bncmalayalam.in

പ്രതിനിധി തെരഞ്ഞെടുപ്പിൽ പൊട്ടിത്തെറി; കാസർകോട് എംഎസ്എഫിൽ കൂട്ടരാജി: നേതൃത്വത്തിനെതിരെ പടയൊരുക്കം

പ്രതിനിധി തെരഞ്ഞെടുപ്പിൽ പൊട്ടിത്തെറി; കാസർകോട് എംഎസ്എഫിൽ കൂട്ടരാജി: നേതൃത്വത്തിനെതിരെ പടയൊരുക്കം

കാസർകോട്: സംസ്ഥാന കമ്മിറ്റിയിലേക്കുള്ള ജില്ലാ പ്രതിനിധിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ കാസർകോട് എംഎസ്എഫിൽ വൻ നേതൃത്വ പ്രതിസന്ധി. ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപിച്ച് അഞ്ച് പ്രധാന ജില്ലാ ഭാരവാഹികൾ ഒന്നിച്ച് രാജി സമർപ്പിച്ചു. അർഹതയുള്ളവരെ വെട്ടിനിരത്തി നേതൃത്വം സ്വന്തം താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിതുറന്നിരിക്കുന്നത്.

തർക്കത്തിന് വഴിമരുന്നിട്ടത് ഷാനിദ് നെല്ലിക്കട്ടയുടെ തെരഞ്ഞെടുപ്പ്

സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി ഷാനിദ് നെല്ലിക്കട്ടയെ നിശ്ചയിച്ചതാണ് ഭിന്നതയ്ക്ക് കാരണം. ജില്ലാ കൗൺസിലിൽ ഉയർന്ന പൊതുവികാരവും ചർച്ചകളും അട്ടിമറിച്ചാണ് ഈ നീക്കമെന്ന് രാജി പ്രഖ്യാപിച്ച നേതാക്കൾ ആരോപിക്കുന്നു. മുൻ ജില്ലാ ജനറൽ സെക്രട്ടറി സവാദ് അങ്കടിമുഗറിന്റെ പേരായിരുന്നു കൗൺസിൽ തീരുമാനപ്രകാരം മുൻഗണനയിലുണ്ടായിരുന്നത്. എന്നാൽ, കീഴ്‌വഴക്കങ്ങളും സംഘടനാ മര്യാദകളും കാറ്റിൽപ്പറത്തി സവാദിനെ വെട്ടിമാറ്റി ഏകപക്ഷീയമായി ഷാനിദിന്റെ പേര് നേതൃത്വം അംഗീകരിക്കുകയായിരുന്നുവെന്നാണ് പരാതി.

മറ്റു പല ജില്ലകളിൽ നിന്നും മൂന്നും നാലും ഭാരവാഹികൾ വീതം സംസ്ഥാന സമിതിയിലേക്ക് എത്തിയപ്പോൾ, കാസർകോടിന് ലഭിച്ചത് ഒരൊറ്റ പ്രാതിനിധ്യം മാത്രമാണ്. സ്വാഭാവികമായും ഈ സ്ഥാനത്തേക്ക് മുൻഗണന ലഭിക്കേണ്ടിയിരുന്ന സവാദ് അങ്കടിമുഗറിനെ തഴഞ്ഞത് അണികൾക്കിടയിലും കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

ജില്ലാ കമ്മറ്റിയിലെ പ്രധാന ഭാരവാഹികളാണ് തങ്ങളുടെ പദവികൾ ഒഴിഞ്ഞത്:സർഫറസ് ബന്തിയോട് (ജില്ലാ ട്രഷറർ) ജംഷീർ മൊഗ്രാൽ (വൈസ് പ്രസിഡന്റ്) മുർഷിദ് മൊഗ്രാൽ (വൈസ് പ്രസിഡന്റ്) ബിലാൽ ആരിക്കാടി (സെക്രട്ടറി) അൻസാർ വോർക്കടി (സെക്രട്ടറി) വിപുലമായ കൂടിയാലോചനകൾക്ക് പകരം ചില നിക്ഷിപ്ത താല്പര്യക്കാരുടെ ചൊൽപ്പടിക്ക് സംഘടനയെ വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇവർ വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ വിഭാഗീയതയ്ക്ക് ആക്കം കൂട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും അണികളുടെ ശബ്ദം കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും രാജിക്കത്തിൽ ആവശ്യപ്പെടുന്നു.

kasaragod-msf-mass-resignation-state-committee-representative-row

നേതൃത്വത്തിന്റെ മുന്നറിയിപ്പും അണികളുടെ അമർഷവും

വിഷയം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായതോടെ നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ കടുത്ത രോഷമാണ് ഉയരുന്നത്. എന്നാൽ, പാർട്ടിയിൽ സ്ഥാനമാനങ്ങൾ കൊതിച്ച് ആരും പ്രവർത്തിക്കേണ്ടതില്ലെന്നും നേതൃതീരുമാനങ്ങളെ പരസ്യമായി ധിക്കരിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുതിർന്ന മുസ്ലിം ലീഗ് നേതാവ് എംഎസ്എഫ് ഭാരവാഹികൾക്ക് കർശന മുന്നറിയിപ്പ് നൽകിയതായാണ് സൂചന. ജില്ലയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഈ കൂട്ടരാജി വരും ദിവസങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വത്തിനും വലിയ തലവേദനയായി മാറും.

kasaragod-msf-mass-resignation-state-committee-representative-row
administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *