bncmalayalam.in

മുൻ നഗരസഭാ അധ്യക്ഷയുടെ കോടികളുടെ ഭൂമിയിടപാട് പുറത്ത്; ‘അതിരഹസ്യ’ രജിസ്‌ട്രേഷന് പിന്നിൽ അഴിമതി ആരോപണം?

മുൻ നഗരസഭാ അധ്യക്ഷയുടെ കോടികളുടെ ഭൂമിയിടപാട് പുറത്ത്; ‘അതിരഹസ്യ’ രജിസ്‌ട്രേഷന് പിന്നിൽ അഴിമതി ആരോപണം?

മുൻ നഗരസഭാ അധ്യക്ഷയുടെ കോടികളുടെ ഭൂമിയിടപാട് പുറത്ത്; ‘അതിരഹസ്യ’ രജിസ്‌ട്രേഷന് പിന്നിൽ അഴിമതി ആരോപണം?

കാഞ്ഞങ്ങാട്: നഗരസഭ മുൻ ചെയർപേഴ്‌സണും സിപിഎം നേതാവുമായ കെ.വി. സുജാത അതീവ രഹസ്യമായി ഒന്നരക്കോടിയോളം രൂപ വിപണി വിലവരുന്ന ഭൂമി സ്വന്തമാക്കിയ വിവരം പുറത്ത്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽപ്പെടുന്ന പുതുക്കൈ വില്ലേജിലെ കൂലോം റോഡരികിലുള്ള 41.5 സെന്റ് (രേഖകളിൽ 43.5 സെന്റ്) കണ്ണായ ഭൂമിയാണ് സുജാത സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തത്. ‘ലേറ്റസ്റ്റ്’ പത്രാധിപർ അരവിന്ദ് മാണിക്കോത്ത് പുറത്തുവിട്ട ഈ വാർത്ത വരുംദിവസങ്ങളിൽ കാഞ്ഞങ്ങാട് രാഷ്ട്രീയത്തിൽ വലിയൊരു കൊടുങ്കാറ്റിന് തിരികൊളുത്തുമെന്നുറപ്പാണ്.

നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ നടന്നത്. ജന്മാധാര പ്രകാരം രജിസ്റ്റർ ചെയ്ത ഈ ഭൂമിക്ക് ആധാരത്തിൽ കാണിച്ചിരിക്കുന്ന വില 41 ലക്ഷം രൂപ മാത്രമാണ്. എന്നാൽ, മടിക്കൈ ഗ്രാമപഞ്ചായത്ത് അതിർത്തിയോട് ചേർന്നുകിടക്കുന്ന മെക്കാഡം റോഡിന് പടിഞ്ഞാറുഭാഗത്തുള്ള ഈ ഫലഭൂയിഷ്ഠമായ പ്രദേശത്ത് നിലവിൽ ഒരു സെന്റിന് കുറഞ്ഞത് 2.20 ലക്ഷം രൂപ വരെ വിപണി വിലയുണ്ട്. ഈ കണക്കുവെച്ച് നോക്കുമ്പോൾ ഭൂമിയുടെ യഥാർത്ഥ വിപണി മൂല്യം ഒന്നരക്കോടി മുതൽ രണ്ട് കോടി രൂപ വരെ വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പാർട്ടി വൃത്തങ്ങളോ പൊതുജനങ്ങളോ സുജാത ഭൂമി വാങ്ങിയ വിവരം അറിഞ്ഞിരുന്നില്ല. നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം കൈപ്പറ്റാൻ സുജാതയും ഭർത്താവും റിട്ട. എക്സൈസ് ഉദ്യോഗസ്ഥനുമായ കുഞ്ഞമ്പുവും നേരിട്ടെത്തിയത് അതീവ രഹസ്യമായിട്ടായിരുന്നു. ഉപ്പിലിക്കൈയിൽ താമസിക്കുന്ന പരേതനായ ഏരോൽ വീട്ടിൽ രാഘവന്റെ ഭാര്യ കെ.എൻ. ചിന്താമണിയിൽ നിന്നാണ് സുജാത ഈ ഭൂമി വാങ്ങിയത് (റീസർവ്വെ നമ്പർ 26/16, പഴയ റീസർവ്വെ നമ്പർ 523, ബ്ലോക്ക് നമ്പർ 22).

