തിരുവനന്തപുരം: ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ടുപോകുകയാണെന്നും, ലഹരി ശൃംഖലയുടെ അടിവേരറുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 3,910 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4,201 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനകളിൽ 1.19 കിലോ എംഡിഎംഎയും 339 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇതിൽ 32 കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളും 131 ഇന്റർമീഡിയറ്റ് ക്വാണ്ടിറ്റി കേസുകളും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 131 പേരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റുകളും പരിശോധനകളും മാത്രമല്ല, ലഹരിക്കെതിരായ സാമൂഹിക പ്രതിരോധവും ശക്തമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനോടകം 3,258 ബോധവൽക്കരണ ക്ലാസുകളും 224 കൗൺസിലിംഗ് പരിപാടികളും സംഘടിപ്പിച്ചു. ലഹരിക്ക് അടിമപ്പെട്ട 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
മന്ത്രി ഏറ്റവും വലിയ ആശങ്ക പങ്കുവെച്ചത് കുട്ടികളെ ലക്ഷ്യമിട്ടുള്ള ലഹരിവ്യാപനത്തെക്കുറിച്ചാണ്. കാസർകോട് മേൽപ്പറമ്പിൽ പോലീസ് കണ്ടെത്തിയ ലഹരിമിഠായി നിർമ്മാണ കേന്ദ്രം ചൂണ്ടിക്കാട്ടിയ മന്ത്രി, നിറമുള്ള കടലാസുകളിൽ പൊതിഞ്ഞ് കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ലഹരിമിഠായികൾ നിർമ്മിക്കുന്നത് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് പറഞ്ഞു. കുട്ടികളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) ചുമത്തുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ വ്യാജചാരായം കണ്ടെത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള ചില നിയമങ്ങളിൽ മാറ്റം ആവശ്യമായി വന്നിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ ബാഗുകളും വാട്ടർ ബോട്ടിലുകളും ആവശ്യമായ സാഹചര്യങ്ങളിൽ അധ്യാപകർ പരിശോധിക്കുന്നതിൽ തെറ്റില്ലെന്നും, കുട്ടികളെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി കടത്തിന്റെ അന്തർസംസ്ഥാന ശൃംഖല തകർക്കാൻ കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളുമായി ഏകോപിതമായ നിരീക്ഷണവും വിവരശേഖരണവും ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും, കുടുംബങ്ങളും അധ്യാപകരും വിദ്യാർഥികളും യുവജന സംഘടനകളും സാംസ്കാരിക സംഘടനകളും പൊതുസമൂഹവും ഒന്നിച്ചുനിൽക്കുമ്പോഴേ ഈ വിപത്തിനെ ഫലപ്രദമായി നേരിടാനാകൂവെന്നും മന്ത്രി ആഹ്വാനം ചെയ്തു.



