മഞ്ചേശ്വരം: അതിർത്തി കടന്നുവരുന്ന ലഹരിമരുന്നും വ്യാജമദ്യവും പിടികൂടാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന എക്സൈസ് സംഘത്തിന് മുന്നിൽ അപ്രതീക്ഷിതമായി കുടുങ്ങിയത് രേഖകളില്ലാത്ത അരക്കിലോയിലധികം സ്വർണ്ണം. മംഗലാപുരത്തു നിന്നും കാസർഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ കടത്തുകയായിരുന്ന 595.68 ഗ്രാം സ്വർണ്ണാഭരണങ്ങളുമായി പശ്ചിമ ബംഗാൾ സ്വദേശി സുരജിത് ഖോറായി ആണ് മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിൽ പിടിയിലായത്.
ശനിയാഴ്ച (20.06.2026) വൈകുന്നേരം 3.50 ഓടെയായിരുന്നു സിനിമാ സ്റ്റൈലിലുള്ള ഈ സ്വർണ്ണവേട്ട. മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്. പി.എ യുടെ നേതൃത്വത്തിലുള്ള സംഘം അതിർത്തി വഴി എത്തുന്ന വാഹനങ്ങളിൽ പതിവ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം മംഗലാപുരം ഭാഗത്തു നിന്നും വന്ന KA 19 F 3416 നമ്പർ കെ.എസ്.ആർ.ടി.സി ബസ്സിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സുരജിത് ഖോറായിയെ എക്സൈസ് സംഘം വിശദമായി പരിശോധിച്ചു.
ലഹരിവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിലാണ് എക്സൈസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകൊണ്ട് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണ ശേഖരം പുറത്തുവന്നത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് സാധുവായ യാതൊരുവിധ രേഖകളും ഹാജരാക്കാൻ
ഇയാൾക്ക് കഴിഞ്ഞില്ല.
ലഹരി കടത്ത് തടയാൻ അതിർത്തികളിൽ എക്സൈസ് പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത സ്വർണ്ണവേട്ട.
തുടർനടപടികൾക്കായി പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും പ്രതിയെയും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ (SGST) എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറിയിട്ടുണ്ട്. നികുതി വെട്ടിച്ച് കടത്തിയ സ്വർണ്ണമാണോ ഇതെന്ന് ജി.എസ്.ടി വകുപ്പ് പരിശോധിച്ചുവരികയാണ്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്. പി.എ യോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേശൻ. പി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പ്രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പവിത്രൻ, രാജേഷ്. പി എന്നിവരും ഈ മിന്നൽ പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.



