bncmalayalam.in

സിസിടിവി തകർത്തു; അർദ്ധരാത്രിയിൽ നാടകീയ ചേസ്! അമ്പലത്തറയിൽ സൂപ്പർമാർക്കറ്റ് കവർന്ന മൂന്നംഗ സംഘം പിടിയിൽ

291: സിസിടിവി തകർത്തു; അർദ്ധരാത്രിയിൽ നാടകീയ ചേസ്! അമ്പലത്തറയിൽ സൂപ്പർമാർക്കറ്റ് കവർന്ന മൂന്നംഗ സംഘം പിടിയിൽ

അമ്പലത്തറ: സിനിമയെ വെല്ലുന്ന അർദ്ധരാത്രിയിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ, സൂപ്പർ മാർക്കറ്റ് തകർത്ത് കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ അമ്പലത്തറ പോലീസ് വലയിലാക്കി. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശികളായ അറഫാത്ത് (18), ജുനൈദ് (18) എന്നിവർക്കൊപ്പം ഒരു 17-കാരനുമാണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ 3.30-ഓടെ അമ്പലത്തറ ടൗണിലെ ‘ക്യൂ മാർട്ട്’ സൂപ്പർ മാർക്കറ്റിലായിരുന്നു നാടിനെ നടുക്കിയ കവർച്ച. പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ ‘എക്സ്പ്രസ് സൂപ്പർ മാർക്കറ്റിൽ’ ആദ്യം മോഷണശ്രമം നടത്തിയ സംഘം, അത് പരാജയപ്പെട്ടതോടെയാണ് ക്യൂ മാർട്ടിലേക്ക് തിരിഞ്ഞത്.

തങ്ങളുടെ ദൃശ്യങ്ങൾ കുടുങ്ങാതിരിക്കാൻ അകത്തുകയറിയ ഉടൻ സിസിടിവി ക്യാമറകൾ തല്ലിത്തകർത്ത മോഷ്ടാക്കൾ, മുൻവശത്തെ ഷട്ടർ പൊളിച്ച് അകത്തുകടന്ന് 56,000 രൂപയും വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്നു. എന്നാൽ, ഈ സമയം ശബ്ദം കേട്ടുണർന്ന സമീപത്തെ കെട്ടിടത്തിലെ ബാർബർ ഷോപ്പുടമ സാഹസികമായി ഇടപെടുകയും, നാട്ടുകാരുടെ സഹായത്തോടെ പ്രതികളിൽ ഒരാളെ സംഭവസ്ഥലത്തുനിന്നു തന്നെ ജീവനോടെ പിടികൂടുകയും ചെയ്തു. ഇതോടെ ഇരുട്ടിന്റെ മറവിൽ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ബാക്കി രണ്ടുപേരെയും വിടാതെ പിന്തുടർന്ന അമ്പലത്തറ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. ജയരാജ്, എഎസ്ഐ ബിജു കീഴേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീശൻ പള്ളിക്കര എന്നിവരടങ്ങിയ സംഘം മൂന്നാം മൈലിൽ വെച്ച് നാടകീയമായി വളഞ്ഞുപിടിക്കുകയായിരുന്നു. കടയുടമ സുനിലിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികൾ സഞ്ചരിച്ച ബൈക്കും കവർച്ചാ മുതലും കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗം എത്തി ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി വരികയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *