ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നവൻ പറയുകയാണ്,എന്റെ മകനെ കൊല്ലാൻ നോക്കിയേ…രാഷ്ട്രീയ ഭാവിയും ഭരണവും പ്രതിസന്ധിയിൽ; സഹതാപ തരംഗമുണ്ടാക്കാൻ പുതിയ ആരോപണവുമായി നെതന്യാഹു..
മധ്യപൂർവദേശത്ത് സൈനിക നീക്കങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും കൈമുതലാക്കി ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പുതിയൊരു ആരോപണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. എന്നാൽ പതിവുപോലെ കൃത്യമായ സമയമോ, സ്ഥലമോ, ലക്ഷ്യമിട്ടത് ഏത് മകനെയാണെന്നോ ഉള്ള യാതൊരുവിധ വിവരങ്ങളും തെളിവുകളും കൈമാറാൻ അദ്ദേഹം തയ്യാറായിട്ടില്ല.
സർക്കാർ അനുകൂല മാധ്യമമായ ചാനൽ 14-ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് നെതന്യാഹു ഈ നാടകീയ വെളിപ്പെടുത്തൽ നടത്തിയത്. മറ്റു രാജ്യങ്ങളിലെ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്നു എന്ന ആഗോള വിമർശനങ്ങൾ നിലനിൽക്കെത്തന്നെ, യാതൊരു വസ്തുതാപരമായ അടിത്തറയുമില്ലാതെ സ്വന്തം കുടുംബത്തിന് നേരെ വധശ്രമമുണ്ടായി എന്ന് പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ കൗതുകമുണർത്തുന്നുണ്ട്.

തിരിച്ചടിയാകുന്ന രാഷ്ട്രീയ സാഹചര്യം
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യം കനത്ത തിരിച്ചടി നേരിടുമെന്ന് വിവിധ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്ന സമയത്താണ് ഈ പ്രസ്താവന പുറത്തുവരുന്നത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോറ്റിൽ നിന്നുള്ള ശക്തമായ വെല്ലുവിളിയും ജനപിന്തുണയിലെ ഇടിവും നെതന്യാഹുവിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
രാഷ്ട്രീയമായി തിരിച്ചടി നേരിടുമ്പോഴെല്ലാം ശത്രുരാജ്യങ്ങളുടെ ‘ഭീഷണി’ മുന്നിൽനിർത്തി സഹതാപം നേടിയെടുക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ അവകാശവാദങ്ങളെ പലരും വിലയിരുത്തുന്നത്. വ്യക്തമായ രേഖകളോ തെളിവുകളോ ഇല്ലാതെ നടത്തുന്ന ഇത്തരം ആരോപണങ്ങൾ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന വിമർശനവും ശക്തമാണ്.



