bncmalayalam.in

കാവൽക്കാരൻ തന്നെ കള്ളൻ: സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതൽ മോഷ്ടിച്ച് വില്പന നടത്തിയ പൊലീസുകാരന് എട്ടിന്റെ പണി; പോലീസ് നാണക്കേട് ഉണ്ടാക്കിയ സംഭവം ചന്തേരയിൽ

കാവൽക്കാരൻ തന്നെ കള്ളൻ: സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതൽ മോഷ്ടിച്ച് വില്പന നടത്തിയ പൊലീസുകാരന് എട്ടിന്റെ പണി; പോലീസ് നാണക്കേട് ഉണ്ടാക്കിയ സംഭവം ചന്തേരയിൽ

കാസർകോട് : നിയമം സംരക്ഷിക്കേണ്ട കാവൽക്കാരൻ തന്നെ കള്ളനായാൽ എങ്ങനെയുണ്ടാകും? കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ നടന്ന ഈ സംഭവം കേട്ടാൽ ആരും അമ്പരന്നുപോകും. സ്റ്റേഷന്റെ മേശവലിപ്പിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ അടിച്ചുമാറ്റി മറിച്ചുവിറ്റ സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ ഒടുവിൽ സ്വന്തം വകുപ്പ് തന്നെ കേസെടുത്തിരിക്കുകയാണ്. നീർച്ചാൽ സ്വദേശിയായ വൈ. ബൈജുവിനാണ് (41) കുടുങ്ങിയിരിക്കുന്നത് .

ഈ മാസം 8-ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. സ്റ്റേഷന് സമീപത്ത് താമസിക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് വഴിയിൽ കിടന്ന് 10,000 രൂപ വിലവരുന്ന ഒരു റെഡ്‌മി മൊബൈൽ ഫോൺ കിട്ടി. നല്ല മനസ്സിന് ഉടമയായ ആ മനുഷ്യൻ നേരെ സ്റ്റേഷനിൽ ചെന്ന് ഫോൺ പൊലീസിനെ ഏൽപ്പിച്ചു. രാമന്തളി സ്വദേശിനിയുടേതായിരുന്നു ആ ഫോൺ. ഉടമയെ കണ്ടെത്തി തിരിച്ചുകൊടുക്കാനായി പാറാവ് ബുക്കിലും വിവരങ്ങൾ ഭംഗിയായി രേഖപ്പെടുത്തിവെച്ചു. അടുത്ത ദിവസം തന്നെ ഫോൺ വാങ്ങാൻ എത്താമെന്നും വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു.

സംഭവം നടന്ന് കൃത്യം ഒരാഴ്ച കഴിഞ്ഞാണ് പുകിലുകൾ തുടങ്ങുന്നത്. വീട്ടമ്മയുടെ മകൻ ഫോൺ കൈപ്പറ്റാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആ വലിയ സത്യം പുറത്തറിയുന്നത്—മേശവലിപ്പിൽ സൂക്ഷിച്ച ഫോൺ കാണാനില്ല

സ്റ്റേഷനിൽ പരക്കംപാച്ചിലായതോടെ, സംഭവം ആരും അറിയാതെ ഒതുക്കി തീർക്കാൻ പൊലീസുകാരുടെ സ്വന്തം വാട്‌സാപ് ഗ്രൂപ്പിൽ ഒരു സന്ദേശമെത്തി:

“ഫോൺ ആരെങ്കിലും അബദ്ധത്തിൽ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ തിരികെ വെക്കണം!”

എന്നാൽ, ഈ വാട്‌സാപ് മെസ്സേജ് തന്നെയാണ് കള്ളനെ കുടുക്കിയ പ്രധാന വഴിത്തിരിവായി മാറിയത്. സംഭവത്തിൽ ഗുരുതര വീഴ്ച മനസിലാക്കിയ എസ്.ഐ കാര്യങ്ങൾ ഗൗരവത്തിലെടുത്തു.

kasaragod-cop-booked-for-stealing-mobile-phone-from-police-station

ഉടൻതന്നെ എസ്.ഐ വിഷ്ണു എസ്. നായരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഫോൺ ആര് ഉപയോഗിക്കുന്നുവെന്ന് പരിശോധിച്ചപ്പോൾ അത് ബദിയടുക്കയിലെ ഒരു വ്യക്തിയുടെ കയ്യിലുണ്ടെന്ന് മനസ്സിലാക്കി . ഉടൻ തന്നെ അയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ ആ വ്യക്തി ഉള്ളു തുറന്നു കാര്യങ്ങൾ പറഞ്ഞു : “ഇത് എനിക്ക് വിറ്റത് ഒരു പൊലീസുകാരനാണ്”

അന്വേഷണം ചെന്നുനിന്നത് അന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജുവിന്റെ തലയിൽ തന്നെ. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം പൂർണ്ണമായി സ്ഥിരീകരിക്കപ്പെട്ടു; ബൈജു മേശവലിപ്പിൽ നിന്ന് ഫോൺ എടുക്കുന്നതും, അതിന്റെ സിം കാർഡ് ഊരിയെടുക്കുന്നതുമായ വ്യക്തമായ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എസ്.ഐ ഉടൻതന്നെ ജില്ലാ പൊലീസ് മേധാവി നിധിൻരാജിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചു. ഇല്ല പോലീസ് മേധാവിയുടെ കർശന നിർദേശത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ബൈജുവിനെതിരെ മോഷണക്കുറ്റത്തിന് ഔദ്യോഗികമായി കേസെടുത്തു.

തൊണ്ടിമുതൽ സൂക്ഷിക്കേണ്ട സ്റ്റേഷനിൽ നിന്ന് തന്നെ സാധനം അടിച്ചുകൊണ്ടുപോയ ഈ ‘സ്മാർട്ട്’ പൊലീസുകാരന്റെ കഥ ഇപ്പോൾ സേനയ്ക്കുള്ളിലും നാട്ടിലും ഒരുപോലെ ചർച്ചയായിരിക്കുകയാണ്. കാക്കി യൂണിഫോമിന് കളങ്കം വരുത്തിയ ഇത്തരം പ്രവൃത്തികൾക്ക് നിയമം അതിന്റെ വഴിയിലൂടെ കൃത്യമായ മറുപടി നൽകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത് .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *