bncmalayalam.in

എയിംസ് പ്രൊപ്പോസലിൽ കാസർകോടിനെ ഒഴിവാക്കാൻ അനുവദിക്കില്ല’; പേര് ഉൾപ്പെടുത്തൂ, ബാക്കി പോരാട്ടം ഞങ്ങൾ നടത്താം , മുഖ്യമന്ത്രിയോട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

എയിംസ് പ്രൊപ്പോസലിൽ കാസർകോടിനെ ഒഴിവാക്കാൻ അനുവദിക്കില്ല’; പേര് ഉൾപ്പെടുത്തൂ, ബാക്കി പോരാട്ടം ഞങ്ങൾ നടത്താം , മുഖ്യമന്ത്രിയോട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

 

എയിംസ് പ്രൊപ്പോസലിൽ കാസർകോടിനെ ഒഴിവാക്കാൻ അനുവദിക്കില്ല’; പേര് ഉൾപ്പെടുത്തൂ, ബാക്കി പോരാട്ടം ഞങ്ങൾ നടത്താം , മുഖ്യമന്ത്രിയോട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോടിനെ അവഗണിച്ചാൽ ശക്തമായ ജനകീയ സമരം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; കോവിഡ് ദുരന്തവും എൻഡോസൾഫാൻ ഇരകളുടെ യാഥാർഥ്യവും ചൂണ്ടിക്കാട്ടി എം.പി

കാസർകോട്: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച എയിംസ് (AIIMS) പ്രൊപ്പോസലിന്റെ പ്രാഥമിക പട്ടികയിൽ നിന്ന് കാസർകോട് ജില്ലയെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ, “എയിംസ് പ്രൊപ്പോസലിൽ കാസർകോടിന്റെ പേര് നിർബന്ധമായും ഉൾപ്പെടുത്തണം. പേര് ഉൾപ്പെടുത്തുക, ബാക്കി പോരാട്ടം ഞങ്ങൾ നടത്തിക്കോളാം” എന്ന ഉറച്ച നിലപാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

പുല്ലൂർ–പെരിയ പഞ്ചായത്തിൽ എയിംസിനായി ഏകദേശം 2,000 ഏക്കർ ഭൂമി ലഭ്യമാക്കാൻ കഴിയുന്ന സാഹചര്യമുള്ളപ്പോഴും കാസർകോടിനെ അവഗണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് കൈമാറിയ പ്രൊപ്പോസൽ അടിയന്തരമായി പുതുക്കി കാസർകോടിന്റെ പേര് ഉൾപ്പെടുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ശക്തമായി ആവശ്യപ്പെട്ടു.

കാസർകോട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത്യാധുനിക ആരോഗ്യ സംവിധാനങ്ങളുടെ അഭാവമാണെന്നും എം.പി പറഞ്ഞു. ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയോ സമഗ്ര ട്രോമ കെയർ സംവിധാനമോ ഇല്ലാത്തതിനാൽ ഗുരുതരാവസ്ഥയിലാകുന്ന രോഗികളും അപകടത്തിൽപ്പെടുന്നവരും ചികിത്സയ്ക്കായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനെയോ കർണാടകയിലെ മംഗളൂരുവിനെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ജില്ലയിലുള്ളത്.

കോവിഡ് മഹാമാരിക്കാലത്ത് കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് സമയബന്ധിത ചികിത്സ ലഭിക്കാതെ ഇരുപതോളം കാസർകോടുകാർ അതിർത്തിയിൽ ജീവൻ നഷ്ടപ്പെടുത്തിയ ദുരന്തം അദ്ദേഹം യോഗത്തിൽ ഓർമ്മിപ്പിച്ചു. അതോടൊപ്പം, പതിറ്റാണ്ടുകളായി എൻഡോസൾഫാൻ ദുരിതത്തിന്റെ ഭാരം ചുമന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് രോഗികളും കുടുംബങ്ങളും ജീവിക്കുന്ന ജില്ലയ്ക്ക് വിദഗ്ധ ചികിത്സയും പുനരധിവാസവും ഉറപ്പാക്കാൻ എയിംസ് പോലൊരു ദേശീയ നിലവാരത്തിലുള്ള മെഡിക്കൽ സ്ഥാപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ഇത്രയും ഗുരുതരമായ ആരോഗ്യ-മാനവിക പശ്ചാത്തലം നിലനിൽക്കുമ്പോഴും എയിംസ് പ്രൊപ്പോസലിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ മടിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന ചോദ്യവും എം.പി ഉയർത്തി.

എയിംസ് വിഷയത്തിന് പുറമെ കാസർകോടിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

  • എം.പി ഫണ്ട് ഉപയോഗിച്ച് സ്കൂളുകൾക്ക് കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്ന പദ്ധതിയിലെ തടസ്സങ്ങൾ നീക്കുക.
  • കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കുകയും കാസർകോട് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യുക.
  • കരിന്തളത്ത് അനുമതി ലഭിച്ച സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ആൻഡ് നാച്ചുറോപതിയുടെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുക.
  • ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ പ്രത്യേക സംവിധാനം ഒരുക്കുക.

ഭൗമശാസ്ത്രപരമായും ആരോഗ്യസൗകര്യങ്ങളുടെ കാര്യത്തിലും ദീർഘകാലമായി പിന്നാക്കം നിൽക്കുന്ന കാസർകോടിന് എയിംസ് വെറുമൊരു മെഡിക്കൽ സ്ഥാപനം മാത്രമല്ല, ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനുള്ള അടിസ്ഥാന ആവശ്യമാണ്. അതിനാൽ എയിംസ് പ്രൊപ്പോസൽ തിരുത്തി കാസർകോടിനെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുമോയെന്നതാണ് ഇനി ജില്ലയിലെ ജനങ്ങൾ ഉറ്റുനോക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *