പുളിഞ്ചാൽ പാലം അപകടക്കെണിയാവുന്നു: ഒരു ജീവൻ പൊലിഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല
ബന്തടുക്ക: പൊയിനാച്ചി – ആലട്ടി റോഡിലെ ബന്തടുക്ക – മാണിമൂല റൂട്ടിലുള്ള പുളിഞ്ചാൽ പാലവും സമീപത്തെ റോഡും അതീവ അപകടാവസ്ഥയിലായിട്ട് നാളുകളേറെയായിട്ടും അധികൃതർ പുലർത്തുന്ന ഉദാസീനതയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു. കർണാടകയിൽ നിന്നടക്കമുള്ള നൂറുകണക്കിന് അന്തർസംസ്ഥാന വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പ്രധാന പാതയാണിത്. എന്നാൽ, യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ മരണക്കെണിയായി മാറിയിരിക്കുകയാണ് ഈ ഭാഗം.
അപകടകരമായ ഒരു വളവിലാണ് സുരക്ഷാ കൈവേലികൾ പോലുമില്ലാത്ത ഈ പഴയ പാലം സ്ഥിതി ചെയ്യുന്നത്. ഈ റൂട്ടിൽ ആദ്യമായി വരുന്ന ദൂരയാത്രക്കാർക്ക് റോഡിന്റെ അവസ്ഥയോ പാലത്തിന്റെ സാന്നിധ്യമോ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. രാത്രികാലങ്ങളിലടക്കം പല വാഹനങ്ങളും തലനാരിഴയ്ക്കാണ് ഇവിടെ വലിയ ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. കഴിഞ്ഞവർഷം കുറ്റിക്കോൽ സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവറുടെ ജീവൻ ഇവിടെയുണ്ടായ അപകടത്തിൽ പൊലിഞ്ഞിരുന്നു. ഒരു മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടും, ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പോ ബന്ധപ്പെട്ട അധികാരികളോ തയ്യാറായിട്ടില്ല എന്നത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പൊയിനാച്ചി മുതൽ കണ്ണാടിത്തോട് വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തികൾ മറ്റ് ഭാഗങ്ങളിൽ പൂർത്തിയായെങ്കിലും, പുളിഞ്ചാൽ പാലവും സമീപത്തെ ഏതാനും മീറ്റർ റോഡും മാത്രം ദുരൂഹമായ സാഹചര്യത്തിൽ അവഗണിക്കപ്പെടുകയായിരുന്നു. റോഡിലെ വൻ കുഴികൾ കാരണം യാത്ര ദുഷ്‌കരമായപ്പോൾ പ്രദേശവാസികൾ സ്വന്തം ചെലവിൽ കല്ലും മണ്ണുമിട്ട് താൽക്കാലികമായി ഇത് യാത്രായോഗ്യമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഈ മണ്ണും കല്ലും പൂർണ്ണമായും ഒലിച്ചുപോയതോടെ റോഡ് വീണ്ടും പഴയപടിയിലായി. നിലവിൽ വലിയ കുഴികള രൂപപ്പെട്ട ഈ ഭാഗത്ത് ഏതുനിമിഷവും വാഹനങ്ങൾ മറിയാവുന്ന അവസ്ഥയാണ്.

മുൻ എം.എൽ.എയും നിലവിലെ എം.എൽ.എയും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഈ സ്ഥലം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും നാട്ടുകാരുടെ ദുരിതം ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ ആ സന്ദർശനങ്ങൾ വെറും ജനവിശ്വാസം ആർജിക്കാനുള്ള പ്രഹസനങ്ങളായി മാറിയതല്ലാതെ, ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഒരു നടപടിയും ഉണ്ടായില്ല. ഇനിയും ഒരു ചോരതുടിപ്പ് ഈ റോഡിൽ ഉണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ, പുളിഞ്ചാൽ പാലം അടിയന്തരമായി പുനർനിർമിക്കാനും തകർന്നുകിടക്കുന്ന റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കാനും അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.
റിപ്പോർട്ട്: എം.എം. മാണിമൂല



