അബുദാബി കെഎംസിസിയിൽ സാമ്പത്തിക തിരിമറി വിവാദം; ഭാരവാഹികൾക്ക് സസ്പെൻഷൻ, ഓഡിറ്റിംഗിന് ഉത്തരവിട്ട് കേന്ദ്ര കമ്മിറ്റി, വാർത്ത നിഷേധിച്ചു കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ
മുസ്ലിം ലീഗിന്റെ സാംസ്കാരിക സംഘടനയായ കെഎംസിസിയുമായി ബന്ധപ്പെട്ട് അബുദാബിയിൽ വീണ്ടും സാമ്പത്തിക തിരിമറി വിവാദം പുകയുന്നു. അബുദാബി കെഎംസിസിയുടെ വിവിധ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ മൂന്ന് ആരോപണങ്ങളാണ് പ്രധാനമായും ഉയർന്നിട്ടുള്ളത്. സംഘടനയുടെ നിക്ഷേപ പദ്ധതിയായ കെഎസ്എഫ് ഫണ്ട് ദുരുപയോഗം ചെയ്തു, കെഎംസിസി കെയർ പദ്ധതിയുടെ ഫണ്ടിൽ നിന്ന് ഒന്നരക്കോടിയോളം രൂപ ‘ഗൾഫ് ചന്ദ്രിക’യ്ക്ക് വേണ്ടി വകമാറ്റി, കെഎംസിസി പ്രവർത്തകരുടെ ഫണ്ട് ഒരു സ്വകാര്യ സംരംഭത്തിൽ നിക്ഷേപിച്ചു തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.

ഈ സാമ്പത്തിക ക്രമക്കേടുകൾ സംഘടനയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും തുടർന്ന് ചേർന്ന കെഎംസിസി യോഗം കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രവർത്തകർ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന് മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നെങ്കിലും അന്ന് നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ വിഷയം കയ്യാങ്കളിയിലേക്കും വലിയ വാദപ്രതിവാദങ്ങളിലേക്കും നീങ്ങിയതോടെ കെഎംസിസി കേന്ദ്ര കമ്മിറ്റി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.
കേന്ദ്ര കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് അബുദാബി കെഎംസിസിയിലെ അഹമ്മദ് ശരീഫിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പി.കെ. അഷ്റഫിനെ അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി താൽക്കാലികമായി ഒഴിവാക്കുകയും ചെയ്തു. കൂടാതെ, അബുദാബി കെഎംസിസിയുടെ കീഴിലുള്ള എല്ലാ സബ് കമ്മിറ്റികളുടെയും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ ഓഡിറ്റ് റിപ്പോർട്ട് കൈപ്പറ്റി തുടർനടപടികൾ സ്വീകരിക്കുമെന്ന് നാഷണൽ കമ്മിറ്റി വ്യക്തമാക്കി.
അതേസമയം, സംഘടനയ്ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കി അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗൾഫ് ചന്ദ്രികയുടെ പ്രത്യേക പരിപാടി നടക്കുന്ന സമയത്ത്, അതിനെ തകർക്കാനുള്ള ഗൂഢശ്രമമാണ് ഈ വാർത്തകൾക്ക് പിന്നിലെന്നും വാർത്താദാരിദ്ര്യം കൊണ്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വാർത്ത ആദ്യം പുറത്തുവിട്ടത് സമകാലിക മലയാളമാണ് , വലിയ കോളിളക്കമാണ് വാർത്ത പുറത്തുവന്നത് ഉണ്ടായിരിക്കുന്നത്



