bncmalayalam.in

ആറുകൊലകൾ, കോടികളുടെ കടം, ഒടുവിൽ അന്ത്യം; ഒരു പോക്സോ കേസ്, തകർത്തത് രണ്ട് കുടുംബങ്ങൾ; ഷാബാദ് കൂട്ടക്കൊലയ്ക്ക് പിന്നിൽ ഓൺലൈൻ ബെറ്റിങ് കെണിയും?

425: ആറുകൊലകൾ, കോടികളുടെ കടം, ഒടുവിൽ അന്ത്യം; ഒരു പോക്സോ കേസ്, തകർത്തത് രണ്ട് കുടുംബങ്ങൾ; ഷാബാദ് കൂട്ടക്കൊലയ്ക്ക് പിന്നിൽ ഓൺലൈൻ ബെറ്റിങ് കെണിയും?

കൊലയ്ക്ക് മുമ്പ് സെൽഫി വീഡിയോ; സ്റ്റാമ്പ് പേപ്പറിൽ ആത്മഹത്യാക്കുറിപ്പെന്ന് പൊലീസ്; ഓൺലൈൻ ബെറ്റിങ്ങിൽ കോടികളുടെ കടമെന്നും അന്വേഷണം

ഹൈദരാബാദ്: തെലങ്കാനയെ നടുക്കിയ ഷാബാദ് കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി പി. രാജ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ അറുപത് മണിക്കൂറിലേറെ നീണ്ട പൊലീസ് തിരച്ചിലിന് അവസാനമായി. എന്നാൽ രണ്ട് കുടുംബങ്ങളിലെ ആറുപേരുടെ ജീവനെടുത്ത ക്രൂരതയിലേക്ക് രാജ് കുമാറിനെ നയിച്ചത് എന്തെന്ന ചോദ്യത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവരുന്നത്.

രംഗാ റെഡ്ഡി ജില്ലയിലെ ഷാബാദ് മേഖലയിൽ നടന്ന കൂട്ടക്കൊലയിൽ പോക്സോ കേസിലെ പരാതിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, പെൺകുട്ടിയുടെ മാതാവ്, മുത്തശ്ശി, രാജ് കുമാറിന്റെ ഭാര്യ, രണ്ട് ആൺമക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ രാജ് കുമാർ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ആസൂത്രിതമെന്ന് സംശയിക്കുന്ന കൊലപാതക പരമ്പര അരങ്ങേറിയത്.

ഒളിവിലായിരുന്ന രാജ് കുമാറിന്റെ മൃതദേഹം കോത്തൂർ മേഖലയിലെ പെൻജർല ഗ്രാമത്തിന് സമീപമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് കീടനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ് കുമാറിന്റെ മൃതദേഹം തന്നെയാണെന്ന് ഫ്യൂച്ചർ സിറ്റി പൊലീസ് കമ്മിഷണർ തരുൺ ജോഷി സ്ഥിരീകരിച്ചു. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. അതേസമയം ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ തുടരുകയാണ്.

കൊലയ്ക്ക് മുമ്പ് സെൽഫി വീഡിയോ; ‘എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു’

കേസിൽ നിർണായകമാകുന്ന സെൽഫി വീഡിയോ രാജ് കുമാറിന്റെ മൊബൈൽ ഫോണിൽനിന്ന് പൊലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൊലപാതകങ്ങൾക്ക് മുമ്പ് റെക്കോർഡ് ചെയ്തതായി കരുതുന്ന വീഡിയോയിൽ തന്റെ സാമ്പത്തിക തകർച്ചയെക്കുറിച്ചും പോക്സോ കേസിനെക്കുറിച്ചുള്ള പകയെക്കുറിച്ചും രാജ് കുമാർ സംസാരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

താൻ വഞ്ചിക്കപ്പെട്ടുവെന്നും സ്വത്ത് നഷ്ടപ്പെട്ടുവെന്നും സാമ്പത്തികമായി തകർന്നുവെന്നും രാജ് കുമാർ വീഡിയോയിൽ ആരോപിച്ചതായാണ് റിപ്പോർട്ടുകൾ. പരാതിക്കാരിയുടെ കുടുംബത്തെയാണ് തന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദികളായി ഇയാൾ ആരോപിക്കുന്നത് .

എന്നാൽ പ്രതിയുടെ വീഡിയോയിലെ ആരോപണങ്ങൾ അന്വേഷണസംഘം പരിശോധിക്കുകയാണ് .നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ നാലുപേജുള്ള ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതായി രാജ് കുമാർ വീഡിയോയിൽ പറഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒരു കുറിപ്പ് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല .

ആദ്യം പെൺകുട്ടിയുടെ വീട്ടിലേക്ക്; പിന്നാലെ സ്വന്തം കുടുംബത്തെയും ഇല്ലാതാക്കി

ജൂലൈ 10ന് രാത്രി രാജ് കുമാർ വാടകയ്ക്ക് എടുത്ത വാഹനത്തിൽ പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

പെൺകുട്ടിയെ സമീപത്തെ തടാക മേഖലയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് സ്വന്തം വീട്ടിലെത്തിയ രാജ് കുമാർ ഭാര്യയെയും ഉറങ്ങിക്കിടന്ന രണ്ട് മക്കളെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകങ്ങൾക്ക് ശേഷം രാജ് കുമാർ പിതാവിനെ ഫോണിൽ വിളിച്ച് ആറുപേരെ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നുവെന്നും താനും മരിക്കാൻ പോകുകയാണെന്ന് അറിയിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ഇയാളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആവുകയായിരുന്നു.

ബസ് മാറിമാറി യാത്ര; പൊലീസിനെ വട്ടംകറക്കിയ 60 മണിക്കൂർ

കൊലപാതകത്തിന് ശേഷം വാഹനം ഉപേക്ഷിച്ച രാജ് കുമാർ വിവിധ ബസുകളിൽ യാത്ര ചെയ്ത് പൊലീസിന്റെ കണ്ണുവെട്ടിക്കാൻ ശ്രമിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തിമ്മാപൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇയാളെ അവസാനമായി കണ്ടതായുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

താണ്ടൂർ, സൂര്യപേട്ട്, ശ്രീശൈലം തുടങ്ങിയ മേഖലകളിലൂടെ രാജ് കുമാർ സഞ്ചരിച്ചതിന്റെ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചു. മൃതദേഹത്തിൽനിന്ന് സർക്കാർ ബസ് ടിക്കറ്റുകളും നിരവധി സിം കാർഡുകളുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകളും കണ്ടെടുത്തതായി പൊലീസ് പറയുന്നു.

ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. രാജ് കുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഫ്യൂച്ചർ സിറ്റി പൊലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് പെൻജർലയിൽ രാജ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഓൺലൈൻ ബെറ്റിങ്; കോടികളുടെ കടബാധ്യതയെന്ന് പൊലീസ്

കൂട്ടക്കൊലയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനിടെ രാജ് കുമാറിന്റെ സാമ്പത്തിക ജീവിതത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഓൺലൈൻ ബെറ്റിങ്ങിനും ചൂതാട്ടത്തിനും അടിമപ്പെട്ടിരുന്ന രാജ് കുമാർ വൻ കടബാധ്യതയിലായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം.

ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇയാളുടെ കടബാധ്യത രണ്ട് കോടി രൂപയിൽ ഏറെയായിരുന്നു എന്ന് സംശയിക്കുന്നു. കടങ്ങൾ തീർക്കുന്നതിനായി കുടുംബസ്വത്തിന്റെ ഒരു ഭാഗം വിറ്റതായും റിപ്പോർട്ടുണ്ട്.

നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും രാജ് കുമാർ

ഉപയോഗിച്ചിരുന്നതായും ഇവയിൽ ചിലത് ഓൺലൈൻ ബെറ്റിങ് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു . കണ്ടെടുത്ത ഫോണുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് .

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2025ലും രാജ് കുമാർ കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.

പോക്സോ കേസ് കൈകാര്യം ചെയ്തതിൽ പൊലീസ് വീഴ്ച? എസ്.ഐക്ക് സസ്‌പെൻഷൻ

ആറുപേരുടെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ഷാബാദ് പൊലീസ് പോക്സോ കേസ് കൈകാര്യം ചെയ്ത രീതിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാജ് കുമാറിനെ ഉടൻ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. കേസിലെ പൊലീസ് നടപടികളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ ഷാബാദ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്.

പോക്സോ പോലുള്ള അതീവ ഗൗരവമുള്ള കേസിൽ പ്രതിക്കെതിരായ പരാതി ലഭിച്ചശേഷം സ്വീകരിച്ച നടപടികൾ, അറസ്റ്റ് വൈകിയ സാഹചര്യം, ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് പോലീസിനെതിരെ ഉയർന്നുവരുന്നത് .കേസിൽ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന ആരോപണങ്ങളും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങൾ പരിശോധിച്ചതിനുശേഷം മാത്രമേ മറുപടി പറയാൻ സാധിക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത് . രാജ് കുമാറിന്റെ മരണത്തോടെ പ്രതിയെ കോടതിയിലെത്തിച്ച് വിചാരണ ചെയ്യാനുള്ള സാധ്യതയാണ് അവസാനിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *