ബെംഗളൂരു: സ്ത്രീധന പീഡനാരോപണത്തെത്തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർത്താവിനെ നാഗ്പൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാരണ്യപുര ബി.ഇ.എൽ ലേഔട്ട് സ്വദേശി സൂരജ് ശിവണ്ണയാണ് (35) നാഗ്പൂരിലെ ഹോട്ടലിൽ തൂങ്ങിമരിച്ചത്. മകന്റെ മരണം കണ്ട് തളർന്ന അമ്മ ജയന്തിയും ജീവനൊടുക്കാൻ ശ്രമിച്ചു. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. സൂരജിന്റെ ഭാര്യ ഗനവി സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. വിവാഹം കഴിഞ്ഞ് കേവലം 45 ദിവസത്തിനുള്ളിലുണ്ടായ ഈ മരണം കൊലപാതകത്തിന് തുല്യമാണെന്നും, സ്ത്രീധനത്തിന്റെ പേരിൽ സൂരജും വീട്ടുകാരും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഗനവിയുടെ ബന്ധുക്കൾ ആരോപിച്ചു. ഗനവിയുടെ കുടുംബത്തിന്റെ പരാതിയിൽ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് കേസെടുത്തതോടെയാണ് കുടുംബം നാടുവിട്ടത്.
അറസ്റ്റ് ഭയന്ന് ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്കും പിന്നീട് നാഗ്പൂരിലേക്കും ഒളിവിൽ പോയതായിരുന്നു സൂരജും അമ്മയും സഹോദരൻ സഞ്ജയും. ഒളിവിൽ കഴിയുന്നതിനിടെയുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാകാം സൂരജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ഫാനിൽ സൂരജിനെ തൂങ്ങിയ നിലയിൽ കണ്ട ഞെട്ടലിലാണ് അമ്മ ജയന്തിയും ജീവനൊടുക്കാൻ തുനിഞ്ഞത്. സഹോദരൻ സഞ്ജയ് നൽകിയ വിവരമനുസരിച്ച് പോലീസ് സ്ഥലത്തെത്തിയാണ് ജയന്തിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ നാഗ്പൂർ പോലീസും ബെംഗളൂരു പോലീസും സംയുക്തമായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
English Summary:
Bengaluru was shaken by a tragic series of events after a newly married woman, Ganavi, died by suicide reportedly due to dowry harassment. Her husband, Suraj Shivanna (35) from Vidyaranyapura, who had been named an accused in the case along with his family, fled Bengaluru fearing arrest and went into hiding in Hyderabad and later Nagpur. While staying at a hotel in Nagpur, Suraj died by suicide, reportedly due to severe mental stress.
On learning about her son’s death, Suraj’s mother Jayanti attempted suicide and is currently hospitalized in critical condition but is said to be improving. The chain of tragedies began just 45 days after the wedding, with Ganavi’s family alleging that she faced both mental and physical harassment over dowry. Police from Nagpur and Bengaluru are conducting a joint investigation. The incident has once again sparked serious concern about the continuing social evil of dowry.



