പേടിപ്പിക്കലോ പീഡിപ്പിക്കലോ? ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; കുട്ടിയുടെ മൊഴിയിൽ പീഡനമില്ലെന്ന് പോലീസ്..
കാഞ്ഞങ്ങാട്: ഏഴുവയസ്സുകാരനെ ഇലക്ട്രിക് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി. എന്നാൽ കുട്ടിയുടെ മൊഴിയിൽ പീഡനത്തെക്കുറിച്ച് പരാമർശമില്ലെന്നാണ് ഹോസ്ദുർഗ് പോലീസിന്റെ വിശദീകരണം. പേടിപ്പിക്കലും പീഡിപ്പിക്കലും തമ്മിലുള്ള വ്യത്യാസത്തെച്ചൊല്ലി ഉയർന്ന പരാതിയിൽ ചൈൽഡ് ലൈൻ അധികൃതരും ഇടപെട്ടു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഏഴുവയസ്സുകാരനെ പ്രദേശത്തെ തന്നെ പ്രായപൂർത്തിയാകാത്ത ചില ആൺകുട്ടികൾ ഇലക്ട്രിക് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

കഴിഞ്ഞാഴ്ച സ്കൂൾ സമയത്തിനുശേഷമാണ് സംഭവം നടന്നതെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൗമാരക്കാരുടെ വീട്ടിലെത്തിയ കുട്ടിയുടെ അമ്മൂമ്മയെ വീട്ടുകാർ അപമാനിച്ച് തിരിച്ചയച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നവംബർ നാലിന് അമ്മൂമ്മ ഹോസ്ദുർഗ് പോലീസിൽ പരാതി നൽകി. എന്നാൽ പരാതിയിൽ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ഇതേത്തുടർന്ന് ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ എത്തി കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളിൽ ചില വൈരുധ്യങ്ങളുണ്ടെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. പോലീസ് മൂന്ന് തവണ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ മൊഴികളിലൊന്നിലും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിട്ടില്ലെന്നുമാണ് വിശദീകരണം.
ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പേടിപ്പിക്കാറുണ്ടെന്നും ചിലപ്പോൾ പാതിവഴിയിൽ ഇറക്കിവിട്ട് ഭയപ്പെടുത്താറുണ്ടെന്നുമാണ് കുട്ടി പറഞ്ഞതെന്നാണ് വിവരം. ചൈൽഡ് ലൈൻ അധികൃതർ രേഖപ്പെടുത്തിയ മൊഴിയിലും സമാനമായ കാര്യങ്ങളാണ് കുട്ടി പറഞ്ഞതെന്നാണ് അറിയുന്നത്. കുട്ടിയും ആരോപണ വിധേയരായ കുട്ടികളും എല്ലാം ഒരേ പ്രദേശവാസികളാണ് . അതേസമയം, രക്ഷിതാക്കൾ ഉന്നയിക്കുന്ന ലൈംഗിക പീഡന ആരോപണവും കുട്ടി നൽകിയ മൊഴിയും തമ്മിലുള്ള വ്യത്യാസമാണ് പോലീസ് നടപടികൾക്ക് തടസ്സമായി മാറുന്നത്



