇവർ പറഞ്ഞത് , വേണമെങ്കിൽ കേസ് കൊടുത്തോളൂ എന്നുമായിരുന്നു സംഘത്തിന്റെ പ്രതികരണമെന്നും പരാതിക്കാരൻ പറയുന്നു. മാത്രമല്ല സംഭവം സമയത്ത് മറ്റൊരു ചെറുപ്പക്കാരനെ മർദ്ദിക്കുന്നതായി കണ്ടതായി പരാതിക്കാരൻ പറയുന്നു .
പരാതി നൽകിയാൽ ലഹരിക്കേസിൽ കുടുക്കും; വീടിന്റെ പരിസരത്തും ഭീഷണിയെന്ന് ആരോപണം
സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് യുവാവിനെ ലഹരിക്കേസിൽ കുടുക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. മാത്രമല്ല, പരാതി നൽകിയതിന് പിന്നാലെ യുവാവിന്റെ വീടിന്റെ പരിസരത്തെത്തിയും സംഘം വെല്ലുവിളിച്ചതായി ആരോപണമുണ്ട്.
“ഇറങ്ങി വാടാ, പരാതി നൽകിയാൽ ഞങ്ങൾക്ക് പുല്ലാണ്. പോലീസ് ഇവിടെ ഞങ്ങളെ തൊടില്ല” തുടങ്ങിയ വാക്കുകളുപയോഗിച്ചാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം.
നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പരാതി നൽകിയിട്ടും വീണ്ടും ആക്രമണഭീഷണി നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടെങ്കിൽ പരാതിക്കാരന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്.
വിവാദങ്ങൾ വിട്ടൊഴിയാത്ത ടർഫ് പരിസരം
ഉളിയത്തടുക്ക ടർഫും സമീപപ്രദേശങ്ങളും നേരത്തെയും വിവിധ വിവാദങ്ങളുടെയും സംഘർഷങ്ങളുടെയും പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളതാണ്. കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമസംഭവങ്ങൾക്കും ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർക്കിടയിൽ ഉയരുന്ന ആശങ്ക.
നിലവിലെ പരാതിയിൽ ടർഫിന്റെ പരിസരപ്രദേശങ്ങൾ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം . ആക്രമണം നടന്ന സമയത്തെ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കണമെന്നും കുറ്റക്കാരെ തിരിച്ചറിഞ്ഞ് നിയമനടപടി സ്വീകരിക്കുകയും വേണം . അതേസമയം സംഭവ സമയത്ത് സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സാധ്യത ഉള്ളതായും വിലയിരുത്തുന്നുണ്ട് , അങ്ങനെയാണെങ്കിൽ ടെറഫ് ഉടമ ക്കെതിരെ കുറ്റകൃത്യത്തിൽ പങ്കാളിയായി എന്ന് കണക്കാക്കി നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു .
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ,
ഓപ്പറേഷൻ ഊഫാൻ എന്നുപറഞ്ഞ് ഗുണ്ടാസംഘങ്ങൾ നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്നത് മറ്റൊരു തലവേദനയായി മാറിയിരിക്കുകയാണ് , ലഹരിക്കെതിരായ പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള നടപടികൾ ശക്തമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ചിലർ അതിന്റെ പേരിൽ വ്യക്തിവൈരാഗ്യം തീർക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. തങ്ങളുടെ നിർദേശങ്ങൾ അനുസരിക്കാത്തവരെ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായ ആരോപണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട് .
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നിയമത്തിന്റെ പരിധിയിൽ പോലീസും ബന്ധപ്പെട്ട അധികാരികളുമാണ് നടത്തേണ്ടത്. അതിന്റെ നാട്ടുകാർ പോലീസിനോടൊപ്പം ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത് , ഓപ്പറേഷൻ തൂഫാന്റെ പേരിൽ ആരെയും മർദിക്കാനോ ഭീഷണിപ്പെടുത്താനോ നിയമം കൈയിലെടുക്കാനോ ആർക്കും അധികാരമില്ല. പ്രദേശത്ത് വീണ്ടും സംഘർഷങ്ങളും അക്രമങ്ങളും ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാൻ പോലീസ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.



