റെയിൽവേയിൽ ഇനി കളിയില്ല; പിഴയും കർശന നടപടി കൂടി! കേരളത്തിന് ആശങ്കയില്ല, പക്ഷേ ഉത്തരേന്ത്യൻ യാത്രക്കാർക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ യാത്ര കൂടുതൽ സുരക്ഷിതവും ക്രമബദ്ധവുമാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികളുമായി രംഗത്തെത്തുന്നു. ജന വിശ്വാസ് ആക്ട് 2026 പ്രകാരമുള്ള പുതിയ ശിക്ഷാനയത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ, വിവിധ റെയിൽവേ നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴയും ചില സാഹചര്യങ്ങളിൽ കോടതി നടപടികളും തടവുശിക്ഷയും ഉൾപ്പെടുന്ന ഭേദഗതികൾ ഉടൻ പ്രാബല്യത്തിൽ വരും.
റെയിൽവേ യാത്രയ്ക്കിടെ പതിവായി നടക്കുന്ന നിയമലംഘനങ്ങൾ നിയന്ത്രിക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. ചെറിയ കുറ്റകൃത്യങ്ങൾ ക്രിമിനൽ കേസുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കി പിഴയിലൂടെ വേഗത്തിൽ നടപടി സ്വീകരിക്കാനുള്ള സംവിധാനവും ഇതിലൂടെ നിലവിൽ വരും. റെയിൽവേ ബോർഡ് ഇതിനോടകം എല്ലാ സോണൽ റെയിൽവേകൾക്കും നിർദേശങ്ങൾ കൈമാറിയിട്ടുണ്ടെന്നും ജൂലൈ ഒന്നുമുതൽ പുതിയ വ്യവസ്ഥകൾ നടപ്പാകുമെന്നുമാണ് സൂചന.
പുതിയ ഭേദഗതികൾ പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയരും. ഇതിനുപുറമെ യാത്ര ചെയ്ത ദൂരത്തിനുള്ള ടിക്കറ്റ് നിരക്കും ഈടാക്കും. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്ക് കോടതി നടപടികളും നേരിടേണ്ടി വരും. മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കും കുറഞ്ഞത് 500 രൂപ പിഴ ചുമത്തുകയും ടിക്കറ്റ് പിടിച്ചെടുക്കുകയും ചെയ്യും.

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭിക്ഷാടനം നടത്തുന്നതും അനുമതിയില്ലാതെ കച്ചവടം നടത്തുന്നതും കർശനമായി നിരോധിക്കും. ഇത്തരം നിയമലംഘനങ്ങൾക്ക് 2,000 രൂപ വരെ പിഴയും ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.
സ്ത്രീകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വനിതാ കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്ക് 2,500 രൂപ പിഴ ചുമത്തുന്നതിനൊപ്പം ട്രെയിനിൽ നിന്ന് ഉടൻ ഇറക്കിവിടാനും റെയിൽവേ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.
ട്രെയിനുകളിലും സ്റ്റേഷനുകളിലും മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കുക, അസഭ്യമായി പെരുമാറുക, മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുക, റെയിൽവേ സേവനങ്ങൾ തടസപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികൾക്കും 1,000 രൂപ വരെ പിഴയും യാത്രയിൽ നിന്ന് പുറത്താക്കലും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.
അപകടകാരിയായതോ നിരോധിതമായതോ ആയ വസ്തുക്കൾ കൈവശം വെച്ച് യാത്ര ചെയ്യുന്നവർക്കെതിരെ ഏറ്റവും കർശനമായ നടപടികളാണ് നിർദേശിച്ചിരിക്കുന്നത്. കുറഞ്ഞത് 10,000 രൂപ പിഴയ്ക്കൊപ്പം കോടതി വിചാരണയും മറ്റ് നിയമനടപടികളും നേരിടേണ്ടിവരും.
പിഴത്തുകകൾ മൂന്ന് വർഷത്തിലൊരിക്കൽ 10 ശതമാനം വീതം സ്വമേധയാ വർധിപ്പിക്കുന്ന വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. ഇതോടെ ചെറിയ നിയമലംഘനങ്ങൾ പോലും വലിയ സാമ്പത്തിക ബാധ്യതകളിലേക്കും നിയമപ്രശ്നങ്ങളിലേക്കും നയിച്ചേക്കും.
എന്നാൽ ഈ വാർത്ത കേരളത്തിലെ യാത്രക്കാർക്ക് വലിയ ആശങ്ക സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യത്ത് ഏറ്റവും കൂടുതൽ റെയിൽവേയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ടിക്കറ്റില്ലാത്ത യാത്രയോ യാത്രാ മര്യാദകൾ ലംഘിക്കുന്നതോ താരതമ്യേന വളരെ കുറവാണ്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുക എന്നത് ഭൂരിഭാഗം മലയാളികൾക്കും ചിന്തിക്കാൻ പോലും ബുദ്ധിമുട്ടുള്ള കാര്യമാണ്. യാത്രയ്ക്കിടെ പാലിക്കേണ്ട ശുചിത്വം, അച്ചടക്കം, സഹയാത്രികരോടുള്ള ബഹുമാനം എന്നിവയിൽ മലയാളികൾ പൊതുവേ മുന്നിലാണ്.
അതേസമയം ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇന്നും ടിക്കറ്റില്ലാതെ എ.സി. കോച്ചുകളിലേക്കുപോലും കയറുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. റിസർവേഷൻ കോച്ചുകളിലെ തിരക്ക്, അനധികൃത യാത്ര, സ്ത്രീകൾക്കായുള്ള കോച്ചുകളിലെ നിയമലംഘനം തുടങ്ങിയവ റെയിൽവേയ്ക്ക് വലിയ തലവേദനയാണ്.
അതിനാൽ പുതിയ നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം പിഴ ഈടാക്കുക എന്നതിലുപരി യാത്രാ സംസ്കാരം മെച്ചപ്പെടുത്തുക എന്നതാണ്. കേരളത്തിൽ ഇത് വലിയ മാറ്റമുണ്ടാക്കാതിരിക്കാം. എന്നാൽ റെയിൽവേ നിയമങ്ങളെ ഗൗരവമായി കാണാത്ത മേഖലകളിൽ ഈ കർശന നടപടികൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.



