പശ്ചിമേഷ്യൻ യുദ്ധം: അമേരിക്കയ്ക്ക് തിരിച്ചടി; വ്യോമസേനാ താവളങ്ങൾ മാറ്റുന്നു, ആഗോള എണ്ണവിപണിയിൽ ആശങ്ക
റിയാദ്: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ തന്ത്രപരമായ മേൽക്കോയ്മ നേടാനാകാതെ അമേരിക്ക പ്രതിസന്ധിയിൽ. ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തമായതിനെ തുടർന്ന്, വ്യോമസേനയുടെ പ്രധാന നിരീക്ഷണ വിമാനങ്ങൾ ജോർദാനിലേക്കും ഇറ്റലിയിലെ സിസിലിയിലേക്കും മാറ്റുകയാണ്.
സൈനിക താവളങ്ങൾ യുദ്ധമേഖലയിൽ നിന്ന് അകലേക്ക് മാറ്റിയത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. യുദ്ധക്കളത്തിലേക്ക് വിമാനങ്ങൾ പറന്നെത്താൻ കൂടുതൽ സമയമെടുക്കുന്നത് ഇന്ധനച്ചെലവ് വർദ്ധിപ്പിക്കുക മാത്രമല്ല, ഇറാന്റെ നീക്കങ്ങൾ കൃത്യസമയത്ത് നിരീക്ഷിച്ച് തിരിച്ചടി നൽകാനുള്ള അമേരിക്കയുടെ ശേഷിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. വ്യക്തമായ മുൻകൂട്ടി തയ്യാറാക്കിയ പ്ലാനില്ലാതെ പോരാട്ടം വ്യാപിപ്പിച്ചത് തിരിച്ചടിയായെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ വിലയിരുത്തൽ.
ഇറാനെ ചർച്ചയുടെ മേശയിലെത്തിക്കാൻ അവരുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക പരക്കെ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാൻ വഴങ്ങുന്നില്ല. ശക്തമായ ആക്രമണങ്ങൾ നേരിട്ടിട്ടും പിന്മാറാതെ ഉറച്ചുനിൽക്കുന്ന ഇറാനെതിരെ, പോരാട്ടത്തിന്റെ വ്യാപ്തി കൂട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് അമേരിക്കൻ സൈന്യം തിരിച്ചറിയുന്നു.

ആഗോള എണ്ണ വിപണിയിൽ കരിനിഴൽ
ഇതിനു പുറമേ, ഗൾഫിൽ നിന്നുള്ള എണ്ണക്കപ്പലുകൾ തടയാൻ യമനിലെ ഹൂതി വിമതർ നടത്തുന്ന നീക്കങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. പ്രധാന എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിൽ ഭീഷണി ഉയർന്നപ്പോൾ, എണ്ണ കയറ്റുമതിക്കായി സൗദി അറേബ്യ ആശ്രയിച്ചിരുന്ന ചെങ്കടൽ പാതയും ഇപ്പോൾ അപായ മേഖലയായി മാറിയിരിക്കുകയാണ്.
ബാബ് അൽ-മന്ദബ് കടലിടുക്ക് കൂടി ഹൂതികൾ അടച്ചാൽ, സൗദിക്ക് എണ്ണ പുറത്തെത്തിക്കാൻ സുരക്ഷിതമായ മറ്റ് വഴികളില്ലാതാകും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ട് സമുദ്രപാതകളും ഒരേസമയം അടയ്ക്കപ്പെട്ടാൽ, അത് ആഗോളതലത്തിൽ വലിയൊരു എണ്ണപ്രതിസന്ധിക്കും വിലക്കയറ്റത്തിനും വഴിവെക്കുമെന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങൾ.



