ദുർഗയും ലക്ഷ്മിയും സരസ്വതിയും മാലാഖമാർ;സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ‘അടിയന്തര ഫത്വ’ ഇറക്കി പ്രശ്നം തീർക്കണം; എ.പി. അബ്ദുല്ലക്കുട്ടിയുടെ പുതിയ വന്ദേമാതരം ‘തിയറി’ ചർച്ചയാകുമ്പോൾ..
കണ്ണൂർ: വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് മുസ്ലിം മതവിശ്വാസത്തിന് വിരുദ്ധമാണെന്ന വാദം തെറ്റാണെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇത് തിരുത്തിപ്പറഞ്ഞ് ഒരു അടിയന്തര ‘ഫത്വ’ ഇറക്കിയാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളൂവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

ഇസ്ലാമിലെ പ്രധാനപ്പെട്ട ആറ് ഈമാൻ കാര്യങ്ങളിൽ ഒന്നാണ് അമ്പിയാ മുർസലീങ്ങളിലും (പ്രവാചകന്മാർ) മലക്കുകളിലും (മാലാഖമാർ) വിശ്വസിക്കുക എന്നത്. ഈ പ്രമാണപ്രകാരം വന്ദേമാതരത്തിൽ പരാമർശിക്കപ്പെടുന്ന ദുർഗയെയും ലക്ഷ്മിയെയും സരസ്വതിയെയും വിദ്യയുടെയും ഐശ്വര്യത്തിന്റെയും മാലാഖമാരായി കണ്ട് ബഹുമാനിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് അബ്ദുല്ലക്കുട്ടിയുടെ വാദം.
ദേശീയഗാന വിവാദത്തിൽ മുസ്ലിം ലീഗ് നേതാക്കൾ സ്വീകരിക്കുന്നത് മുഹമ്മദലി ജിന്നയുടെ ഭാഷയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഖാൻ അബ്ദുൽ ഗഫാർ ഖാന്റെ പഠാൻ സൈന്യവും മൗലാനാ അബുൽ കലാം ആസാദും വന്ദേമാതരത്തിന്റെ വലിയ ആരാധകരായിരുന്നു. ബംഗാൾ വിഭജന കാലത്ത് ഹിന്ദു-മുസ്ലിം ഐക്യം ദൃഢമാക്കാൻ ഈ ഗാനം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പണ്ട് ഫോട്ടോ എടുക്കൽ, നൃത്തം, പാട്ട്, വാദ്യോപകരണങ്ങൾ, സിനിമ തുടങ്ങിയവ ഹറാമായി (മതവിരുദ്ധം) കരുതിയിരുന്ന മുസ്ലിം സമൂഹം ഇന്ന് അതിൽ നിന്നൊക്കെ ഏറെ മാറിയിട്ടുണ്ട്. സിനിമയുടെ തന്നെ ഏറ്റവും വലിയ വക്താക്കളും പ്രയോക്താക്കളും ഇന്ന് മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. വോട്ട് ബാങ്ക് ഭദ്രമാക്കാനും സമുദായത്തെ പ്രീണിപ്പിക്കാനും വേണ്ടി ദേശീയ ചിഹ്നങ്ങളെ എതിർക്കുന്നത് അവസാനിപ്പിക്കണം. വന്ദേമാതരം പൂർണ്ണമായി പാടുന്നതിൽ മതവിശ്വാസത്തിന് യാതൊരു തടസ്സവുമില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന പ്രശസ്ത നോവലിൽ നിന്നുള്ള വരികളാണ് വന്ദേമാതരം. ഗാനത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാതൃഭൂമിയെ വന്ദിക്കുന്നതാണെങ്കിലും, തുടർന്നുള്ള വരികളിൽ ദുർഗ്ഗ, ലക്ഷ്മി തുടങ്ങിയ ദേവിമാരോടാണ് നാടിനെ ഉപമിക്കുന്നത്. ദൈവത്തിന് പുറമെ മറ്റൊന്നിനെയും ആരാധിക്കരുത് എന്ന തൗഹീദ് (ഏകദൈവവിശ്വാസം) പ്രമാണമാക്കുന്ന ഇസ്ലാമിക വിശ്വാസത്തിന് ഇത് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരമ്പരാഗത മുസ്ലിം സംഘടനകൾ സിഖ് മതവിശ്വാസികളും ഇതിന്റെ പൂർണ്ണരൂപം ആലപിക്കുന്നതിനെ എതിർക്കുന്നത്.
മുൻപ് സി.പി.എമ്മിലും പിന്നീട് കോൺഗ്രസിലും പ്രവർത്തിച്ച്, നിലവിൽ ബി.ജെ.പിയിൽ എത്തിയ നേതാവാണ് എ.പി. അബ്ദുല്ലക്കുട്ടി. ഇസ്ലാമിക പ്രമാണങ്ങളെ സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിച്ചുള്ള അബ്ദുല്ലക്കുട്ടിയുടെ ഈ ‘മതസൗഹാർദ്ദ തിയറി’ക്ക് സമസ്ത അടക്കമുള്ള മതസംഘടനകൾ എന്ത് മറുപടി നൽകുമെന്നാണ് ഇനി അറിയേണ്ടത്.



