ചിരിയുടെ രസങ്ങളുടെ ആമുഖം മാഞ്ഞു; ഓർമ്മകളുടെ തീരത്തേക്ക് സ്രാങ്ക് ബഷീർ മടങ്ങി… കണ്ണീരോടെ കാസർകോട്..
ജീവിതത്തിന്റെ സങ്കടക്കടലിൽ ഉലയുന്ന ഏതു മനുഷ്യനെയും വെറും അഞ്ചേ അഞ്ച് മിനിറ്റ് കൊണ്ട് പൊട്ടിച്ചിരിപ്പിച്ചു കൈപിടിച്ചു കയറ്റുന്ന ആ ‘ മാന്ത്രിക രൂപം ‘ ഇനിയില്ല… കാസർകോടിന്റെ തെരുവുകളെയും പ്രിയപ്പെട്ടവരുടെ നെഞ്ചകങ്ങളെയും ഒരുപോലെ വിങ്ങലിലാഴ്ത്തി, ആ കളിചിരികളുടെ സുൽത്താൻ, നമ്മുടെ സ്വന്തം സ്രാങ്ക് ബഷീർ (65) ഇനി നോവുന്ന ഒരോർമ്മ!
അത്രമേൽ അപ്രതീക്ഷിതമായിരുന്നു ആ വേർപാട്. കരിപ്പൊടി റോഡിലെ ഹംദാൻ ഫ്ലാറ്റിൽ താമസക്കാരനായ ബഷീർക്കയുടെ മരണം പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് എത്തിയത്. വിധി ഇത്ര പെട്ടെന്ന് അദ്ദേഹത്തെ തട്ടിയെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല.

മരണത്തിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ പോലും അദ്ദേഹം പതിവുപോലെ ഊർജ്ജസ്വലനായിരുന്നു. ഇന്ന് (ശനിയാഴ്ച) രാവിലെ സുബഹി നിസ്കാരം കഴിഞ്ഞ് തെരുവത്തിലെ പതിവ് ചായക്കടയിൽ അദ്ദേഹം എത്തിയിരുന്നു. അവിടെയുണ്ടായിരുന്നവരോടൊക്കെ പതിവുപോലെ സുന്ദരമായ പുഞ്ചിരി തൂകി, കുശലാന്വേഷണങ്ങൾ നടത്തി, ചായയും കുടിച്ച് വീട്ടിലേക്കുള്ള സാധനങ്ങളുമായി സന്തോഷത്തോടെയാണ് ബഷീർക്ക മടങ്ങിയത്. എന്നാൽ ഒൻപത് മണിയോടുകൂടി പെട്ടെന്ന് ഹൃദയത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള മാലിക് ദിനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി കിടക്കയിലേക്ക് വീഴുമ്പോഴും ആ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിക്ക് വരെ തെരുവത്ത് പരിസരങ്ങളിൽ ആ ശബ്ദം മുഴങ്ങിക്കേട്ടിരുന്നു. കൈകൾ ഉയർത്തി എല്ലാവരോടും “അസ്സലാമു അലൈക്കും” പറഞ്ഞ്, പൊട്ടിച്ചിരിയുടെ പുതിയ രസങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം നീങ്ങിയത്. വഴിയിൽ വെച്ച് കണ്ട വാർഡ് കൗൺസിലർ ജാഫറുമായി സലാം പറഞ്ഞ്, ഒരുപിടി തമാശകളും പങ്കുവെച്ചാണ് ബഷീർക്ക അന്ന് യാത്രയായത്. ആ വാക്കുകളാണ് ഇപ്പോൾ കൗൺസിലറുടെയും നാട്ടുകാരുടെയും ഉള്ളിൽ ഒരു തീരാനോവായി അവശേഷിക്കുന്നത്.
റോസ് ഗാർഡൻ ഹോട്ടലിന് പുറമേ ആപ്പു കാന്റീനിലും ബഷീർക്കയ്ക്ക് വലിയൊരു സൗഹൃദ കൂട്ടായ്മ തന്നെയുണ്ടായിരുന്നു. നാട്ടിലെ ഏത് വാട്സ്ആപ്പ് ഗ്രൂപ്പ് തുറന്നാലും അവിടെ ബഷീർക്കയുടെ സജീവമായ സാന്നിധ്യവും വോയിസ് മെസ്സേജുകളും ഉണ്ടാകുമായിരുന്നു. 65 വയസ്സിന്റെ പ്രായമുണ്ടായിരുന്നെങ്കിലും, മനസ്സ് കൊണ്ട് അദ്ദേഹം എപ്പോഴും ചെറുപ്പക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എപ്പോഴും കൂട്ട് നാട്ടിലെ ചെറുപ്പക്കാരായ പിള്ളേരായിരുന്നു.
ആരെങ്കിലും ഒരാൾ ഉള്ളുനീറി, വിഷമത്തോടെ അദ്ദേഹത്തിന് മുന്നിലെത്തിയാൽ, തന്റെ തനതായ നർമ്മബോധം കൊണ്ട് ആ നിമിഷം അതൊരു വലിയ സന്തോഷമാക്കി മാറ്റി മാത്രമേ ബഷീർക്ക അവരെ മടക്കി അയക്കൂ. എത്ര വലിയ ഗൗരവമുള്ള കാര്യത്തെയും നർമ്മത്തിൽ ചാലിച്ചു പറയാൻ ആ മനുഷ്യന് പ്രത്യേക കഴിവുണ്ടായിരുന്നു. ഒരു നാടിനെ മുഴുവൻ ചിരിപ്പിച്ച ആ ചിരിയാണ് ഇന്ന് പാതിവഴിയിൽ നിലച്ചുപോയത്.
ഭാര്യ നസിയ . മക്കൾ ബുർഹാൻ , നാസിമ, ബിഷാരത്, നവാസ് ,സഹോദരങ്ങൾ പരേതനായ ഖാലിദ്, അഷ്റഫ് ഗോൾഡൻ ബേക്കറി , നവാസ് ഗോൾഡൻ ബേക്കറി. പ്രിയപ്പെട്ടവരുടെ വലിയൊരു കൂട്ടത്തെ അനാഥമാക്കി അദ്ദേഹം വിട പറഞ്ഞു പോയിരിക്കുകയാണ് നിലവിൽ മയ്യത്ത് സന്തോഷ് നഗറിലുള്ള അനിയൻ നവാസിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ബഷീർക്കയെ ഒരുനോക്ക് കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ് .
ഖബറടക്കം: ഇന്ന് ശനിയാഴ്ച ഇഷാ നിസ്കാരത്തിനു ശേഷം പട്ള സെൽഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ സ്വന്തം ചിരികളെ ആയുധമാക്കിയ പ്രിയപ്പെട്ട ബഷീർക്കാ… ഇനി താങ്കൾ പെയ്തുതീർത്ത ആ ചിരികളുടെ ഓർമ്മകളിൽ ഞങ്ങളുടെ ഉള്ളം വിങ്ങും. പരലോക ജീവിതത്തിൽ നാഥൻ താങ്കൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ… ആമീൻ.



