മാസ്സ് ഡയലോഗും റീൽസും ഇനി അഴികൾക്കുള്ളിൽ; ബിജിഎം ഇട്ട് പേടിപ്പിച്ച ‘ഫാൻസ് അസോസിയേഷൻ’ ഗുണ്ടകളെ ചെവിക്ക് പിടിച്ച് പൂട്ടാൻ ചെന്നിത്തലയുടെ പോലീസ് ഇനി തോക്കുമായി ഇറങ്ങും . ആഭ്യന്തരത്തിന് 100-ൽ 99 മാർക്ക്.
സോഷ്യൽ മീഡിയയിൽ സ്ലോമോഷനിൽ നടന്നു വന്ന് ബാക്ക്‌ഗ്രൗണ്ട് മ്യൂസിക് ഇട്ട് വീരാരാധന ഉണ്ടാക്കാൻ നോക്കിയ കേരളത്തിലെ ‘റീൽസ് ഗുണ്ടകൾക്ക്’ ഇനി നേരം വെളുക്കുന്നത് ജയിലിലെ കട്ടിലില്ലാത്ത തറയിലായിരിക്കും. നാട്ടുകാരെയും പോലീസിനെയും വിരട്ടി അർമാദിച്ചു നടന്ന ക്വട്ടേഷൻ-ലഹരി മാഫിയകൾക്ക് ഇരിക്കേണ്ടിടത്ത് ഇരിക്കാൻ പോലീസ് കൃത്യമായി പഠിപ്പിച്ചു കൊടുക്കുകയാണ്. സതീശൻ സർക്കാരിൽ എതിരാളികളെപ്പോലും ഞെട്ടിച്ച് ആഭ്യന്തര വകുപ്പ് നൂറിൽ 99 മാർക്കോടെ കട്ടക്ക് മുന്നേറുമ്പോൾ, ചെന്നിത്തലയെന്തുകൊണ്ട് മുഖ്യമന്ത്രിയായില്ല എന്ന് സാധാരണക്കാർ പോലും അമ്പരപ്പോടെ ചോദിച്ചുപോകുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.
‘ഓപ്പറേഷൻ തൂഫാനിൽ’ പോലീസ് കാണിച്ച ആ വിട്ടുവീഴ്ചയില്ലാത്ത കളിയുടെ ബാക്കിപത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടക്കുന്നത്. ഗുണ്ടകൾ സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രിക്കും ഇൻസ്‌പെക്ടർമാർക്കും നേരെ ഭീഷണി മുഴക്കി മാസ്സ് കാണിക്കാൻ നോക്കിയതോടെയാണ് പോലീസിന്റെ മൂഡ് മാറിയത്. അർജുൻ ആയങ്കിമാർ തുടങ്ങിയ കളിയുടെ ഫലമായി തിരുവനന്തപുരവും കൊച്ചിയും കണ്ണൂരുമെല്ലാം അരിച്ചുപെറുക്കി ഇതിനകം ഇരുപത്തൊന്നോളം വമ്പന്മാരെയാണ് പോലീസ് അപ്പാടെ പൂട്ടിക്കെട്ടി കൂട്ടിലടച്ചത്.
ഗുണ്ടകളുടെ വലുപ്പച്ചെറുപ്പവും ക്രിമിനൽ പാരമ്പര്യവും നോക്കി ‘ഗ്രേഡ്’ തിരിച്ചാണ് ഓരോ പോലീസ് സ്റ്റേഷനിലും പ്രത്യേക സ്ക്വാഡുകൾ വലവിരിച്ചിരിക്കുന്നത്. ക്വട്ടേഷൻ ടീമുകൾ, തെരുവ് പോക്കിരികൾ, റിയൽ എസ്റ്റേറ്റ്-ഭൂമാഫിയകൾ, ലഹരി സംഘങ്ങൾ എന്നിങ്ങനെ തരംതിരിച്ച് വ്യക്തമായ കണക്കെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അപ്രതീക്ഷിത പരിശോധനകൾ നടക്കുകയാണ്. അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിക്കാൻ ടെലഗ്രാമിലൂടെയും രഹസ്യ ആപ്പുകളിലൂടെയും പ്ലാൻ തയാറാക്കുന്ന ഡിജിറ്റൽ ‘ബുദ്ധിജീവി’ ഗുണ്ടകളുടെ ഓരോ നീക്കവും ഇനി പോലീസ് അപ്പപ്പോൾ അറിയും.

ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളും ഇവരുമായി ബന്ധപ്പെടുന്ന ഇടനിലക്കാരുടെ ചലനങ്ങളും വരെ നിരീക്ഷണത്തിലാണ്. പുതിയൊരു കേസിൽ കൂടി തലവെച്ചാൽ ഒട്ടും ദാക്ഷിണ്യമില്ലാതെ കാപ്പ ചുമത്തി അകത്തിടാനാണ് എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ ഗ്രിപ്പ്’ തീരുമാനിച്ചിരിക്കുന്നത്. പണി നിർത്തി മാന്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരെ ഭാരതീയ ന്യായസംഹിത പ്രകാരം നല്ലനടപ്പിന് വിടാനും ആഭ്യന്തര വകുപ്പ് തയാറാണ്.
ഇതിനെല്ലാം പുറമെ, ഗുണ്ടകളെ നേരിടാൻ പോലീസിനെ കൂടുതൽ സജ്ജമാക്കുന്ന ചില നിർണായക നീക്കങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. എസ്.എച്ച്.ഒ മാരായി മാറുന്ന എസ്.ഐ മാർക്ക് തോക്ക് ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. എസ്.എച്ച്.ഒ മാർക്ക് മുകളിലുള്ള ക്രമസമാധാന ചുമതലയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഔദ്യോഗികമായി തോക്ക് കൈകാര്യം ചെയ്യുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ ഇനിയും പുറത്തിറങ്ങിയിട്ടില്ലെങ്കിലും, ഗുണ്ടാപ്പടയെ നേരിടാൻ പോലീസ് പൂർണ സജ്ജമാകുകയാണെന്ന സൂചനയാണിത് നൽകുന്നത്. വീരനായകന്മാരായി സ്വയം ചമഞ്ഞുനടന്ന ഗുണ്ടകളെ ഓരോരുത്തരെയായി ചെവിക്ക് പിടിച്ച് ഇരുത്തേണ്ടിടത്ത് ഇരുത്താൻ പോലീസ് തുടങ്ങിയതോടെ മാസ്സ് ബിജിഎമ്മുകളൊക്കെ ഓഫാക്കി ജീവനും കൊണ്ടോടേണ്ട ഗതികേടിലാണ് കേരളത്തിലെ ഗുണ്ടാസംഘങ്ങൾ.



