വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പൂച്ചക്കാട് എസ്‌ബിഐ ജീവനക്കാരി അനുശ്രീ ആത്മഹത്യ ചെയ്തു ഡിസംബർ 26ന് വിവാഹം നടക്കാനിരിക്കെയാണ് 25കാരിയുടെ അപ്രതീക്ഷിത മരണം
പൂച്ചക്കാട്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവ ബാങ്ക് ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേക്കരയിലെ തയ്യിൽ വീട്ടിൽ കെ. ചന്ദ്രന്റെയും റീനയുടെയും മകൾ പി. അനുശ്രീ (25)യാണ് ആത്മഹത്യ ചെയ്തത്.
കർണാടകയിലെ ഉൻസൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. വിവാഹം ഉറപ്പിച്ചിരുന്ന യുവതിയുടെ വിവാഹം ഡിസംബർ 26ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങൾക്കിടെയുണ്ടായ അപ്രതീക്ഷിത മരണം കുടുംബത്തെയും ബന്ധുക്കളെയും നാട്ടുകാരെയും നടുക്കി.

ജോലി ചെയ്യുന്ന ബാങ്കിന് സമീപത്തെ താമസസ്ഥലത്താണ് അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ഉൻസൂരിലേക്ക് പോയിട്ടുണ്ട്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന അനുശ്രീ മട്ടന്നൂർ പ്രഗതി പി.എസ്.സി കോച്ചിങ് സെന്ററിൽ പരിശീലനം നേടിയ ശേഷമാണ് ബാങ്ക് ജോലി നേടിയത്. കഠിനാധ്വാനത്തിലൂടെ ജോലി സ്വന്തമാക്കിയ അനുശ്രീയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് തീരാനഷ്ടമായി.
നീലേശ്വരം മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തി വരികയാണ് പിതാവ് കെ. ചന്ദ്രൻ. ചന്ദ്രൻ-റീന ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. അനുശ്രീയുടെ സഹോദരി പി. ശ്രീലക്ഷ്മി കേരള പൊലീസ് കോച്ചിങ്ങിന് പഠിച്ചുവരികയാണ്. വിവാഹത്തിന്റെ സന്തോഷത്തിനായി ഒരുങ്ങിയിരുന്ന വീട്ടിൽ നിന്ന് അനുശ്രീയുടെ വിയോഗവാർത്തയെത്തിയത് നാടിനും കുടുംബത്തിനും ഒരുപോലെ വേദനയായി.



