bncmalayalam.in

കൈക്കൂലി നൽകിയാണ് ഓപ്പറേഷൻ ഡേറ്റ് സംഘടിപ്പിച്ചത്; അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഓപ്പറേഷൻ, ഒടുവിൽ ജീവനറ്റ ശരീരം പുറത്തേക്ക്, കാസർഗോഡ് ഒൻപത് വയസ്സുകാരന്റെ മരണം ചികിത്സാ പിഴവെന്ന് ആക്ഷേപം

427: കൈക്കൂലി നൽകിയാണ് ഓപ്പറേഷൻ ഡേറ്റ് സംഘടിപ്പിച്ചത്; അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഓപ്പറേഷൻ, ഒടുവിൽ ജീവനറ്റ ശരീരം പുറത്തേക്ക്, കാസർഗോഡ് ഒൻപത് വയസ്സുകാരന്റെ മരണം ചികിത്സാ പിഴവെന്ന് ആക്ഷേപം

കൈക്കൂലി നൽകിയാണ് ഓപ്പറേഷൻ ഡേറ്റ് സംഘടിപ്പിച്ചത്; അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഓപ്പറേഷൻ, ഒടുവിൽ ജീവനറ്റ ശരീരം പുറത്തേക്ക്, കാസർഗോഡ് ഒൻപത് വയസ്സുകാരന്റെ മരണം ചികിത്സാ പിഴവെന്ന് ആക്ഷേപം

കാസർഗോഡ്, ജൂലൈ 15: പൊക്കിളിൽ നിന്ന് നേരിയ രീതിയിൽ വെള്ളം വരുന്ന ഒരു ചെറിയ പ്രശ്നത്തിന് ചികിത്സ തേടിയെത്തിയ ഒൻപത് വയസ്സുകാരൻ ഇയാഷിന്റെ ദാരുണമായ മരണം കാസർഗോഡ് ജനറൽ ആശുപത്രിയെ കടുത്ത പ്രതിഷേധത്തിലാഴ്ത്തുന്നു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തി. കുഞ്ഞിന്റെ സർജറിക്കായി ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്നും, പണം നൽകിയ ശേഷമാണ് സർജറിക്കുള്ള തീയതി കുറിച്ചു നൽകിയതെന്നുമുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അഷ്റഫ് സഖാഫി-ബുഷ്റ ദമ്പതികളുടെ മകനായ ഇയാഷിനെ മൂന്ന് മാസം മുൻപാണ് പൊക്കിളിലെ ചെറിയ അസുഖത്തെ തുടർന്ന് കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിക്കുന്നത്. ഭാവിയിൽ ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാൻ ഒരു ചെറിയ സർജറി ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, തീയതിക്കായി മാസങ്ങൾ നീണ്ട കാത്തിരിപ്പാണ് ആശുപത്രി അധികൃതർ നൽകിയത്. കുഞ്ഞിന്റെ വേദന കണ്ട് സഹിക്കാനാവാതെ സർജറി പെട്ടെന്ന് നടത്തിക്കിട്ടാൻ അപേക്ഷിച്ച മാതാപിതാക്കളോട്, പണം നൽകിയാൽ മാത്രമേ പെട്ടെന്ന് ഡേറ്റ് ലഭിക്കൂ എന്ന് വ്യക്തമാക്കുകയായിരുന്നു. അനസ്തേഷ്യക്കുള്ള തുക എന്ന വ്യാജേന ₹2000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
പണം നൽകാതെ കുഞ്ഞിന്റെ സർജറി നടക്കില്ലെന്ന് മനസ്സിലാക്കിയ പിതാവ് കഴിഞ്ഞ ആഴ്ച ഡോക്ടറുടെ അരികിലെത്തി ആവശ്യപ്പെട്ട ₹2000 രൂപ കൈക്കൂലിയായി കൈമാറി. പണം കയ്യിൽ കിട്ടിയതിന് ശേഷമാണ് ഡോക്ടർ സർജറിക്കുള്ള തീയതി കൃത്യമായി കുറിച്ചു നൽകിയത്. കൈക്കൂലിയും മറ്റു നടപടിക്രമങ്ങളും എല്ലാം കഴിഞ്ഞ് ഇന്നലെയാണ് ഇയാഷിനെ സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫുൾ അനസ്തേഷ്യ നൽകേണ്ടതില്ലെന്നും, ചെറിയ രീതിയിലുള്ള അനസ്തേഷ്യ മാത്രം നൽകിയാൽ മതിയെന്നുമായിരുന്നു ഡോക്ടർമാർ ആദ്യം മാതാപിതാക്കളെ അറിയിച്ചിരുന്നത്. ഇന്ന് രാവിലെ 8:00 മണിയോടെയാണ് കുഞ്ഞിനെ സർജറി തീയേറ്ററിലേക്ക് മാറ്റിയത്. ഡോക്ടർ സുനിൽ ചന്ദന്റെ നേതൃത്വത്തിൽ സർജറി പൂർത്തിയായെന്നും റിക്കവറി ഘട്ടത്തിലാണെന്നുമാണ് ആദ്യം അറിയിച്ചതെങ്കിലും, പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. സർജറിക്ക് ശേഷം കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും പൾസ് ക്രമാതീതമായി താഴേക്ക് പോവുകയുമായിരുന്നു. ഒടുവിൽ 11:30 മണിയോടെ ആ ഒൻപത് വയസ്സുകാരന്റെ ഹൃദയമിടിപ്പ് പൂർണ്ണമായും നിലച്ചു.
നേരെ കളിച്ചും പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഞാൻ കൊണ്ടുപോയി കൊന്നത് പോലെ ആയിപ്പോയല്ലോ എന്നാണ് നെഞ്ചുപൊട്ടുന്ന വേദനയോടെ പിതാവ് അഷ്റഫ് സഖാഫി പറയുന്നു. അവർ ചോദിച്ച പണം ഞാൻ കൈക്കൂലിയായി നൽകിയതാണ് , എന്നിട്ടും അവർ ശരിയായ രീതിയിൽ എന്റെ മകനെ പരിഗണിച്ചില്ല എന്ന് കരുത്തേണ്ടി വരുന്നു .

ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച മകൻ ഇയാഷിന്റെ വേർപാട് താങ്ങാനാവാതെ ഉമ്മ ബുഷ്റയും സഹോദരങ്ങളായ ഇഷാമയും ഇസ്മത്തും തളർന്നിരിക്കുകയാണ്. പണം വാങ്ങി ഡേറ്റ് നൽകിയിട്ടും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. സംഭവത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്നാണ് കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഒരു നിസ്സാര രോഗവിവരവുമായി ആശുപത്രിയിലെത്തിച്ച് ഒടുവിൽ ജീവനറ്റ ശരീരവുമായി മടങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെ കണ്ണീര് കണ്ടുനിൽക്കുന്നവരുടെയും നെഞ്ചുലയ്ക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *