കാസർഗോഡ്: ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ , കഴിഞ്ഞ നാല് ദിവസത്തിനിടെ കാസർഗോഡ് ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. നാല് പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 40 ഗ്രാമോളം മാരകമായ എം.ഡി.എം.എ.യും ആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. ലഹരികടത്തു സംഘത്തിലെ ആറ് പേർ അറസ്റ്റിലായി.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്’ എന്ന ലഹരിവിരുദ്ധ യജ്ഞം ജില്ലയിലെ യുവതലമുറയ്ക്ക് ഭീഷണിയുയർത്തുന്ന ലഹരിമാഫിയയ്ക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. ലഹരിക്കടത്തുകാരുടെ ഉറക്കം കെടുത്തിക്കൊണ്ടാണ് പോലീസിന്റെ ഓരോ നീക്കവും.
കാസർഗോഡ് പോലീസ് സ്റ്റേഷൻ: വാഹന പരിശോധനക്കിടെ ഓട്ടോയിൽ കടത്താൻ ശ്രമിച്ച 28.32 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിലായി. കാസർഗോഡ് ഷിറിബാഗിലു സ്വദേശികളായ ഉസ്മാൻ കെ. (43), അബ്ദുൽ റഹിമാൻ (55) എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തിന്റെ ഡ്രൈവർ സീറ്റിനടിയിലുള്ള സ്റ്റോറേജ് ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
വിദ്യാനഗർ പോലീസ് സ്റ്റേഷൻ: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരാളെ വിദ്യാനഗർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടി. ഇയാളിൽ നിന്നും 6 ഗ്രാം എം.ഡി.എം.എ.യും 6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. ഉളിയത്തടുക്ക സ്വദേശി മുഹമ്മദ് ഹനീഫ (34) ആണ് പിടിയിലായത്.

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ: വീട്ടിൽ ലഹരി സൂക്ഷിച്ചതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മുറിയാനാവി സ്വദേശി ഷാജഹാൻ അബൂബക്കർ (41) അറസ്റ്റിലായി. ഇയാളുടെ കിടപ്പുമുറിയിലെ ബാത്റൂമിൽ ഒളിപ്പിച്ച നിലയിൽ 3 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെടുത്തത്.
ബേക്കൽ പോലീസ് സ്റ്റേഷൻ: കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപത്ത് നിന്നും 1.95 ഗ്രാം എം.ഡി.എം.എ.യുമായി പയ്യന്നൂർ രാമദളി സ്വദേശികളായ പ്രജിത് എം (33), സജിത്ത് ടി (36) എന്നിവരെ ബേക്കൽ പോലീസ് പിടികൂടിയിരുന്നു.
ആകെ നാല് ദിവസത്തിനിടെ ആറ് പേരിൽ നിന്നുമായി 39.27 ഗ്രാം എം.ഡി.എം.എ.യും 6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
കാസർഗോഡ് പോലീസിന്റെ ഈ ലഹരിവിരുദ്ധ പോരാട്ടം അഭിനന്ദനീയമാണ്. ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ ദീർഘവീക്ഷണത്തോടുകൂടിയതുമായ ഇടപെടലുകളാണ് ലഹരിമാഫിയയുടെ നടുവൊടിക്കാൻ പോലീസിന് ഊർജ്ജം നൽകുന്നത് .
കാസർഗോഡ് എ.എസ്.പി. ഡോ. നന്ദഗോപൻ എം. ഐ.പി.എസ്., കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ശ്രീ. സുരേഷ് ബാബു, ബേക്കൽ ഡി.വൈ.എസ്.പി. മനോജ് വി. വി. എന്നിവരുടെ മേൽനോട്ടത്തിൽ, കാസർഗോഡ് ഇൻസ്പെക്ടർ നളിനാക്ഷൻ പി., വിദ്യാനഗർ ഇൻസ്പെക്ടർ ഷൈൻ കെ. പി., ഹൊസ്ദുർഗ് ഇൻസ്പെക്ടർ അനൂപ് കുമാർ ഇ., ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിലെ അംഗങ്ങളുടെയും പരിശ്രമമാണ് ഈ വൻവേട്ട സാധ്യമാക്കിയത്.
ലഹരിമുക്ത കാസർഗോഡ് എന്ന ലക്ഷ്യത്തിലേക്ക് പോലീസ് സേന അതിശക്തമായി മുന്നോട്ട് പോവുകയാണ് . ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനുള്ള പോലീസിന്റെ ദൃഢനിശ്ചയം പൊതുസമൂഹത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.
English Summary
Kasaragod Police have carried out a major anti-narcotics crackdown as part of the district-wide initiative ‘Operation Clean Kasaragod’, launched under the leadership of District Police Chief B.V. Vijay Bharat Reddy IPS. Over the last four days, police teams from four station limits seized 39.27 grams of MDMA and 6 grams of hybrid cannabis, arresting six members of drug distribution networks.
The operation, coordinated by specialized anti-narcotics squads, targeted transport routes, isolated hideouts, and suspicious individuals.
- Kasaragod Police arrested Usman K. and Abdul Rahiman after 28.32 g of MDMA was recovered from a hidden compartment inside an auto-rickshaw.
- Vidyanagar Police, assisted by the district anti-drug squad, detained Muhammad Haneef with 6 g of MDMA and 6 g of hybrid cannabis.
- Hosdurg Police arrested Shajahan Aboobacker, recovering 3 g of MDMA hidden in his bathroom.
- Bekal Police arrested Prajith M. and Sajith T. with 1.95 g of MDMA near Periya Central University during a vehicle inspection.
The coordinated effort involved the supervision of ASP Dr. Nandagopan IPS, DYSP Suresh Babu, DYSP Manoj V.V., and station inspectors across the district. Police state that the mission aims to dismantle drug networks end-to-end and ensure the safety of youth in Kasaragod.
Authorities reaffirm that the campaign will continue aggressively until the district becomes entirely drug-free.



