സൈലൻസറിൽ തീയും നെഞ്ചിൽ ‘ലാസ്റ്റ് ഡാൻസും’; ഒടുവിൽ ഒതുക്കുങ്ങലിലെ ‘ഫയർ മാരുതിക്ക്’ പണി കൊടുക്കാൻ MVD!
മലപ്പുറം : റോഡിൽ ഒന്ന് ‘ആറാടാൻ’ ഇറങ്ങിയതായിരുന്നു കക്ഷി, പോരാത്തതിന് വണ്ടിയുടെ പിൻവശത്ത് ഗമയിൽ എഴുതിവെച്ചിട്ടുമുണ്ട്,’ലാസ്റ്റ് ഡാൻസ്’ (Last Dance) എന്ന്! എന്നാൽ ആ പേര് അന്വർത്ഥമാക്കും വിധം വണ്ടിയുടെ ഈ റോഡിലെ കളി മിക്കവാറും ‘അവസാനത്തെ നൃത്തം’ ആകുമെന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. മലപ്പുറം ഒതുക്കുങ്ങലിലാണ് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ച ഈ ‘തീപ്പൊരി’ സംഭവം നടന്നത്. പാവം ഒരു പഴയ മാരുതി 800 കാർ വാങ്ങി അതിലങ്ങട് അതിരുകടന്ന മോഡിഫിക്കേഷൻസ് നടത്തിയാണ് കില്ലാഡി രൂപത്തിലാക്കിയത്.

വെറുതെ സ്റ്റിക്കറൊട്ടിച്ച് വിട്ടതൊന്നുമല്ല, സൈലൻസറിലൂടെ ആളിപ്പടരുന്ന തീ തുപ്പുന്ന തരം യന്ത്രഭാഗങ്ങളാണ് ഇതിൽ ഘടിപ്പിച്ചത്. റോഡിലൂടെ സൈലൻസറിൽ നിന്ന് തീ തുപ്പി പായുന്ന ഈ കാറിന് പിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്. വണ്ടിക്ക് പിന്നിലെ ‘ലാസ്റ്റ് ഡാൻസ്’ എന്ന ബോർഡ് കണ്ട് നാട്ടുകാർക്ക് രസം തോന്നിയെങ്കിലും മോട്ടോർ വാഹന വകുപ്പിന് (MVD) ഇത് ഒട്ടും രസിച്ചിട്ടില്ല. മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും കനത്ത സുരക്ഷാ ഭീഷണിയുയർത്തുന്ന ഇത്തരം മോഡിഫിക്കേഷനുകൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ വണ്ടിയും ഉടമയേയും തിരഞ്ഞ് ഇറങ്ങിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയതിനും അപകടകരമായി വണ്ടിയോടിച്ചതിനും കടുത്ത നിയമനടപടികൾ കാത്തിരിക്കുന്നതിനാൽ, വണ്ടിയുടെ അടുത്ത ഡാൻസ് MVD ഓഫീസിലാകാനാണ് സാധ്യത!



