സ്വന്തമായി കഫെ എന്ന സ്വപ്നം ബാക്കിയാക്കി അവർ ഒരുമിച്ച് മടങ്ങി; ഷിറിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമീനും ജീവൻ വെടിഞ്ഞു, കാസർകോടിനെ കണ്ണീരിലാഴ്ത്തി ഒരേ ദിവസം മൂന്ന് മരണങ്ങൾ
കാസർഗോഡ്/ ഉദുമ : ഒരുമിച്ച് കണ്ട സ്വപ്നങ്ങളും ബാക്കിയാക്കി, ഒടുവിൽ മരണത്തിന്റെ വഴിയിലും അവർ പരസ്പരം കൈവിടാതെ ഒരുമിച്ച് യാത്രയായി. കുമ്പള ഷിറിയ പാലത്തിന് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാക്യാര സ്വദേശി അമീനും (25) മരണത്തിന് കീഴടങ്ങിയതോടെ ഒരു നാട് മുഴുവൻ കണ്ണീരിലാവുകയാണ്. അപകടസ്ഥലത്തു വച്ചുതന്നെ സുഹൃത്ത് പ്രജീഷ് (26) വിടപറഞ്ഞിരുന്നു. ഇരുവരും ചേർന്ന് സ്വന്തമായി ഒരു കഫേ തുടങ്ങണമെന്ന വലിയൊരു സ്വപ്നത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒത്തുചേർന്നതായിരുന്നു.

വളാഞ്ചേരിയിലെ സുഹൃത്തിന്റെ തുണിക്കടയിൽ ജോലി കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അമീൻ നാട്ടിലെത്തിയത്. അമീനും ,പ്രജീഷും പ്രവാസ ലോകത്തുനിന്നും മടങ്ങിയെത്തിയതായിരുന്നു. സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹവും കഫേ എന്ന വലിയ സ്വപ്നവും സുഹൃത്തുക്കളുമായി പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് വിധി വാഹന അപകടത്തിന്റെ രൂപത്തിൽ ഇവരുടെ ജീവൻ കവർന്നത്. തിങ്കളാഴ്‌ച വൈകുന്നേരം മംഗ്ളൂരു ഭാഗത്തുനിന്ന് സ്കൂട്ടറിൽ കാസർകോട്ടേക്ക് വരികയായിരുന്ന ഇരുവർക്കും ഷിറിയ പാലത്തിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ സ്കൂട്ടർ റോഡരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. പ്രജീഷിനെ ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമീനെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പ്രജീഷിന്റെ വേർപാടിന് പിന്നാലെ അമീനും ഈ ലോകത്തോട് വിടപറഞ്ഞു. ഈ രണ്ട് യുവാക്കളുടെ വിയോഗത്തിനൊപ്പം കാസർകോട് ജില്ലയിൽ ഒരേ ദിവസം ഒരേ മണിക്കൂറുകൾക്ക് ഇടയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്.



