കാസർകോട് മെഡിക്കൽ കോളേജിന് വേഗം കൂട്ടും; അക്കാദമിക് ബ്ലോക്ക് ഒക്ടോബറിൽ, ആശുപത്രി ബ്ലോക്ക് ഡിസംബറിൽ പൂർത്തിയാക്കും
ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് നിർമ്മാണം മന്ത്രി കെ.എം. ഷാജി അവലോകനം ചെയ്തു | പുതിയ എം.ബി.ബി.എസ്. ബാച്ചിന് അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കും
കാസർകോട്: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ നിർണായക തീരുമാനങ്ങൾ. മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്ക് ഒക്ടോബറിലും ആശുപത്രി കെട്ടിടത്തിലെ പ്രധാന ബ്ലോക്ക് ഡിസംബറിലും മറ്റു പ്രധാന ബ്ലോക്കുകൾ അടുത്ത മാർച്ചിലും പൂർത്തിയാക്കാൻ തീരുമാനമായി. ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് സമയപരിധി നിശ്ചയിച്ചത്.
പുതിയ എം.ബി.ബി.എസ്. ബാച്ചിലേക്ക് പ്രവേശനത്തിന് അനുമതി ലഭിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർമ്മാണ ഏജൻസികൾക്കും മന്ത്രി കർശന നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും കാസർകോട് വികസന പാക്കേജിൽ അനുവദിച്ച തുക ധനകാര്യ വകുപ്പിൽ നിന്ന് ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിന്റെ പൂർണമായ പ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ തസ്തികകളും അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി ബ്ലോക്കും പെൺകുട്ടികളുടെ ഹോസ്റ്റലും ഡിസംബറിൽ
ഹോസ്പിറ്റൽ കാഷ്വൽ ഒ.പി., ബ്ലഡ് ബാങ്ക് തുടങ്ങിയ നിർണായക സൗകര്യങ്ങൾ ഉൾപ്പെടുന്ന സി ബ്ലോക്കിന്റെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കും. പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണവും ഡിസംബറിനകം പൂർത്തിയാക്കാനാണ് തീരുമാനം. വിദ്യാർഥികളുടെ ഹോസ്റ്റൽ സൗകര്യങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു.
കിഫ്ബി, യു.എൽ.സി.സി., കിറ്റ്കോ എന്നിവയുടെ സംയുക്ത യോഗം ഒരാഴ്ചയ്ക്കകം കിറ്റ്കോ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ ചേരാനും തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കാനും യോഗം നിർദ്ദേശിച്ചു.
75 ദിവസത്തിനകം ലാബ് സൗകര്യങ്ങൾ
മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കാവശ്യമായ ലാബ് സംവിധാനങ്ങൾ 75 ദിവസത്തിനകം സജ്ജീകരിക്കുമെന്ന് കെ.എം.സി.എൽ. പ്രതിനിധി യോഗത്തിൽ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം അടിയന്തരമായി പരിഹരിക്കണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ. ആവശ്യപ്പെട്ടു.
അക്കാദമിക് ബ്ലോക്ക്, ആശുപത്രി കെട്ടിടം, ഹോസ്റ്റലുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട നിർമ്മാണ കരാർ കമ്പനികളോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിന്റെ വികസന പുരോഗതി ജില്ലാ കളക്ടർ എല്ലാ മാസവും നേരിട്ട് അവലോകനം ചെയ്യുന്നുണ്ടെന്നും അറിയിച്ചു.
യോഗത്തിൽ നിർമ്മാണ ഏജൻസിയായ കിറ്റ്കോ മാനേജിംഗ് ഡയറക്ടർ പി. രാജേഷ് നിർമ്മാണ പുരോഗതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പ്രവീൺ, കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺകുമാർ എന്നിവർ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അനിവാര്യമായ കാര്യങ്ങൾ വിശദീകരിച്ചു.
എ.കെ.എം. അഷറഫ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, എൺമകജെ പഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശങ്കര, മാഹിൻ കേളോട്ട്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കിറ്റ്കോ, കാസർകോട് വികസന പാക്കേജ് എന്നിവയുടെ പ്രതിനിധികളും ജില്ലാ സാമൂഹികനീതി ഓഫീസർ ആര്യ പി. രാജ് ഉൾപ്പെടെയുള്ള വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.
പുതിയ എം.ബി.ബി.എസ്. ബാച്ചിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമയപരിധി നിശ്ചയിച്ചതോടെ കാസർകോട് മെഡിക്കൽ കോളേജിന്റെ പൂർണ പ്രവർത്തനത്തിലേക്കുള്ള നീക്കങ്ങൾക്ക് പുതിയ വേഗം കൈവന്നിരിക്കുകയാണ്.



