ഭരണത്തിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് , തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടി; സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫിന്റെ വൻ തിരിച്ചുവരവ്,
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി നടന്ന 38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രഹരമേൽപ്പിച്ച് എൽഡിഎഫിന്റെ വൻ മുന്നേറ്റം. 19 സീറ്റുകൾ നേടി യുഡിഎഫ് നേരിയ മുൻതൂക്കം നിലനിർത്തിയെങ്കിലും, 18 സീറ്റുകളിൽ വിജയിച്ച് എൽഡിഎഫ് വൻ തിരിച്ചുവരവാണ് നടത്തിയത്. കിഴക്കമ്പലത്ത് ട്വന്റി 20 മുന്നണിയിലൂടെ എൻഡിഎ ഒരു സീറ്റ് നേടി. ബിജെപിക്ക് ഒരിടത്തും അക്കൗണ്ട് തുറക്കാനായില്ല.
നേരത്തെ യുഡിഎഫിന് 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഈ വാർഡുകളിൽ ഉണ്ടായിരുന്നത്. നിലവിലുണ്ടായിരുന്ന ഭൂരിപക്ഷം നിലനിർത്താൻ കഴിയാതെ പോയ യുഡിഎഫിൽ നിന്ന് 7 സിറ്റിംഗ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. അതേസമയം എൽഡിഎഫിന്റെ 4 സീറ്റുകൾ മാത്രമാണ് യുഡിഎഫിന് പിടിച്ചെടുക്കാനായത്. മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടതും ജയിച്ച ഭൂരിഭാഗം വാർഡുകളിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും യുഡിഎഫിന് രാഷ്ട്രീയമായി വലിയ ക്ഷീണമായി.

ഭരണത്തിനുള്ള ഷോക്ക് ട്രീറ്റ്മെന്റ്; അട്ടിമറി വിജയങ്ങളുമായി ഇടതുപക്ഷം
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ സർക്കാരിന്റെ ഭരണവിലയിരുത്തലായി മാറിയ പോരാട്ടമാണിത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും പ്രവർത്തനങ്ങൾക്കും വോട്ടർമാർ നൽകിയ ശക്തമായ താക്കീതായാണ് ഈ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നിരവധി വാർഡുകളിൽ അട്ടിമറി വിജയങ്ങളാണ് എൽഡിഎഫ് സ്വന്തമാക്കിയത്:
- പാലക്കാട് ചിറ്റൂർ: സുമേഷ് അച്യുതൻ രാജിവെച്ച സീറ്റിൽ തുല്യ വോട്ട് വന്നതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ വിജയം എൽഡിഎഫിനൊപ്പം നിന്നു.
- ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്: യുഡിഎഫിന്റെ സുരക്ഷിത സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് മിന്നുന്ന അട്ടിമറി വിജയം നേടി.
- ചിറയിൻകീഴ്: രമ്യാ ഹരിദാസിന്റെ കയ്യാങ്കളി വിവാദം കത്തിപ്പടർന്ന വാർഡിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു.
- തൃക്കൊടിത്താനം: വിനു ജോബ് എംഎൽഎ രാജിവെച്ച വാർഡിൽ എൽഡിഎഫ് വിജയിച്ചുകയറി.
കുറഞ്ഞ ഭൂരിപക്ഷത്തിൽ തടിയൂരി യുഡിഎഫ്
യുഡിഎഫ് വിജയിച്ച പല വാർഡുകളിലും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഫാത്തിമ തഹ്ലിയയുടെ കോഴിക്കോട് കുറ്റിച്ചിറ വാർഡിലും സി.വി. ശാന്തകുമാറിന്റെ അടൂർ വാർഡിലും യുഡിഎഫിന്റെ ലീഡ് നാലിലൊന്നായി ചുരുങ്ങി. പലയിടങ്ങളിലും നിസാര വോട്ടുകളുടെ വ്യത്യാസത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ കഷ്ടിച്ച് രക്ഷപ്പെട്ടത്.
126 സ്ഥാനാർത്ഥികൾ ജനവിധി തേടിയ ഉപതെരഞ്ഞെടുപ്പിൽ ആകെ 58.81 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന പോളിംഗ് കണ്ണൂർ ജില്ലയിലായിരുന്നു ഏറ്റവും കുറഞ്ഞ പോളിംഗ് കോട്ടയം ജില്ലയിലും ആണ്
കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ വാർഡുകളിലും 7 ബ്ലോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടെടുപ്പ് നടന്നത്.
അധികാരത്തിലേറി മാസങ്ങൾക്കകം സിറ്റിംഗ് സീറ്റുകൾ ചോരുകയും ഭൂരിപക്ഷം ഇടിയുകയും ചെയ്തത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആശങ്കയ്ക്കും ആത്മപരിശോധനയ്ക്കും വഴിതുറന്നിരിക്കുകയാണ്.



