മഞ്ചേശ്വരം: പ്രണയച്ചതിയും സോഷ്യൽ മീഡിയ വഴിയുള്ള ബ്ലാക്ക്‌മെയിലിംഗും ചേർന്ന് ഒരു കുടുംബത്തിന്റെ സമാധാനം തകർത്ത ഞെട്ടിക്കുന്ന സംഭവമാണ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് പുറത്തുവരുന്നത്. ലഹരിക്ക് അടിമയായതായി ആരോപിക്കപ്പെടുന്ന ‘ബ്ലേഡ് ഖലീൽ’ എന്ന ഇബ്രാഹിം ഖലീലിന്റെ നിരന്തരമായ മാനസിക പീഡനങ്ങൾക്കൊടുവിൽ, നീതി ലഭിക്കാതെ ഒരു യുവതി പെട്രോളുമായി പോലീസ് സ്റ്റേഷനുമുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഈ സംഭവപരമ്പര പുറത്തറിഞ്ഞത്.
സൗഹൃദത്തിന്റെ മറവിൽ ആരംഭിച്ച ചതിയും ബ്ലാക്ക്‌മെയിലിംഗും
പരാതിക്കാരിയായ ഖൈറുന്നിസയും ഇബ്രാഹിം ഖലീലും സ്കൂൾ പഠനകാലം മുതൽ പരിചയക്കാരായിരുന്നു. പിന്നീട് ഖൈറുന്നിസ അബ്ദുൽ ലത്തീഫിനെ വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിച്ചു. ദാമ്പത്യജീവിതം സമാധാനപരമായി മുന്നോട്ട് പോകുന്നതിനിടെയാണ് പഴയ സൗഹൃദം പുതുക്കാനെന്ന പേരിൽ ഖലീൽ വീണ്ടും അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.
ആദ്യഘട്ടത്തിൽ സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞിരുന്ന ഖലീൽ, പിന്നീട് യുവതിയെ സ്കൂൾ കാലഘട്ടത്തിലെ ഒരു പ്രണയം ഭർത്താവിന് പറഞ്ഞു നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ചതിക്കുഴിയിലാക്കുകയും ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നാണ് പരാതി. വീഡിയോ കോളിൽ സംസാരിച്ചോ ചിത്രങ്ങളും വീഡിയോകളും ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ബ്ലാക്ക്‌മെയിലിംഗ് ആരംഭിച്ചു.
ഇതിനിടെ തന്ത്രപൂർവം ഭർത്താവ് അബ്ദുൽ ലത്തീഫുമായി സൗഹൃദം സ്ഥാപിച്ച ഖലീൽ, ജോലിയിൽ സഹായിക്കാനെന്ന പേരിൽ അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനത്തിലും എത്തിത്തുടങ്ങി. സ്വന്തം ഭാര്യ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് അപ്പോഴും ആ ഭർത്താവിന് അറിവുണ്ടായിരുന്നില്ല.
കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി
ഒടുവിൽ ഒരു ദിവസം ഖലീൽ എല്ലാ കാര്യങ്ങളും ഭർത്താവിനോട് വെളിപ്പെടുത്തിയതായി പറയപ്പെടുന്നു. അതോടൊപ്പം കേസ് ഒതുക്കുന്നതിനായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവങ്ങളുടെ ആഘാതത്തിൽ മാനസികമായി തകർന്ന ഖൈറുന്നിസ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കൈയ്ക്ക് ഏഴ് തുന്നലുകൾ ആവശ്യമായി വന്ന ഈ സംഭവത്തിൽ, ഭർത്താവ് കൃത്യസമയത്ത് എത്തിയത് കൊണ്ടാണ് യുവതിയുടെ ജീവൻ രക്ഷപ്പെട്ടത്. ഭാര്യയുടെ ഭൂതകാലത്തിലെ സംഭവങ്ങളെല്ലാം ക്ഷമിച്ച് അവളെ ചേർത്തുപിടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനായിരുന്നു ലത്തീഫിന്റെ തീരുമാനം.
എന്നാൽ അതുകൊണ്ടും ഖലീലിന്റെ പീഡനങ്ങൾ അവസാനിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.
സോഷ്യൽ മീഡിയ വഴിയുള്ള നിരന്തര ഭീഷണികൾ
ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന ഭീഷണി തുടർന്നു. നാട്ടിൽ തന്നെയിരുന്നുകൊണ്ട് അന്തർദേശീയ പ്രോക്സി നമ്പറുകൾ ഉപയോഗിച്ചാണ് ഇയാൾ ബന്ധപ്പെട്ടിരുന്നതെന്നും പരാതിയുണ്ട്.
