കൽപ്പറ്റ: “കല്ലിട്ടു… ഫോട്ടോയെടുത്തു… കൈയടിയും കിട്ടി… പക്ഷേ വീട് എവിടെ?” വയനാട്ടിലെ ദുരന്തബാധിതരുടെ ഭവനപദ്ധതിയെ ചൊല്ലി രാഷ്ട്രീയ കേരളത്തിൽ വീണ്ടും ഉയരുന്നത് ഈ ചോദ്യമാണ്.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിർമാണം ഇനിയും ആരംഭിക്കാത്തതിനെക്കുറിച്ച് മന്ത്രി ടി. സിദ്ദിഖ് തന്നെ തുറന്നു സമ്മതിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തിൽ കാലതാമസം ഉണ്ടായെന്നത് യാഥാർത്ഥ്യമാണെന്നും, ആവശ്യമായ അനുമതികൾ ലഭിക്കാൻ വൈകിയതാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കല്ലിട്ടിട്ട് 100 ദിവസം പിന്നിടുമ്പോൾ ജനങ്ങളുടെ മനസ്സിലുള്ള ചോദ്യം വളരെ ലളിതമാണ് “അനുമതി വൈകിയോ, അതോ പദ്ധതി തന്നെയോ?” നിലവിൽ ആരാണ് ഇവിടെ ഭരിക്കുന്നത് , അതും മറന്നുപോയോ ..
ഫെബ്രുവരി 26-നാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി ഭവനപദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയുടെ ഒരു പുതിയ അധ്യായം തുറക്കുമെന്ന് അന്ന് വേദിയിൽ നിന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ നൂറ് ദിവസം കഴിഞ്ഞിട്ടും സ്ഥലത്ത് ഒരു കിണർ ഒഴികെ കാര്യമായ നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് ഉയരുന്ന വിമർശനം.
സി.പി.എം നേതാക്കളും പ്രവർത്തകരും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വിഷയം ഏറ്റെടുത്തിട്ടുണ്ട്. “വീട് പോയിട്ട് കോൺഗ്രസ് ഇട്ട കല്ല് പോലും ഇപ്പോൾ കണ്ടെത്താനില്ല” എന്ന പരിഹാസമാണ് ഇടതുപക്ഷ ക്യാമ്പുകളിൽ നിന്ന് ഉയരുന്നത്.
ദുരന്തത്തിന്റെ കണ്ണീർ ഉണങ്ങും മുൻപേ വീടുകൾ ഉയരുമെന്ന പ്രതീക്ഷയിലിരുന്ന പലർക്കും ഇപ്പോൾ കാണാനാകുന്നത് ശിലാസ്ഥാപന ചിത്രങ്ങൾ മാത്രമാണെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വിമർശനം.
വിവാദത്തിന് കൂടുതൽ തീ കൊളുത്തുന്നതാണ് ധനശേഖരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ. ദുരന്തസമയത്ത് രാഹുൽ ഗാന്ധിയും കെ.പി.സി.സിയും 100 വീടുകൾ വീതം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് 30 വീടുകളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എത്ര തുക സമാഹരിച്ചു, എത്ര ചെലവഴിച്ചു, നിലവിലെ പുരോഗതി എന്താണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് എതിരാളികളുടെ ആവശ്യം.

സിപിഎമ്മിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും കടുത്ത വിമർശനങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. “കല്ലിടൽ സ്പീഡിൽ വീട് പണിതിരുന്നെങ്കിൽ ഇപ്പോഴേക്കും കുടുംബങ്ങൾ താമസം തുടങ്ങിയേനെ” എന്ന രീതിയിലുള്ള പരിഹാസങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത് മറ്റൊന്നാണ്. എല്ലാ നിയമാനുസൃത അനുമതികളും ലഭിച്ചാൽ നിർമ്മാണം അതിവേഗം ആരംഭിക്കുമെന്നും, ദുരന്തബാധിതർക്കുള്ള വാഗ്ദാനം പാലിക്കുമെന്നുമാണ് അവരുടെ നിലപാട്.
എന്നാൽ രാഷ്ട്രീയ കേരളം ഇപ്പോൾ കാത്തിരിക്കുന്നത് മറ്റൊരു ശിലാസ്ഥാപന ചടങ്ങിനെയല്ല; ആദ്യ വീടിന്റെ തറ ഉയരുന്ന നിമിഷത്തെയാണ്.
കാരണം വയനാട്ടിലെ ജനങ്ങൾക്ക് ഇന്ന് കല്ലുകളല്ല വേണ്ടത്, വീടുകളാണ്.



