നമ്മുടെ രാജ്യത്തിന്റെ സാഹചര്യം എത്രമാത്രം ഭയാനകരവും ദയനീയവുമായി മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെയും ഏറ്റവും ക്രൂരവുമായ ഉദാഹരണമാണ് നീറ്റ് പരീക്ഷയിലെ അഴിമതികൾ. പരീക്ഷ എഴുതി ഫലം കാത്തിരുന്ന വിദ്യാർത്ഥികളുടെ നെഞ്ചിലേക്ക് തീ കോരിയിട്ടുകൊണ്ട്, നാല ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ചോദ്യപേപ്പറുകൾ ചോർത്തിയാ വിവരങ്ങളാണ് പുറത്തു വന്നത് . രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെയും പെൺകുട്ടികളുടെയും ഭാവി തന്നെയാണ് ഈ സർക്കാർ ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്തെ ഈ കൊടുംചതിയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാവുകയാണ്. ഇതൊരു പാർട്ടിയുടെ മാത്രം ആവശ്യമായി ചുരുങ്ങേണ്ടതല്ല. 2026-ൽ മാത്രം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പലവിധ കാരണങ്ങളാൽ 23 കുഞ്ഞു ജീവനുകളാണ് ഈ രാജ്യത്ത് പൊലിഞ്ഞുപോയത്! ചിന്തിച്ചുനോക്കൂ, നമ്മുടെ തൊട്ടടുത്തുള്ള കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥി നീറ്റ് പരീക്ഷയുടെ മാനസിക വിഷമത്താൽ ജീവിതം അവസാനിപ്പിച്ച് 24 മണിക്കൂർ തികയുന്നില്ല , ഈ ചോരയ്ക്ക് ആര് മറുപടി പറയും? പണമുള്ളതുകൊണ്ട് ഏത് മന്ദബുദ്ധിക്കും ഡോക്ടറാകാം എന്ന പുതിയൊരു വ്യവസ്ഥിതി രാജ്യത്ത് നിർമ്മിച്ചെടുക്കുകയാണോ?
ഈ കൊടിയ അഴിമതിക്കെതിരെ ജൻസി സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആളുകൾ ഉയർത്തിക്കൊണ്ടുവന്ന കോക്കരേജ് അനുഭാവികൾ ഇന്ന് അതിശക്തമായി ചോദ്യങ്ങൾ ചോദിക്കുകയാണ്. എന്നാൽ ഇവിടെയാണ് നാമേവരും ചിന്തിക്കേണ്ട മറ്റൊരു പ്രസക്തമായ ചോദ്യം ഉയരുന്നത്. രാജ്യത്ത് ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ എന്ത് ചെയ്യുകയാണ്? നേതൃനിരയിലേക്ക് യുവതലമുറയെ ആകർഷിക്കാനും പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനും ശ്രമിക്കുന്നതിന് പകരം, പാർലമെന്ററി രാഷ്ട്രീയത്തിന്റെ സകല സുഖങ്ങളും അനുഭവിച്ച് വിശ്രമിക്കേണ്ട പ്രായത്തിലുള്ളവരെ വീണ്ടും നേതൃത്വത്തിലേക്ക് കൊണ്ടുവരുമ്പോൾ യുവാക്കൾ ഇവരുടെ രാഷ്ട്രീയത്തിൽ നിന്ന് അകലുകയാണ്. യുവാക്കളെ ഉൾക്കൊള്ളാൻ പരമ്പരാഗത പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുമ്പോഴാണ് പുതിയ ബദൽ പാർട്ടി രൂപങ്ങൾ ഇന്ത്യയിൽ ജനിക്കുന്നത്.
മതത്തിന്റെ പേര് പറഞ്ഞ് ചിന്തിക്കാൻ ശേഷിയില്ലാത്ത സാധാരണക്കാരെ വേർതിരിച്ചും ഭിന്നിപ്പിച്ചും ഭരിക്കാൻ ശ്രമിക്കുന്ന ഭരണാധികാരികളെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം പോലും ഇന്ന് ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷ പാർട്ടികൾക്ക് ഇല്ലാതായിരിക്കുന്നു. ഇതിന്റെ ദുരന്തം അനുഭവിക്കാൻ പോകുന്നത് ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്. ഇനിയും ജനങ്ങൾ കണ്ണുതുറന്നില്ലെങ്കിൽ, ഏതാനും മാസങ്ങൾക്കപ്പുറം മൃഗീയ ഭൂരിപക്ഷത്തിന്റെ കരുത്തിൽ സാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കുന്ന നിയമങ്ങൾ നിർഭയം നടപ്പിലാക്കാൻ ഭരണവർഗ്ഗത്തിന് യാതൊരു പ്രയാസവുമുണ്ടാകില്ല. ജനങ്ങളുടെ കണ്ണിൽപ്പൊടിയുടാൻ നാടകങ്ങൾ കളിച്ച് കളിച്ച്, ഒടുവിൽ ഈ രാജ്യത്തെ മുഴുവനായി ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ആലയത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്ന അതിദയനീയമായ കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

അമേരിക്കയിൽ നിന്നും തിരികെ എത്തുന്ന കോക്കരേജ് പാർട്ടിയുടെ വക്താവ് ഇനി ഈ അഴിമതിക്കെതിരെ പ്രതിഷേധ സമരം നടത്തിയതിന്റെ പേരിൽ ഈ രാജ്യത്ത് വേട്ടയാടപ്പെടുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. കാരണം, സർക്കാരിനെതിരെ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് പിന്നിൽ പാകിസ്ഥാനും ബംഗ്ലാദേശും ആണെന്ന നുണപ്രചാരണങ്ങൾ ഭരണകൂട അനുകൂലികൾ ഇപ്പോൾ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്!
പ്രിയപ്പെട്ടവരെ, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നമ്മൾ ശ്രദ്ധ ചെലുത്തിയേ മതിയാകൂ. നാളെ നമ്മുടെ സമൂഹമാധ്യമങ്ങളും ഉപോയോഗപെടുത്തി നാമോരോരുത്തരും ഈ പ്രതിഷേധത്തിനൊപ്പം നിൽക്കണം. വലുപ്പച്ചെറുപ്പമില്ലാതെ ഈ ജനകീയ പ്രതിഷേധത്തിന് പിന്തുണ നൽകണം. വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമല്ല, മറിച്ച് പരീക്ഷാ ഹാളുകളിൽ വിശ്വസിച്ച് കയറിയ, നാളെ ഈ രാജ്യത്തെ ചികിത്സിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഇതിൽ നമ്മൾ തോറ്റാൽ, തോറ്റുപോകുന്നത് ഈ രാജ്യത്തിന്റെ ഭാവിയാണ്.



