തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ വിവാദത്തെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ എൽ.എച്ച്. യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം ലഭിച്ചു. നിയമസഭയിലെ ജീവനക്കാരെ കൊണ്ടുപോകുന്ന ബസിന്റെ ഡ്രൈവറായാണ് യദു ദിവസവേതന അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം നടന്നത്.
കഴിഞ്ഞ ദിവസം മുതൽ യദു പുതിയ ചുമതല ഏറ്റെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ സ്പീക്കർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചതെന്ന് യദു വ്യക്തമാക്കി. അപേക്ഷ നൽകുന്നതിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഇടപെട്ടതായും അദ്ദേഹം പറഞ്ഞു.

യദുവും മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുണ്ടായ റോഡ് തർക്കം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മേയറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് നൽകിയില്ലെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഭവം. തുടർന്ന് തിരുവനന്തപുരം പ്ലാമൂട് മേഖലയിൽ ബസ് തടഞ്ഞ് ചോദ്യം ചെയ്തതും പരസ്പര ആരോപണങ്ങളും വലിയ വിവാദമായി മാറി.
സംഭവവുമായി ബന്ധപ്പെട്ട് മേയർ അശ്ലീല ആംഗ്യം കാണിച്ചെന്നാരോപിച്ച് പരാതി നൽകിയപ്പോൾ, തന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് യദു ആരോപിച്ചത്. വിഷയത്തിൽ നിയമനടപടികളും രാഷ്ട്രീയ വിവാദങ്ങളും അരങ്ങേറിയിരുന്നു.
ഇതിനിടെ, കെ.എസ്.ആർ.ടി.സിയിലേക്ക് തിരിച്ചെത്തുന്നതിനായുള്ള നിയമന നടപടികളിലും യദു പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ഐ.എൻ.ടി.യു.സി യൂണിയനിൽ അംഗത്വമെടുത്ത യദു, ഡ്രൈവർ തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയും പൂർത്തിയാക്കിയിട്ടുണ്ട്. അതിന്റെ ഫലം കാത്തിരിക്കെയാണ് നിയമസഭയിലെ താൽക്കാലിക നിയമനം ലഭിച്ചിരിക്കുന്നത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുൻ ഭരണകാലത്ത് രാഷ്ട്രീയപരമായ വേട്ടയാടലിനും പീഡനങ്ങൾക്കും ഇരയായതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് പുനരധിവാസവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുമെന്ന നിലപാട് മുന്നണി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. യദുവിന്റെ നിയമനവും അത്തരമൊരു സമീപനത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.



