ബംഗളൂരു: രോഗം വന്നാൽ ആദ്യം ഓടിയെത്തുന്നത് സർക്കാർ ആശുപത്രികളിലേക്കാണ്. കയ്യിൽ പണമില്ലെങ്കിലും ചികിത്സ കിട്ടുമെന്ന പ്രതീക്ഷയിൽ സർക്കാർ ആശുപത്രികളുടെ വാതിൽക്കൽ എത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരുണ്ട്. എന്നാൽ അവിടെനിന്ന് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികളിലേക്ക് വഴിതിരിച്ചുവിടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. ഈ ചൂഷണത്തിന് അറുതിവരുത്താൻ ശക്തമായ നിയമനടപടി വേണമെന്ന കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദറിന്റെ നിർദേശം വലിയ പ്രതീക്ഷ നൽകുന്നതാണ്.

സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ അനാവശ്യമായി സ്വകാര്യ ആശുപത്രികളിലേക്ക് വഴിതിരിച്ചുവിടുന്നവർക്കെതിരെ 10 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കർശന നടപടിയാണ് യു.ടി. ഖാദർ മുന്നോട്ടുവെച്ചിരിക്കുന്നത്. ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെ സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് ഇരയാക്കുന്ന പ്രവണത തടയിടാനുള്ള നിയമനിർമ്മാണത്തിനുള്ള ശുപാർശയാണ് നൽകിയിരിക്കുന്നത്
ഒരു കുടുംബത്തിൽ ഒരാൾക്ക് ഗുരുതരമായ രോഗം വന്നാൽ ആ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറപോലും തകരുന്ന സാഹചര്യമുണ്ട്. കടം വാങ്ങിയും ആഭരണങ്ങൾ പണയംവെച്ചും ചികിത്സയ്ക്കായി പണം കണ്ടെത്തുന്നവരാണ് നമ്മുടെ നാട്ടിലെ സാധാരണക്കാർ. അത്തരമൊരു സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ലഭിക്കേണ്ട ചികിത്സ അനാവശ്യമായി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റപ്പെടുകയാണെങ്കിൽ അത് രോഗിയോടും കുടുംബത്തോടും ചെയ്യുന്ന വലിയ അനീതിയാണ്.
സർക്കാർ ആശുപത്രികൾ പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അവിടെ എത്തുന്ന ഓരോ രോഗിക്കും അർഹമായ ചികിത്സ ലഭിക്കേണ്ടത് ഔദാര്യമല്ല, അവകാശമാണ്. അടിയന്തരമായും വൈദ്യശാസ്ത്രപരമായും ആവശ്യമായ സാഹചര്യങ്ങളിൽ സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിന് തടസ്സമില്ല. എന്നാൽ കമ്മീഷൻ താൽപര്യങ്ങൾക്കോ മറ്റേതെങ്കിലും സ്വകാര്യ ലാഭത്തിനോ വേണ്ടി രോഗികളെ വഴിതിരിച്ചുവിടുന്ന പ്രവണത ഒരുതരത്തിലും അംഗീകരിക്കാനാവില്ല.
ഈ വിഷയത്തിൽ യു.ടി. ഖാദർ സ്വീകരിച്ച നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണ് , അധികാരസ്ഥാനത്തിരിക്കുന്നവർ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരത്തിനായി ശബ്ദമുയർത്തുമ്പോഴാണ് ജനാധിപത്യ സംവിധാനങ്ങളിലുള്ള വിശ്വാസം ശക്തമാകുന്നത്. ആരോഗ്യരംഗത്തെ ചൂഷണത്തിനെതിരെ ഇത്രയും ഗൗരവമുള്ള ശിക്ഷാനടപടി മുന്നോട്ടുവെക്കുന്നത് സാധാരണക്കാരുടെ ചികിത്സാവകാശത്തിന് വലിയ പ്രാധാന്യം നൽകുന്ന സമീപനമാണ്.
രോഗിയുടെ നിസ്സഹായത ആരുടെയും വരുമാനമാർഗമാകരുത്. പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുത്.
ഈ നിർദേശം നിയമമായി മാറുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്താൽ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാൻ കഴിയും. അതോടൊപ്പം രോഗികളെ അനാവശ്യമായി സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുന്നവർക്കെതിരെ ഫലപ്രദമായ പരാതിപരിഹാര സംവിധാനവും നിലവിൽ വരും
യു.ടി. ഖാദറിന്റെ ഈ നിർദേശം കർണാടകയുടെ ആരോഗ്യരംഗത്ത് മാത്രമല്ല, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകേണ്ടതാണ്. രാഷ്ട്രീയത്തിനും അധികാരത്തിനും അപ്പുറം മനുഷ്യജീവനും സാധാരണക്കാരന്റെ അവകാശങ്ങൾക്കും വിലകൽപ്പിക്കുന്ന ഇത്തരം ഇടപെടലുകളാണ് ജനങ്ങൾ ഭരണാധികാരികളിൽനിന്ന് പ്രതീക്ഷിക്കുന്നത്.
ചികിത്സ പണമുള്ളവന്റെ മാത്രം അവകാശമല്ല. ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുള്ളതാണ്. ആ അവകാശത്തിന് കാവലാകുന്ന യു.ടി. ഖാദറിന്റെ നിലപാടിന് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.