പണം നൽകിയില്ലെങ്കിൽ യുവതിയെ തനിക്കൊപ്പം വിടണമെന്നും, അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു ഭീഷണിയെന്ന് കുടുംബം പറയുന്നു. വിഷം കുടിക്കുന്നതായും കത്തി ഉപയോഗിച്ച് കൈ മുറിക്കുന്നതായും അഭിനയിച്ച് ചിത്രീകരിച്ച വീഡിയോകൾ ദമ്പതികൾക്ക് അയച്ചുകൊടുത്ത് മാനസിക സമ്മർദ്ദം വർധിപ്പിച്ചതായും അവർ ആരോപിക്കുന്നു.
പോലീസിന്റെ നിസ്സഹായതയും ഭർത്താവിന്റെ അറസ്റ്റും
സഹികെട്ട കുടുംബം മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയെങ്കിലും, വിഷയത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ ഘടകങ്ങൾ ഉൾപ്പെട്ടതിനാൽ നടപടിക്രമങ്ങൾക്കായി പരാതി കോടതിയിലേക്ക് കൈമാറിയിട്ടുണ്ടെങ്കിലും നാലോളം കേസുകളും ഇയാൾക്കെതിരെ മഞ്ചേശ്വരം ഓഫീസിൽ നിലവിലുണ്ട്. ഇതിനിടെ ഖലീലിന്റെ ശല്യം വീണ്ടും ശക്തമായി.
ഒടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട ഭർത്താവും ഖൈറുന്നിസയുടെ സഹോദരപുത്രനും ചേർന്ന് ഖലീലിനെ മർദിച്ച സംഭവവും ഉണ്ടായി. ഈ കേസിൽ അബ്ദുൽ ലത്തീഫിന് ഒമ്പത് ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. പിന്നീട് പരാതിക്കാരി തന്നെ ജാമ്യത്തിന് എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചതോടെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. താൻ പുറത്തിറങ്ങി നേരിട്ട് നമുക്ക് തീർക്കാം എന്ന സിനിമാ രീതിയിലാണ് ഭായിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളുടെ രീതി.
ആത്മഹത്യാ ശ്രമത്തിന്റെ വക്കിലെത്തിയ യുവതി
ഇതിനിടെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യുവതിയുടെ ചിത്രങ്ങൾ ഭാഗികമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബം കൂടുതൽ പ്രതിസന്ധിയിലായി. നിരന്തരം നേരിടേണ്ടിവന്ന അപമാനവും മാനസിക സമ്മർദ്ദവും സഹിക്കാനാകാതെ ഖൈറുന്നിസ പെട്രോളുമായി മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു യുവതി സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. എന്നാൽ സംഭവം സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി നേരിട്ട് ഇടപെട്ടു. യുവതിയെ ആശ്വസിപ്പിച്ച അദ്ദേഹം ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതായി അറിയുന്നു.
തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ലഹരിയുടെ ഇരകൾ മാത്രം അല്ല, കുടുംബങ്ങളും
എം.ഡി.എം.എ (MDMA), കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗവുമായി ഖലീലിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാനസിക നിലയെയും തീരുമാനശേഷിയെയും എത്രത്തോളം തകർക്കുമെന്നതിന്റെ മുന്നറിയിപ്പായി ഈ സംഭവം മാറുകയാണ്. ലഹരി ഉപയോഗിക്കുന്നത് ഒരു “സ്റ്റൈൽ” അല്ലെങ്കിൽ “മാസ്” ആണെന്ന തെറ്റായ ധാരണയിൽ ജീവിക്കുന്ന യുവതലമുറയ്ക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംഭവവികാസങ്ങൾ.
സ്വന്തം മക്കൾ ലഹരിക്ക് അടിമപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടാൽ, അവർ സ്വയം മാറുമെന്ന് കരുതി കാത്തിരിക്കാതെ കൃത്യമായ ചികിത്സയും കൗൺസിലിംഗും ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. സമയോചിതമായ ഇടപെടൽ ഇല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവൻ തകർക്കാൻ വരെ ഇടയാക്കാം.
അതുപോലെ തന്നെ, സോഷ്യൽ മീഡിയയിലൂടെ വരുന്ന വ്യാജ സൗഹൃദങ്ങളും പ്രലോഭനങ്ങളും എത്രമാത്രം അപകടകരമാണെന്നതിന്റെ ഓർമ്മപ്പെടുത്തലുമാണ് ഈ സംഭവം. ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ ഒരു കുടുംബത്തിന്റെ സമാധാനവും വ്യക്തിയുടെ ഭാവിയും ജീവിതവും വരെ തകർക്കുന്ന ദുരന്തങ്ങളിലേക്ക് നയിച്ചേക്കാമെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകേണ്ട സമയമാണിത്.



