കുഞ്ഞമ്പു വധക്കേസ്: ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം; രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ
കാസർകോട്: പിലിക്കോട് മടിവയലിൽ 67 വയസ്സുകാരനായ പത്താനത്ത് കുഞ്ഞമ്പുവിനെ വീട്ടിനുള്ളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവുശിക്ഷ. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-II ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് കഠിനശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ രണ്ടുലക്ഷം രൂപ വീതം പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55), രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-II ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. കൂടാതെ, രണ്ടാം പ്രതിയായ രാജേഷിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 449-ാം വകുപ്പ് പ്രകാരം പത്തുവർഷം അധിക തടവും ഒരു ലക്ഷം രൂപ പിഴയും കൂടി വിധിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ അനിൽ എന്ന അനിമാമൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
2021 ജൂലൈ 21-ന് രാത്രി പത്തുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കോവിഡ് ബാധയെത്തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടായ കുഞ്ഞമ്പു ശാരീരിക അവശതകളെ തുടർന്ന് വീട്ടിലെ ഹാൾ മുറിയിൽ കട്ടിലിൽ വിശ്രമിക്കുകയായിരുന്നു. ഭർത്താവിനെ പരിചരിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ഇരുവരും തമ്മിലുണ്ടായിരുന്ന നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്.
പ്രോസിക്യൂഷൻ കണ്ടെത്തിയതനുസരിച്ച്, ജാനകിയുടെ നിർദേശപ്രകാരം അവരുടെ സാന്നിധ്യത്തിൽ രണ്ടാം പ്രതി രാജേഷും മൂന്നാം പ്രതി അനിലും ചേർന്നാണ് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ശാരീരിക അവശതകളെത്തുടർന്ന് സ്വയം പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന കുഞ്ഞമ്പുവിനെ വീട്ടിനുള്ളിൽവെച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്.
കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നൽകിയ പരാതിയിലാണ് ചന്തേര പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് ക്രൈം നമ്പർ 435/2021 പ്രകാരം കേസെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. അന്നത്തെ ചന്തേര സബ് ഇൻസ്പെക്ടറും നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറുമായ ശ്രീദാസ് എം.വി.യാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചന്തേര പോലീസ് ഇൻസ്പെക്ടറും നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ പി. നാരായണനാണ്.



