ജോഡുകല്ലിൽ പൊതുമരാമത്ത് ഭൂമി കയ്യേറി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സേവാഭാരതിയുടെ ഓഡിറ്റോറിയം നിർമ്മാണം എന്ന് ആരോപണം ;പിഡബ്ല്യുഡി എ.ഇയെ ഘെരാവോ ചെയ്ത് യൂത്ത് ലീഗ്, ബിജെപി നേതാവ് അറസ്റ്റിൽ
കുമ്പള: പൊതുമരാമത്ത് വകുപ്പിന്റെ കോടികൾ വിലമതിക്കുന്ന പൊതുഭൂമി പട്ടാപ്പകൽ കയ്യേറി സംഘപരിവാർ സംഘം അതിവേഗത്തിൽ അനധികൃതമായി കൂറ്റൻ ഓഡിറ്റോറിയം നിർമ്മിച്ചതിനെതിരെ മഞ്ചേശ്വരത്ത് വൻ ജനരോഷവും രാഷ്ട്രീയ പ്രതിഷേധവും അണപൊട്ടുന്നു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ജോഡുകല്ലിലാണ് റവന്യൂ-പൊതുമരാമത്ത് ഭൂമി ഉൾപ്പെടെ കയ്യേറി സേവാഭാരതി ട്രസ്റ്റിന്റെ മറവിൽ ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള പടുകൂറ്റൻ കെട്ടിടം പണിതുയർത്തിയത്. ആർ.എസ്.എസ് യോഗങ്ങൾ സംഘടിപ്പിക്കാനും ശാഖാ പ്രവർത്തനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി പടുകൂറ്റൻ ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് ഷീറ്റടിച്ച് മിന്നൽ വേഗത്തിലാണ് ഓഡിറ്റോറിയം മാതൃകയിലുള്ള കെട്ടിടം പൂർത്തിയാക്കിയത്.
കഴിഞ്ഞ ജൂലൈ മാസം മുതൽ തന്നെ ഈ അനധികൃത കയ്യേറ്റത്തിനെതിരെ പ്രദേശവാസികളും പൊതുപ്രവർത്തകരും ബന്ധപ്പെട്ട അധികാരികൾക്ക് നിരന്തരം പരാതികൾ നൽകിയിരുന്നതാണ്. തുടർന്ന് ഇത്തരം കയ്യേറ്റ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും പിന്മാറാമെന്ന് നിർമ്മാണത്തിന് നേതൃത്വം നൽകിയവർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രേഖാമൂലം ഉറപ്പ് നൽകിയിരുന്നതുമാണ്. എന്നാൽ നൽകിയ ഉറപ്പുകളെല്ലാം പരസ്യമായി കാറ്റിൽ പറത്തി, ലോക്കൽ പോലീസിന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടും പൂർണ്ണ ഒത്താശയോടെയുമാണ് പ്രവൃത്തികൾ പൂർത്തിയാക്കിയതെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സർക്കാർ അവധി ദിനം തന്ത്രപരമായി തിരഞ്ഞെടുത്ത സംഘപരിവാർ പ്രവർത്തകർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അതീവ രഹസ്യമായി ഇരുമ്പ് തൂണുകളിൽ ഷീറ്റ് മേഞ്ഞ് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.

നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മഞ്ചേശ്വരം പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയറെ (എ.ഇ) ഓഫീസിൽ മണിക്കൂറുകളോളം ഉപരോധിച്ച് ഘെരാവോ ചെയ്തു. പൊതുഭൂമിയിലെ അനധികൃത നിർമ്മാണം അടിയന്തരമായി പൊളിച്ചുനീക്കണമെന്നും ഇതിനായി റവന്യൂ അധികൃതരുടെ സാന്നിധ്യവും ശക്തമായ പോലീസ് സംരക്ഷണവും തേടണമെന്നും ആവശ്യപ്പെട്ട് നേതാക്കൾ ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. കയ്യേറ്റ ഭൂമിയിലെ പ്രവൃത്തികൾ പൂർണ്ണമായി തടയുമെന്നും കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഔദ്യോഗിക നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾക്ക് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പുനൽകി. പ്രദേശത്ത് മനപ്പൂർവ്വം വർഗീയ ധ്രുവീകരണവും ക്രമസമാധാന പ്രശ്നങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും നേതാക്കൾ കർശനമായി ആവശ്യപ്പെട്ടു.
ഉപരോധ സമരത്തെ തുടർന്ന് മഞ്ചേശ്വരം സി.ഐ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഓഫീസിലെത്തി യൂത്ത് ലീഗ് നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബി.ജെ.പി നേതാവ് ലോകേഷ് നൊണ്ട സ്ഥലത്തെത്തിയത് കനത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊതുമുതൽ കൊള്ളയടിക്കാനും നാട്ടിൽ അനാവശ്യ പ്രകോപനങ്ങൾ ഉണ്ടാക്കാനുമുള്ള ഇത്തരം സംഘപരിവാർ നീക്കങ്ങൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
മഞ്ചേശ്വരം പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ നടന്ന ശക്തമായ പ്രതിഷേധ സമരത്തിന് ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് അസീസ് കളത്തൂർ, ജില്ലാ വൈസ് പ്രസിഡൻ്റ് എ. മുക്താർ, മണ്ഡലം പ്രസിഡൻ്റ് ആസിഫ് കന്തൽ, ജനറൽ സെക്രട്ടറി ,സിദ്ദീഖ് ദണ്ഡഗോളി,മജീദ് പച്ചമ്പള, ട്രഷറർ ഫാറൂഖ് ചെക്ക്പോസ്റ്റ്,, സവാദ് അങ്കടിമൊഗർ , മുജീബ് പേരാൽ,ഹനീഫ് കുഞ്ചത്തൂർ,റിയാസ് പച്ചിലമ്പാറ,ഇർഷാദ് കുഞ്ചത്തൂർ,സമദ് അരിമല, നിസാം കൊടിയമ്മ, നൗഫൽ കൊടിയമ്മ, നിസാർ ബായർ, ജസീൽ ഹുബള്ളി, ഇർഷാദ് ചെക് പോസ്റ്റ്, ഇർഫാൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. ജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.



