’16-ാമത്തെ വയസ്സിൽ പക്വത കൈവരിക്കുന്നു’; ജുവനൈൽ കേസുകളിൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി,16-ാമത്തെ വയസിൽ കുട്ടികൾക്ക് പക്വതവരുന്നതായിട്ടാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് കോടതി പറഞ്ഞു
തിരുവനന്തപുരം : കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ, പ്രായപൂർത്തിയാകാത്തവരുടെ ഉത്തരവാദിത്തം, ജുവനൈൽ നീതിന്യായ വ്യവസ്ഥ എന്നിവയെക്കുറിച്ച് പുതിയൊരു ചർച്ചയ്ക്ക് വഴിതുറക്കുന്നതാണ് കേരള ഹൈക്കോടതിയുടെ ശ്രദ്ധേയമായ പരാമർശം.
ജുവനൈൽ കേസുകളിൽ പ്രായപരിധി 16 വയസ്സായി കുറയ്ക്കുന്ന കാര്യം നിയമനിർമാണ സഭകൾ ഗൗരവമായി പരിഗണിക്കണമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് പക്വത കൈവരിക്കുന്നുണ്ടെന്ന നിരീക്ഷണവും കോടതി മുന്നോട്ടുവച്ചു .23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ഈ വിഷയം കോടതിയുടെ പരിഗണനയിലെത്തിയത്.
കേരളത്തിലെ ബാറുകളിലും മറ്റ് ലൈസൻസുള്ള സ്ഥാപനങ്ങളിലും 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് തടയാൻ നിയമപരമായ വ്യവസ്ഥകളുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന പരാതിയാണ് കോടതിയുടെ മുന്നിലെത്തിയത്.
കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകൾ പ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതിനും വിളമ്പുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. എന്നാൽ പ്രായപരിശോധന നടത്താതെ യുവാക്കൾക്ക് മദ്യം ലഭിക്കുന്ന സാഹചര്യം തുടരുകയാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
പ്രത്യേകിച്ച് മദ്യപിച്ച് വാഹനമോടിക്കുന്ന യുവാക്കൾ ഉൾപ്പെട്ട അപകടങ്ങളും മരണങ്ങളും ആശങ്കാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. 18 വയസ്സിൽ താഴെയുള്ളവർ പോലും മദ്യപാനത്തെത്തുടർന്ന് വാഹനാപകടങ്ങൾക്കും മാരകമായ അപകടങ്ങൾക്കും കാരണമായ സംഭവങ്ങൾ കോടതി ചൂണ്ടിക്കാട്ടി.
നെടുമ്പാശ്ശേരിയിൽ 19 വയസ്സുകാരൻ ഉൾപ്പെട്ട മിനി കൂപ്പർ വാഹനാപകടവും ഹർജിയുടെ പശ്ചാത്തലത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അപകടത്തിന് മുമ്പ് പ്രതികൾക്ക് എറണാകുളത്തെ വിവിധ ബാറുകളിൽനിന്ന് മദ്യം ലഭിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഈ സാഹചര്യത്തിലാണ് മദ്യവിൽപ്പന നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കൊപ്പം പ്രായപൂർത്തിയാകാത്തവരുടെ നിയമപരമായ ഉത്തരവാദിത്തത്തെക്കുറിച്ചും കോടതി ചർച്ചയ്ക്ക് വഴിതുറന്നത്.
ജസ്റ്റിസ് എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്. എക്സൈസ് കമ്മീഷണർ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളും തുടർനടപടികൾക്കുള്ള നിർദേശങ്ങളും ഉൾപ്പെടുത്തി വിശദീകരണം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് നവംബർ 24-ന് വീണ്ടും പരിഗണിക്കും.



