മഴയുടെ ശക്തി കുറഞ്ഞു; നീലേശ്വരത്ത് വെള്ളമിറങ്ങിത്തുടങ്ങി, കാസർകോടിന് വലിയ ആശ്വാസം
കാസർകോട്: ജില്ലയെ ആശങ്കയിലാഴ്ത്തിയ കനത്ത മഴയ്ക്കും പ്രകൃതിക്ഷോഭങ്ങൾക്കും ശമനമായതോടെ കാസർകോട് ആശ്വാസ തീരത്തേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ തകർത്തുപെയ്ത മഴയുടെ ശക്തി കുറഞ്ഞതോടെ പ്രളയഭീഷണിയിലായിരുന്ന താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. വലിയ നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി .
മഴ മാറിനിൽക്കുന്നു; പ്രദേശവാസികൾ ശുചീകരണത്തിൽ
ശക്തമായ മഴയുണ്ടാകുമെന്ന മുൻപ്രവചനങ്ങൾക്കിടയിലും ജില്ലയിൽ നിലവിൽ മഴ മാറിനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും ചിലയിടങ്ങളിൽ നേരിയ മഴ മാത്രമാണ് ലഭിച്ചത്.
നീലേശ്വരത്ത് വെള്ളക്കെട്ടിലായ വീടുകളിൽ നിന്നും വെള്ളം പെട്ടെന്ന് ഇറങ്ങിത്തുടങ്ങിയതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളിലാണ്. വെള്ളം പൂർണ്ണമായും ഇറങ്ങിയ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തീരദേശത്ത് ശാന്തത
കഴിഞ്ഞ ദിവസങ്ങളിൽ കടലാക്രമണം രൂക്ഷമായി തീരദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരുന്നെങ്കിലും ഇന്ന് കടലാക്രമണത്തിന്റെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻദിവസങ്ങളിൽ ഭീഷണി നിലനിന്നിരുന്ന കാവുകോഴി, ഉപ്പള ശാരദാ നഗർ, കുമ്പള കോഴിപ്പാടി കടപ്പുറം എന്നിവിടങ്ങളിലൊന്നും ഇന്ന് കാര്യമായ കടലാക്രമണമോ പുതിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കരകവിഞ്ഞ് പുഴകൾ; എങ്കിലും ഭീഷണിയില്ല
ജില്ലയിലെ പ്രധാന നദികളായ തേജസ്വിനി, ചന്ദ്രഗിരി, മധുവാഹിനി എന്നിവ ഇപ്പോഴും കരകവിഞ്ഞാണ് ഒഴുകുന്നത്. മധുവാഹിനിപ്പുഴ കരകവിഞ്ഞെങ്കിലും സമീപത്തെ ജനവാസ മേഖലകളിലേക്ക് വെള്ളം കയറാത്തത് വലിയ ദുരന്തം ഒഴിവാക്കി. എല്ലാ വർഷവും മഴക്കാലത്ത് വെള്ളക്കെട്ട് പതിവാകുന്ന പ്രദേശങ്ങളിൽ പോലും ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പുഴകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണെങ്കിലും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക്
നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇരുനൂറിലധികം ആളുകളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. നീലേശ്വരമടക്കമുള്ള പ്രദേശങ്ങളിൽ വീടുകളിലെ വെള്ളമിറങ്ങിത്തുടങ്ങിയതോടെ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ വീടുകൾ വൃത്തിയാക്കി തിരികെ താമസം ആരംഭിച്ചു തുടങ്ങി.
മഴ നിലയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരുടെയും വിലയിരുത്തൽ.



