തലയോട്ടി തകർന്ന് ചോരവാർന്ന നിലയിൽ യുവാവ്: പോലീസ് എത്തുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആമ്പലത്തറ സ്വദേശി എന്തിന് ബേക്കൽ റെയിൽവേ പാളത്തിലെത്തി? ചോദ്യങ്ങൾ ബാക്കിയാക്കി ആ അപകടം!
കാഞ്ഞങ്ങാട് ബേക്കൽ റെയിൽവേ പാളത്തിൽ ട്രെയിൻ തട്ടി ആമ്പലത്തറ സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വലിയ ദുരൂഹതകളും ആശങ്കകളും പുകയുന്നു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. മംഗലാപുരം ഭാഗത്തേക്ക് പോയ ഒക്കെ എക്സ്പ്രസ് തട്ടിയാണ് ആമ്പലത്തറ ടൗണിന് സമീപത്തെ കുളത്തിനടുത്ത് താമസിക്കുന്ന ഹാരിസിന്റെ മകൻ ഹാഫിസിന് (22) ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ് രക്തം വാർന്ന് റെയിൽവേ ട്രാക്കിന് സമീപം കിടന്ന യുവാവിനെ ബേക്കൽ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വി. വി. രാജേഷ് കുമാർ, പ്രൊബേഷൻ എ.എസ്.ഐ പ്രിൻസ് ജോൺ എന്നിവർ ചേർന്നാണ് സമയബന്ധിതമായി ആശുപത്രിയിലെത്തിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തലയോട്ടിയുടെ ഒരു ഭാഗം പൊളിഞ്ഞ നിലയിലായിരുന്ന യുവാവിനെ ആദ്യം ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പോക്കറ്റിലുണ്ടായിരുന്ന ഫോണിൽ നിന്നും സിം കാർഡ് ഊരിയെടുത്ത് പോലീസുകാർ നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞതും ബന്ധുക്കളെ വിവരമറിയിച്ചതും. പ്രാഥമികമായി ജില്ലാ ആശുപത്രിയിലും തുടർന്ന് കാസർകോട്ടെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഹാഫിസ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവാവ് സഞ്ചരിച്ച സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുമുണ്ട്.
എന്നാൽ ഈ അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന ചോദ്യം പ്രദേശവാസികളിൽ വലിയ ഭീതി പടർത്തുന്നു. ആമ്പലത്തറ സ്വദേശിയായ യുവാവ് എന്തിനാണ് ബേക്കൽ റെയിൽവേ പാളത്തിന് സമീപത്ത് എത്തിയത് എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. ബേക്കൽ റെയിൽവേ പാളത്തിന് പരിസരത്തും ബേക്കൽ പോയിന്റിന് മുമ്പിലുള്ള സീ പാർക്കിന് സമീപമുള്ള വിജനമായ ഇടങ്ങളിലും കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ലഹരി-ചൂതാട്ട മാഫിയകൾ തമ്പടിക്കുന്നതായി പരാതിയുണ്ട്.

ആരുടെയും ശ്രദ്ധ പതിയാത്ത, വെളിച്ചമില്ലാത്ത ഇരുട്ടുനിറഞ്ഞ റെയിൽവേ പാളങ്ങളും വിജനമായ പരിസരങ്ങളുമാണ് ഇത്തരക്കാർ തങ്ങളുടെ താവളമാക്കുന്നത്. പൊതുജനങ്ങളുടെയോ പോലീസിന്റെയോ കണ്ണുവെട്ടിക്കാൻ എളുപ്പമാണെന്നത് ഇവിടുത്തെ അധോലോക സംഘങ്ങൾക്ക് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ചീട്ടുകളി സംഘങ്ങൾക്ക് പുറമേ കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും ഈ ഇരുട്ടുമറകളിൽ സജീവമാണ്.
മദ്യത്തിലും മാരക ലഹരിമരുന്നുകളിലും അമർന്ന് സ്വബോധം നഷ്ടപ്പെടുന്ന ചെറുപ്പക്കാർ, തൊട്ടടുത്തു കൂടെ പോകുന്ന ട്രെയിനുകളുടെ ഇരമ്പക്കം പോലും തിരിച്ചറിയാനാകാതെ അപകടങ്ങളിൽപ്പെടുന്നത് ഗൗരവപരമായി തന്നെ കാണണം. അമിത ലഹരിയിൽ നിയന്ത്രണം വിട്ട് ട്രാക്കുകളിലേക്ക് വീഴുന്നതും, അപായ സാധ്യതകൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നതും പലപ്പോഴും ജീവൻ തന്നെ പൊലിയുന്ന ദുരന്തങ്ങളിലേക്കാണ് വഴിമാറുന്നത്.
ലഹരി വ്യാപാരവും അനധികൃത ചൂതാട്ടവും തടസ്സമില്ലാതെ നടക്കുന്ന ഇത്തരം കേന്ദ്രങ്ങളിലേക്ക് നാടിന്റെ നട്ടെല്ലാവേണ്ട ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നത് വലിയൊരു സാമൂഹിക വിപത്താണ്. ബേക്കൽ മേഖലയിലെ ഇത്തരം മാഫിയാ പ്രവർത്തനങ്ങൾക്കും റെയിൽവേ പരിസരങ്ങളിലെ ഇരുട്ടുമറകൾക്കുമെതിരെ അധികൃതരുടെ ശക്തമായ ഇടപെടലുണ്ടായില്ലെങ്കിൽ ഇനിയും ഒട്ടേറെ നിരപരാധികളായ ചെറുപ്പക്കാരുടെ ജീവിതങ്ങൾ ഹോമിക്കപ്പെടും. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് സമഗ്രമായ അന്വേഷണവും ഈ മേഖലയിലെ മാഫിയാ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളും അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.



