മസ്കറ്റ്: ഒമാനിലെ ദുകം (Duqm) തുറമുഖത്തിന് സമീപം ആങ്കർ ചെയ്തിരിക്കുന്ന എം.ടി. സെലസ്റ്റിയൽ (MT Celestial) എന്ന ചരക്കുകപ്പലിൽ തമിഴ്നാട് സ്വദേശിയായ കപ്പൽ ജീവനക്കാരന്റെ മൃതദേഹം ദിവസങ്ങളായി കപ്പലിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. തമിഴ്നാട് സ്വദേശിയും കപ്പലിലെ സെക്കൻഡ് ഓഫീസറുമായ നിശാന്ത് ഉയിർത്തനാഥൻ (35) ആണ് ജൂൺ 11-ന് കപ്പലിൽ വെച്ച് മരണപ്പെട്ടത്.
കൃത്യസമയത്ത് ആവശ്യമായ ചികിത്സയും മെഡിക്കൽ സഹായവും ലഭിക്കാതിരുന്നതാണ് മരണത്തിന് കാരണമായതെന്നാണ് ജീവനക്കാരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) ആരോപിക്കുന്നത്. ജൂൺ 8 മുതൽ നിശാന്തിന് കടുത്ത ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നുവെന്നും കമ്പനിയെയും ബന്ധപ്പെട്ട മാരിടൈം അധികൃതരെയും പലതവണ വിവരം അറിയിച്ചിട്ടും സമയബന്ധിതമായി മെഡിക്കൽ ഇവാക്യുവേഷൻ നടത്താൻ നടപടി ഉണ്ടായില്ലെന്നും സഹപ്രവർത്തകർ ആരോപിക്കുന്നു.
മരണത്തിന് പിന്നാലെ മൃതദേഹം സൂക്ഷിക്കാൻ ആവശ്യമായ ഫ്രീസർ സംവിധാനമോ മറ്റ് ശീതീകരണ സൗകര്യങ്ങളോ കപ്പലിലില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതോടെ മൃതദേഹം അഴുകുന്നത് തടയാൻ കപ്പൽ ജീവനക്കാർ കുടിവെള്ള ബോട്ടിലുകൾ തണുപ്പിച്ച് മൃതദേഹത്തിന് മുകളിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ദിവസങ്ങളായി മൃതദേഹം കപ്പലിൽ തന്നെ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് കപ്പലിന്റെ ക്യാപ്റ്റൻ പുറത്തുവിട്ട വീഡിയോ സന്ദേശവും ശ്രദ്ധ നേടുകയാണ്. കപ്പൽ കമ്പനി ഉത്തരവാദിത്തങ്ങളിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ത്യൻ എംബസിയെ പലതവണ സമീപിച്ചിട്ടും ഫലപ്രദമായ ഇടപെടൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
“ഇത് ഞങ്ങളുടെ സെക്കൻഡ് ഓഫീസറുടെ മൃതദേഹമാണ്. മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞു. ശരീരം അഴുകിത്തുടങ്ങിയിരിക്കുകയാണ്. കമ്പനി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കണം. അപ്പോഴേ ഞങ്ങൾക്ക് സഹായം ലഭിക്കൂ,” എന്നാണ് ക്യാപ്റ്റൻ വീഡിയോയിൽ പറയുന്നത്.
സംഭവം വിവാദമായതോടെ മസ്കറ്റിലെ ഇന്ത്യൻ എംബസി ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. നിശാന്ത് ഉയിർത്തനാഥന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ എംബസി, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. കപ്പൽ മാനേജ്മെന്റുമായും ഒമാനിലെ പ്രാദേശിക അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നും എംബസി വ്യക്തമാക്കി.
അതേസമയം, സഹപ്രവർത്തകന്റെ മൃതദേഹത്തോട് കാണിക്കപ്പെടുന്ന അനാദരവിനും ചികിത്സാ സഹായം ലഭ്യമാക്കുന്നതിൽ ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന വീഴ്ചകൾക്കും ഉത്തരവാദികളായവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് കപ്പലിലെ ജീവനക്കാരും വിവിധ സമുദ്ര തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടു. കപ്പൽ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് ആരോപിക്കപ്പെടുന്ന അനാസ്ഥയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.
മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കാനും സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും ഇന്ത്യയുടെയും ഒമാന്റെയും ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.