ഈ ഇടപാടിന് പിന്നിൽ നിലവിലെ നഗരസഭാ ജീവനക്കാരനും മുൻ പുതുക്കൈ എൽസി സെക്രട്ടറിയുമായ സുരേഷ് മോനാച്ചയുടെ മധ്യസ്ഥതയുണ്ടെന്നാണ് വിവരങ്ങൾ. ഭൂമിയുടെ മുൻ ഉടമയായ ചിന്താമണിയുടെ മകൾ ശുഭയുടെ ഭർത്താവാണ് സുരേഷ്. സുരേഷ് സിപിഎം എൽസി സെക്രട്ടറിയായിരുന്ന കാലത്താണ് ഭാര്യ ശുഭയ്ക്ക് എൻഎച്ച്ആർഎമ്മിൽ (NHRM) ജോലി ലഭിച്ചതെന്നും ആക്ഷേപമുണ്ട്. നഗരസഭയിലെ ഒരു സ്ഥിരം ജീവനക്കാരൻ ഉൾപ്പെട്ട ഈ ഇടപാട് പാർട്ടിക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കോടികളുടെ ഉറവിടം എവിടെ നിന്ന് എന്നാ നാട്ടുകാരുടെ ചോദ്യം ഇവിടെ പ്രസക്തമാവുകയാണ് ഒരു അധ്യാപിക എന്ന നിലയിലുള്ള വരുമാനം മാത്രം കൈമുതലായുള്ള കെ.വി. സുജാതയ്ക്ക് വിപണിയിൽ രണ്ട് കോടിയോളം വിലമതിക്കുന്ന ഭൂമി സ്വന്തമാക്കാൻ എങ്ങനെ സാധിച്ചു? മുൻപ് അഞ്ച് വർഷം നഗരസഭ ഭരിച്ചതിന്റെ മറവിലാണോ ഈ കോടികളുടെ സാമ്പത്തിക സമാഹരണം നടന്നത്? ഭൂമിയിൽ മുടക്കിയ തുകയുടെ യഥാർത്ഥ ഉറവിടം എന്താണ്? മുൻപ് ചെയർപേഴ്‌സൺ ആയിരുന്ന കാലത്ത് നഗരത്തിലെ ചില വൻകിട മുതലാളിമാർക്ക് നിയമവിരുദ്ധമായി കെട്ടിടം പണിയാൻ സുജാത വഴിവിട്ട സഹായങ്ങൾ നൽകിയെന്ന ആരോപണം ശക്തമായിരുന്നു.

നഗരത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാരി അടക്കമുള്ള മൂന്നംഗ സംഘത്തിന്റെ അനധികൃത കെട്ടിട നിർമ്മാണവും, ജനരോഷത്തെ തുടർന്ന് പാതി പൊളിച്ചുമാറ്റേണ്ടി വന്ന രണ്ടാം റെയിൽവെ സ്റ്റേഷൻ റോഡിന് മുകളിലെ (പഴയ കൈലാസ് തിയേറ്റർ) നാലുനില കെട്ടിട വിവാദവും ഇതിന് അടിവരയിടുന്നു. അന്ന് വഴിവിട്ട് നൽകിയ സഹായങ്ങൾക്ക് പ്രതിഫലമായി ലഭിച്ച പണമാണോ ഈ ഭൂമിയിടപാടിലേക്ക് വഴിമാറിയത്? ജ്വല്ലറി ഉടമ സുജാതയുടെ വീട്ടിൽ എന്തിന് എത്തി ? നഗരസഭയുടെ അധ്യക്ഷ എന്ന സ്ഥാന അലങ്കരിക്കുമ്പോൾ ജ്വല്ലറിയുടെ പരസ്യത്തിനു വേണ്ടി എന്തിന് നിന്നു നൽകി ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് ഉയർന്നു വരുന്നത് , . മുൻ ചെയർപേഴ്‌സണെതിരെയുള്ള ഈ അഴിമതി ആരോപണം ഭരണകക്ഷിയെ പ്രതിരോധത്തിലാക്കുമെന്നതിൽ സംശയമില്ല. അഴിമതിയുടെ കറപുരണ്ട പണമാണോ ഈ ആഡംബര ഭൂമിയിടപാടിന് പിന്നിലെന്ന് വ്യക്തമാക്കാൻ കെ.വി. സുജാതയും പാർട്ടിയും പൊതുസമൂഹത്തോട് ബാധ്യസ്ഥരാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *