bncmalayalam.in

കേരളത്തിന്റെ റെയിൽ കുതിപ്പിന് പുതിയ ചിറകുകൾ: മൂന്നും നാലും പാതകളുടെ അലൈൻമെന്റും ഡിപിആറും സജ്ജം,കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്ക് നിങ്ങളും

കേരളത്തിന്റെ റെയിൽ കുതിപ്പിന് പുതിയ ചിറകുകൾ: മൂന്നും നാലും പാതകളുടെ അലൈൻമെന്റും ഡിപിആറും സജ്ജം,കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്ക് നിങ്ങളും , ബിജെപി കേരള നേതൃത്വമാണ് ഔദ്യോഗിക വിവരങ്ങൾ പ്രഖ്യാപിച്ചത്

പാലക്കാട് : കേരളത്തിന്റെ റെയിൽ യാത്രാദുരിതങ്ങൾക്ക് ശാശ്വത പരിഹാരമൊരുക്കാനും ട്രെയിനുകളുടെ വേഗത ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള മൂന്നും നാലും റെയിൽപാത പദ്ധതികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ റെയിൽ വികസനത്തിൽ വഴിത്തിരിവാകുന്ന പദ്ധതിയുടെ വിശദ പദ്ധതിരേഖയും (ഡിപിആർ) അലൈൻമെന്റും തയ്യാറായിക്കഴിഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി കേരള നേതൃത്വമാണ് ഈ നിർണായക വിവരം വ്യക്തമാക്കിയത്. നേരത്തെ കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യസഭയിലും റെയിൽവേ മന്ത്രി ഈ പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു.

സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽ ശൃംഖലയെ നാല് പ്രധാന റീച്ചുകളായി തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മംഗളൂരു – ഷൊർണൂർ, ഷൊർണൂർ – എറണാകുളം, എറണാകുളം – കായംകുളം, കായംകുളം – തിരുവനന്തപുരം എന്നിവയാണ് ഈ റീച്ചുകൾ. നിലവിലുള്ള പാതകൾക്ക് സമാന്തരമായോ, ഭൂലഭ്യത പരിഗണിച്ച് പുതിയ അലൈൻമെന്റിലൂടെയോ ആകും പുതിയ ട്രാക്കുകൾ നിർമിക്കുക. നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയിൽ ആദ്യം എല്ലാ റീച്ചുകളിലും മൂന്നാം പാതയും, അതിനുശേഷം നാലാം പാതയുമാകും സജ്ജമാക്കുക. ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറിയാൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർണ്ണമായി യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

kerala-railway-development-third-fourth-tracks-dpr-alignment-ready

നിലവിൽ കേരളത്തിലെ ട്രെയിൻ യാത്ര നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വേഗതക്കുറവും ട്രാക്കുകളിലെ അമിത തിരക്കുമാണ്. കൊടും വളവുകൾ കാരണം ശരാശരി 50 മുതൽ 55 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സംസ്ഥാനത്ത് ട്രെയിനുകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്നത്. പരമാവധി ശേഷിയിൽ സർവീസുകൾ നടത്തുന്നതിനാൽ ഉത്സവ സീസണുകളിലെ പ്രത്യേക ട്രെയിനുകൾക്കോ പുതിയ വന്ദേ ഭാരത് സർവീസുകൾക്കോ ലൈനുകൾ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. എന്നാൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ തക്കവണ്ണം ആധുനിക നിലവാരത്തിലാണ് പുതിയ പാതകൾ രൂപകൽപ്പന ചെയ്യുന്നത്. ഇതോടെ ട്രെയിനുകളുടെ ശരാശരി വേഗത ഇരട്ടിയായി ഉയരുകയും വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾക്ക് അവയുടെ പൂർണ്ണശേഷിയിൽ കുതിച്ചുപായാൻ വഴിയൊരുങ്ങുകയും ചെയ്യും.

റെയിൽവേ വികസനത്തിന് ആക്കം കൂട്ടി കേരളത്തിന് മറ്റ് ചില നേട്ടങ്ങളും ഇതിനകം ലഭ്യമായിട്ടുണ്ട്. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഗണിച്ച് ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്കും നീട്ടാൻ തീരുമാനമായിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക, യാത്രാ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് അടിത്തറയിടുന്ന മൂന്നും നാലും പാതകൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുള്ള യാത്രാസമയം പകുതിയോളം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *